SignIn
Kerala Kaumudi Online
Wednesday, 22 July 2026 9.44 PM IST

കൊടുംക്രൂരത; പനി കാരണം ഗ്രൗണ്ടിൽ വരാത്തതിന് വിദ്യാർത്ഥിയെ തല്ലിച്ചതച്ച് കായികാദ്ധ്യാപകൻ, കേസ്

READ ENGLISH VERSION
ptteacher-assault-student
കായികാദ്ധ്യാപകൻ രഘു, മർദനമേറ്റ വിദ്യാർത്ഥി

കണ്ണൂർ: സ്‌കൂൾ ഗ്രൗണ്ടിൽ വച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച കായികാദ്ധ്യാപകനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. തായിനേരി എസ്‌എബിടിഎം ഹൈസ്‌കൂളിലെ അദ്ധ്യാപകനായ രഘുവിനെതിരെയാണ് നടപടി.

കഴിഞ്ഞ മാസം 22ന് രാവിലെ 11 മണിയോടെ സ്‌കൂൾ ഗ്രൗണ്ടിൽ വച്ചാണ് രഘു കുട്ടിയെ മർദിച്ചത്. പനിയായിരുന്നതിനാൽ പിടി പിരീഡിൽ കുട്ടി ഗ്രൗണ്ടിൽ എത്തിയിരുന്നില്ല. ഇതിന്റെ പേരിൽ ക്രൂരമായി മർദിച്ചുവെന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്. അടിയേറ്റ കുട്ടി പ്രതികരിക്കാതിരുന്നതിന് തൊണ്ടയിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കാൻ നോക്കിയതായും ഭിത്തിയിലേക്ക് തള്ളിയതായും അവർ ആരോപിച്ചു. മർദനമേറ്റ കുട്ടിക്ക് ഉമിനീര് പോലും ഇറക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഭക്ഷണം കഴിക്കാനാവാതെ കരയുന്നത് കണ്ട് ചോദിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞതെന്നും മാതാവ് പറഞ്ഞു.

കുട്ടി ആശുപത്രിയിലായിരുന്ന സമയത്ത് സ്‌കൂൾ അധികൃതരെത്തി സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയതായി കുട്ടിയുടെ മാതാവ് ആരോപിച്ചു. വീട്ടുകാർ ആദ്യം പയ്യന്നൂർ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് ഡിവൈഎസ്‌പി ഓഫീസിലെത്തി പരാതി നൽകി. തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. വിദ്യാർത്ഥിയെ തടഞ്ഞുനിർത്തി കൈകൊണ്ടും വടികൊണ്ടും തല്ലി പരിക്കേൽപ്പിച്ചു എന്നാണ് എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്നത്.

ഭാരതീയ ന്യായ സംഹിതയിലെ 126(2), 115 (2), 118 (1) എന്നീ വകുപ്പുകൾക്ക് പുറമേ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള ജുവനൈൽ ജസ്റ്റിസ് ആക്‌ടിലെ 75-ാം വകുപ്പും അദ്ധ്യാപകനെതിരെ ചുമത്തിയിട്ടുണ്ട്. വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്നലെയാണ് കേസെടുത്തത്. പ്രതിയായ അദ്ധ്യാപകനെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. കുട്ടിയുടെ ബന്ധുക്കൾ ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STUDENT BEATEN, SPORTS TEACHER, SCHOOL ASSAULT, STUDENT ABUSE, VIDYARTHIYE THALLIYA CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY