
സിനിമയുടെ തിരശീലയിൽ തിളങ്ങിനിന്ന സാമന്തയുടെ മടങ്ങിവരവ് ഏതൊരു പ്രേക്ഷകനെയും അമ്പരപ്പിക്കുന്നതായിരുന്നു. വെല്ലുവിളികളും പരിഹാസങ്ങളും നിറഞ്ഞ പാതയിലൂടെ സഞ്ചരിച്ച താരം, ബി.വി.നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത 'മാ ഇൻടി ബങ്കാരം' എന്ന ഒറ്റച്ചിത്രത്തിലൂടെ ചരിത്രം തിരുത്തിക്കുറിച്ചു. നായകൻ ഇല്ലാതെ നായിക കേന്ദ്രീകൃത സാമന്ത ചിത്രം വെറും പതിനഞ്ച് ദിവസങ്ങൾക്കുള്ളിൽ നൂറു കോടി ക്ലബ്ബിൽ ഇടംപിടിച്ചു. തെലുങ്ക് സിനിമാ ചരിത്രത്തിൽ ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യത്തെ നായികയായി സാമന്ത മാറി. സാരിയിൽ സ്റ്റൈലിഷ് ആക്ഷനുമായി മാത്രമല്ല,നിഷ്കളങ്കയായ നവവധുവായും എത്തുന്നു. തിയേറ്ററുകളിൽ ഉയർന്നു കേട്ട ആർപ്പുവിളികൾക്കിടയിൽ സാമന്തയുടെ കണ്ണുകളിൽ ആനന്ദക്കണ്ണീർ നിറഞ്ഞുനിന്നു. ആ വിജയം ആഘോഷിക്കുമ്പോൾ, തകർച്ചയെ ചാരമാക്കി ഫീനിക്സ് പക്ഷിയെപ്പോലെ ഉയർന്ന സാമന്തയുടെ വാക്കുകൾ ഇതായിരുന്നു: "മാറ്റം സംഭവിക്കണമെങ്കിൽ ആരെങ്കിലും റിസ്ക് എടുക്കണം. ഇത്തവണ അത് ഞാനാണ്." സ്വന്തം നിർമ്മാണ കമ്പനിയായ 'ട്രലാല മൂവിങ് പിക്ചേഴ്സ്’വഴി ആണ് തിളക്കം. നായികമാരെ മുൻനിർത്തി വലിയ വിജയങ്ങൾ നേടാനാവില്ല എന്ന് കരുതിയവരുടെ എല്ലാം വായടപ്പിച്ചു സാമന്ത. ഈ വിജയത്തിന് പിന്നിൽ കണ്ണീരും പ്രതിസന്ധികളും നിറഞ്ഞ യാത്രയുണ്ട്. ഒരു ഘട്ടത്തിൽ നാഗ ചൈതന്യയുമായുള്ള ആദ്യ വിവാഹം തകർന്നപ്പോൾ പലരും സാമന്തയെ കുറ്റപ്പെടുത്തി.
പുതിയ ഘട്ടം
ആ തളർച്ചയിൽ നിന്ന് 'ദ ഫാമിലി മാൻ 2' വെബ് സീരിസിലെ 'രാജി' എന്ന വേഷത്തിലൂടെ വീണ്ടും തിളങ്ങി. രാജിക്ക് ലഭിച്ച കൈയടികൾക്കിടയിലാണ് 'മയോസൈറ്റിസ്' എന്ന അപൂർവ്വ രോഗം ബാധിച്ചതായി സാമന്ത അറിയുന്നത്. ശരീരവും മനസും തളർന്ന ആ നാളുകളിൽ സാമന്തയുടെ സിനിമാജീവിതം അവസാനിച്ചെന്ന് പലരും വിധിയെഴുതി. വേദനകളുടെയും ചികിത്സകളുടെയും നാളുകളിൽ ഒറ്റപ്പെട്ടുപോയെങ്കിലും, അതിജീവനത്തിന്റെ പാതയിൽ സാമന്ത തനിച്ചായിരുന്നില്ല. രോഗത്തെ പോരാടി തോൽപ്പിച്ചു മടങ്ങിയെത്തി , ജീവിതത്തിൽ പുതിയൊരു തുടക്കത്തിന് തയ്യാറായി. തനിക്കൊപ്പം നിന്ന പങ്കാളിയും ദ ഫാമിലി മാൻ സീരിസുകളുടെ സംവിധായകരിൽ ഒരാളുമായ രാജ് നിഡിമോരുമായി പുതിയ വിവാഹജീവിതത്തിലേക്ക് കടന്ന സാമന്ത ഇപ്പോൾ മാതൃത്വത്തിലേക്ക് കാലെടുത്തു വെക്കാൻ ഒരുങ്ങുന്നു. രാജിന്റെ വരവിനു മുൻപും ശേഷവുമായി സാമന്തയുടെ കരിയറിനെ വിശേഷിപ്പിക്കുന്നവരുണ്ട്.മാ ഇൻടി ബങ്കാരത്തിന്റെ തിരക്കഥ പങ്കാളിയും നിർമ്മാണ പങ്കാളിയും രാജ് ആണ്. രാജ് നൽകുന്ന വിവാഹസമ്മാനം എന്ന് വിശേഷിപ്പിക്കുന്നതാകും കൂടുതൽ ശരി. ജീവിതത്തിൽ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച് സാമന്തയുടെ വാക്കുകൾ ഇങ്ങനെയാണ്.
ഇത് എന്റെ ജീവിതത്തിലെ പുതിയ ഘട്ടവും അതുപോലെ ആവേശകരവുമായ ഒന്നാണ് . കുറച്ചു നാളായി ഈ നിമിഷത്തിന് കാത്തിരിക്കുകയായിരുന്നു. അമ്മ ആകണമെന്നാഗ്രഹം എനിക്ക് എപ്പോഴും ഉണ്ടായിരുന്നു.അതു കൊണ്ടു തന്നെ ഇതിനുവേണ്ടി എന്റെ എല്ലാം നൽകും. പുതിയ ഒരു തരം ശക്തിയും ലക്ഷ്യവും എന്നിൽ നിറയുന്നതായി തോന്നുന്നു. ഈ യാത്രയ്ക്ക് ഞാൻ ഒരുപാട് ആകാംക്ഷയോടെ കാത്തിരിക്കുന്നു. സാമന്തയുടെ വാക്കുകൾ. ഒരേസമയം മാതൃത്വവും കരിയറും ചേർത്തുപിടിച്ച് മുന്നേറുന്ന സാമന്ത ഇന്ന് സിനിമാ ലോകത്ത് ഒരു പ്രചോദനമായി ജ്വലിച്ചുനിൽക്കുന്നു. മാതൃത്വത്തിന്റെ പടിവാതിൽ നിൽക്കുമ്പോഴും താൻ കരുത്തുറ്റതാണെന്ന് തെളിയിച്ച ആരാധകരുടെ സാം, സിനിമാ മേഖലയിലെ സ്ത്രീ പ്രാതിനിധ്യത്തിന് ഒരു പുതിയ പാത തുറന്നിട്ടിരിക്കുന്നു. സാമന്തയുടെ മടങ്ങിവരവ് ചരിത്രത്തിലെത്താൻ പോകുന്നത് അതിജീവനത്തിന്റെ ഏറ്റവും വലിയ കഥകളിൽ ഒന്നായിട്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |