SignIn
Kerala Kaumudi Online
Sunday, 28 June 2026 3.04 AM IST

ലളിതം, പ്രതിഭാ സുന്ദരം

menon1

കഥയും കഥാപാത്രങ്ങളും കൂട്ടുകൂടി കാഴ്ചകളൊരുക്കിയ കാലം തമിഴകത്തിന് സമ്മാനിച്ച പ്രതിഭയാണ് കെ.ഭാഗ്യരാജ്. പച്ചപ്പരമാർത്ഥങ്ങളുടെ കാണാപ്പുറങ്ങളിലേക്കാണ് ക്യാമറക്കാഴ്ചകൾ കൂട്ടിക്കൊണ്ടുപോയത്. അതുകൊണ്ട് ആ സിനിമകൾ മലയാളത്തിന്റെ കൂടി സ്വന്തമായി. സിനിമയെ ബുദ്ധികൊണ്ടല്ല, ഹൃദയം കൊണ്ടാണ് പകർത്തേണ്ടതെന്ന തിരിച്ചറിവുണ്ടായിരുന്നു. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, മുഖ്യനടൻ എന്നിങ്ങനെ വഴങ്ങാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ച സകലകലാവല്ലഭനായിരുന്നു അദ്ദേഹം.

തമിഴ് സിനിമ മെലോഡ്രാമയിൽ ആറാടിയ കാലം. നെടുങ്കൻ ഡയലോഗും അതിനാടകീയ അവതരണരീതിയും ഇല്ലാതെ അന്ന് തമിഴ് സിനിമ സങ്കൽപ്പിക്കാനാകില്ല. ആ സിനിമാരംഗത്തേക്കാണ് രംഗപ്രവേശം. ലാളിത്യമായിരുന്നു ആ സിനിമകളുടെ സവിശേഷത. ഭ്രാന്തമായി സിനിമയെ സ്‌നേഹിക്കുന്ന തമിഴ് പ്രേക്ഷകർ ഭാഗ്യരാജിലൂടെ വന്ന ആ ലാളിത്യത്തെ നെഞ്ചേറ്റി. നവാഗതരായ നടീനടന്മാർക്കും ടെക്നീഷ്യന്മാർക്കും നിർലോഭമായി അവസരം നൽകി.

ഭാരതിരാജയും ഭാഗ്യരാജും ഒരേ സമയത്താണ് വിടപറയുന്നത്. 'ചുവപ്പുറോജാക്കൾ' എന്ന സിനിമയിൽ ഭാരതിരാജയ്‌ക്കൊപ്പം ഭാഗ്യരാജും ഉണ്ടായിരുന്നു. കമൽഹാസനാണ് നായകൻ. സിനിമയിൽ ടോയ്ലറ്റിലെ ഒരു രംഗമുണ്ട്. കമൽഹാസൻ കയറുമ്പോൾ അവിടെ മൂത്രമൊഴിച്ചു നിൽക്കുന്ന യുവാവിനെ ആദ്യകാഴ്ചയിലേ ഞാൻ ശ്രദ്ധിച്ചു. പിന്നീടാണ് അറിയുന്നത് അത് ഭാഗ്യരാജാണെന്ന്. അതാണ്, ചെറിയൊരു വേഷം കൊണ്ടും മനസിൽ പതിയാനുള്ള പ്രതിഭാവിലാസം. ഭാര്യ പൂർണിമ എന്റെ പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്റെ 'അമ്മയാണേ സത്യം' തമിഴിൽ നിർമ്മിക്കാൻ ഭാഗ്യരാജിന് ആഗ്രഹമുണ്ടായിരുന്നു. ദൗർഭാഗ്യവശാൽ നടന്നില്ല. ഇപ്പോൾ ഒരു സിനിമാ പ്രൊജക്ടിലേക്ക് ഭാഗ്യരാജിനെയും പൂർണിമയെയും ദമ്പതികളായി അഭിനയിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഭാഗ്യരാജിനെ മനസിൽ കണ്ട് ഒരുക്കിയ സീനുകൾ. പകരം ആരെ ആ റോളിലേക്ക് കാസ്റ്റ് ചെയ്യണമെന്ന് ചിന്തിക്കാനാകുന്നില്ല. ഈ മരണം ഒരു ഷോക്കിംഗ് ന്യൂസാണ്. ചെന്നൈയിലേക്ക് പോകുന്നുണ്ട്. ഈ വേർപാട് നേരിടാനുള്ള കരുത്ത് പൂർണിമയ്ക്ക് ദൈവം നൽകട്ടെ...

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BHARATHIRAJA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA