
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരത്തിന്റെ മുംബയ് ഷെഡ്യൂളിൽ മോഹൻലാൽ ജോയിൻ ചെയ്തു. മുംബയ് ഷെഡ്യൂളിനു ശേഷം അഞ്ചുദിവസം തൊടുപുഴയിലും ചിത്രീകരണമുണ്ട്. ഇതിനുശേഷം പാക്കപ്പ് ആകും. സെപ്തംബർ 7ന് വിഷ്ണു മോഹൻ ചിത്രത്തിന്റെ ജോർജിയയിലെ ലൊക്കേഷനിൽ മോഹൻലാൽ ജോയിൻ ചെയ്യും. ജോർജിയയാണ് പ്രധാന ലൊക്കേഷൻ.
കേരളത്തിലും ഏതാനും ദിവസത്തെ ചിത്രീകരണമുണ്ട്. തെന്നിന്ത്യൻ താരം ഭാഗ്യശ്രീ ബോർസ ആണ് എൽ 376 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൽ നായിക. ദേശീയ പുരസ്കാര ജേതാവ് ശാശ്വത് സച്ച്ദേവ് ആണ് സംഗീതം ഒരുക്കുന്നത്. ധുരന്ദറിലൂടെ ഇന്ത്യൻ സിനിമയിൽ തരംഗം തീർത്തതാണ് ശാശ്വത്. പുഷ്പ ദ റൈഡ്, പുഷ്പ 2 ദ റൂൾ തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച പോളിഷ് ഛായാഗ്രാഹകൻ മിററോസ്ളാ കുബ ബ്രോസെക്കാണ് ക്യാമറ.
ബോളിവുഡിൽ നിന്നും വിദേശത്തു നിന്നുമുള്ള താരങ്ങൾ അണിനിരക്കുന്നു. പഹൽഗാം ഭീകരാക്രമണങ്ങളും തുടർ നടപടിക്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വിഷ്ണുമോഹൻ തന്നെയാണ് രചന. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. മേപ്പടിയാൻ എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ സംവിധായകനാണ് വിഷ്ണു മോഹൻ. അനൂപ് സത്യൻ, ജീത്തു ജോസഫ്, സത്യൻ അന്തിക്കാട്, പ്രിയദർശൻ, ജൂഡ് ആന്തണി ജോസഫ്, ക്രിഷാന്ത് എന്നിവരുടെ ചിത്രങ്ങളാണ് മോഹൻലാലിനെ കാത്തിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |