SignIn
Kerala Kaumudi Online
Wednesday, 17 June 2026 7.28 AM IST

കൂട്ടുകാരന് അസുഖം വന്നപ്പോൾ പത്ത് ലക്ഷം കൊടുത്തു; മണിയുടെ മരണത്തിന് കാരണം ബിയറോ? വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥൻ

READ ENGLISH VERSION
mani

2016 മാർച്ചിലാണ് നടൻ കലാഭവൻ മണി അന്തരിച്ചത്. വീടിന് സമീപത്തുള്ള പാഡിയിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുമുണ്ടായിരുന്നു. തുടർന്ന് മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കളും ആരാധകരുമൊക്കെ രംഗത്തെത്തുകയും ചെയ്തു. സി ബി ഐ വരെ കേസ് അന്വേഷിച്ചു.

മരണവുമായി ബന്ധപ്പെട്ടുയർന്ന പ്രധാന ചോദ്യം വിഷാംശം എങ്ങനെ മണിയുടെ ശരീരത്തിലെത്തിയെന്നതായിരുന്നു. ഇപ്പോഴിതാ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കലാഭവൻ മണിയുടെ മരണത്തിന് പിന്നിലെ യാഥാർത്ഥ്യം വെളിപ്പെടുത്തിയിരിക്കുകയാണ് കേസന്വേഷിച്ച ടീമിലുണ്ടായിരുന്ന പി എൻ ഉണ്ണിരാജൻ ഐ പി എസ്.

പല തവണ മണിയുടെ പാഡിയിൽ പോകുകയും അതിന്റെ പരിസരത്തുനിന്ന് കിട്ടിയ വസ്തുക്കളൊക്കെ വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നുവെന്ന് ഉണ്ണിരാജൻ ഐ പി എസ് പറയുന്നു. "മണി മരിക്കുന്നതിന് തലേദിവസം അവിടെയെത്തിയ ജാഫർ ഇടുക്കി, തരികിട സാബു അടക്കമുള്ളവരുടെ വിശദമായ മൊഴിയെടുത്തു. മണിയുടെ രക്ത പരിശോധനാ റിപ്പോർട്ടിൽ മീഥൈൽ ആൽക്കഹോളിന്റെ അംശം ഉണ്ടായിരുന്നു. സാധാരണയായി മദ്യപിക്കുമ്പോൾ ഈഥൈൽ ആൽക്കഹോളിന്റെ ആംശമാണ് ഉണ്ടാകാറുള്ളത്. മീഥൈൽ ആൽക്കഹോൾ സാധാരണയായി പെയിന്റ് റിമൂവറിലും മറ്റുമാണ് കണ്ടുവരുന്നത്. അതിനെ സർജിക്കൽ സ്പിരിറ്റെന്നാണ് പറയുന്നത്.

100 മില്ലി ലിറ്റർ രക്തത്തിൽ 30 മില്ലി ഗ്രാമിൽ കൂടുതൽ മീഥൈൽ ആൽക്കഹോളിന്റെ അംശം ഉണ്ടെങ്കിൽ അത് അപകടകരമാണ്. വീട്ടിലും മറ്റും ചാരായം വാറ്റുമ്പോൾ പല സാധനങ്ങളും ഇടാറുണ്ട്. അതിൽ ചിലപ്പോൾ മീഥൈൽ ആൽക്കഹോളിന്റെ സാന്നിദ്ധ്യം ഉണ്ടാകാം.മണിയുടെ രക്തത്തിൽ ചില പെസ്റ്റിസൈഡിന്റെയും അംശം ഉണ്ടായിരുന്നു. മീഥൈൽ ആൽക്കഹോളും പെസ്റ്റിസൈഡും എങ്ങനെ രക്തത്തിലെത്തിയെന്ന് അന്വേഷിച്ചു.

മണി ടൂറിന് പോകുമ്പോഴോ മറ്റോ ചാരായം കുടിച്ചിട്ടുണ്ടോയെന്നും, അടുത്തെങ്ങാനും ഏതെങ്കിലും സുഹൃത്തുക്കൾ ചാരായം നൽകിയിട്ടുണ്ടോയെന്നൊക്കെ അന്വേഷിച്ചു. എന്നാൽ അതിനെ സംബന്ധിച്ച് വിവരമൊന്നും കിട്ടിയില്ല. മണി പച്ചയ്ക്ക് പച്ചക്കറി ധാരാളം കഴിക്കാറുണ്ട്. കീടനാശിനി അടിച്ച പച്ചക്കറി വഴി പെസ്റ്റിസൈഡ് ശരീരത്തിലെത്തിയോ എന്ന് ഊർജിതമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സംഭവ ദിവസം ഇറച്ചിയോ ചാരായമോ ഒന്നും കഴിച്ചതായി തെളിവില്ല. സമീപകാലത്തായി ബിയർ മാത്രമായിരുന്നു കഴിച്ചിരുന്നത്.

മണി ഒരു ക്രോണിക് ഡയബറ്റിക് പേഷ്യന്റായിരുന്നു. മരുന്ന് കഴിക്കുന്നുണ്ട്. ഡോക്ടർ നാലോ അഞ്ചോ വർഷം മുമ്പ് എഴുതിയ മരുന്നാണ്. തുടർച്ചയായി ഉപയോഗിച്ചു. ഡോക്ടറെ കാണാൻ പോയില്ല. ഈ മരുന്നിനൊപ്പം മദ്യം കഴിക്കരുത്. അങ്ങനെവന്നാൽ ഇവ തമ്മിൽ രാസപ്രക്രിയ ഉണ്ടായി ആരോഗ്യത്തെ ബാധിക്കും. മണി ശാരീരികമായി വീക്ക് ആകാൻ തുടങ്ങിയിരുന്നു. ആരോഗ്യം മോശമായതോടെ ഷർട്ടിനുള്ളിൽ ഒന്നോ രണ്ടോ സ്വെറ്റർ പോലുള്ള ബനിയൻ ഇട്ടായിരുന്നു പുറത്തുപോയിരുന്നത്. പ്രമേഹം വല്ലാതെ കീഴ്‌പ്പെടുത്തിയെങ്കിലും ആരോടും പറഞ്ഞില്ല.

മണി ദിവസവും പന്ത്രണ്ടും പതിമൂന്നും കുപ്പി ബിയറാണ് കുടിച്ചിരുന്നത്. കുടിച്ചിരുന്ന ബിയറിന്റെ കുപ്പികളെല്ലാം ശേഖരിച്ച് കെമിക്കൽ അനാലിസിസിന് അയച്ചു. ഈ റിസൽട്ടിൽ ബിയറിൽ ചെറിയ രീതിയിൽ മീഥൈൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തി. അതിനുശേഷം തിരുവനന്തപുരത്ത് മെഡിക്കൽ ബോർഡ് കൂടി എന്ത് കൊണ്ട് മരണം സംഭവിച്ചെന്നതിനെക്കുറിച്ച് ഡീറ്റെയിലായി ചർച്ച ചെയ്തു.

സന്തത സഹചാരിയും സുഹൃത്തുമായിരുന്ന ഒരാൾക്ക് ലിവറിന് അസുഖം വന്നപ്പോൾ പത്ത് ലക്ഷം രൂപ കൊടുത്ത് സഹായിച്ച മണി, സ്വന്തം അസുഖത്തിന്റെ കാര്യം അവഗണിച്ചു. ലിവർ സിറോസിസായിരുന്നു മണിയുടെ മരണത്തിന് കാരണം. ലിവർ പൊട്ടി കഴുത്തിലുള്ള നേർവ്സിന് പലപ്പോഴും ബാൻഡിംഗ് നടത്തേണ്ടി വന്നിരുന്നു. രക്തം ഛർദിച്ചിരുന്നെങ്കിലും ബിയർ കുടി അവസാനിപ്പിച്ചില്ല. സംഭവ ദിവസമായ മാർച്ച് അഞ്ചിനും നാലിനും മൂന്നിനുമൊക്കെ ബിയർ കുടിച്ചു. ബിയറിൽ മീഥൈലിന്റെ ചെറിയ അംശമേ ഉള്ളൂവെങ്കിലും അത് കൂടുതലായി ഉപയോഗിക്കുമ്പോൾ ശരീരത്തിൽ മീഥൈൽ ആൽക്കഹോളിന്റെ കണ്ടന്റ് കൂടുകയാണ്. അറിയാതെയാണെങ്കിലും മരണം വിലകൊടുത്ത് വാങ്ങുകയായിരുന്നു.'- ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALABHAVAN MANI, KALABHAVAN MANI DEATH INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY