
ആദ്യമായി അഭിനയിച്ച സിനിമ: കഥ അറിയാതെ. ആ സിനിമയുടെ ടൈറ്റിൽ പോലെ തന്നെയായിരുന്നു റാണി പദ്‌മിനിയുടെ ജീവിതവും അന്ത്യവും. 'സംഘർഷ'ഭരിതമായ ജീവിതം. ഇവിടെയും റാണി പദ്‌മിനിയുടെ സിനിമയുടെ പേര് കടന്നുവരുന്നു. മലയാള സിനിമാലോകം നടുങ്ങിയ ദാരുണമായ ആ കൊലപാതകം നടന്നിട്ട് ഒക്ടോബർ 15ന് 40 വർഷം തികയും. ഒരു ആന്റിക്ളൈമാക്സ് വന്നുചേർന്നപ്പോൾ ദുരന്തപര്യവസായിയായ ഒരു സിനിമ പോലെയായി റാണി പദ്‌മിനിയുടെ ജീവിതം. അതിസുന്ദരിയായ റാണി പദ്‌മിനിയെ കാത്തിരുന്നത് ദാരുണമായ അന്ത്യം, നടുക്കുന്നത്ര ക്രൂരതകൾ.
കുട്ടിത്തം മാറാത്ത മുഖവും ചിരിയുടെ തിളക്കവും കണ്ണുകളിലെ പ്രണയഭാവവും എൺപതുകളിൽ മലയാളത്തിന്റെയും തെന്നിന്ത്യയുടെയും സ്‌ക്രീനിൽ നിറഞ്ഞപ്പോൾ ആരാധകർ ഏറ്റെടുത്തു. പലപ്പോഴും ഒരേതരം കഥാപാത്രങ്ങൾ. എന്നാൽ കഥാപാത്രങ്ങൾ ശരീരപ്രദർശനം ആവശ്യപ്പെടുന്നവയായിരുന്നു. 24-ാം വയസിൽ മരിക്കുന്നതുവരെ അഞ്ചുവർഷത്തെ കരിയറിൽ നിരവധി അവസരങ്ങൾ. പണം, പ്രശസ്തി എല്ലാം തേടിയെത്തി.
എന്നാൽ പ്രശസ്തിയിൽ നിൽക്കെ റാണി പദ്‌മിനി കൊല്ലപ്പെട്ടു. ഒപ്പം അമ്മ ഇന്ദിര കുമാരിയും. കൊലപാതകികളെ പിടികൂടിയപ്പോൾ തുടങ്ങിയ അഭ്യൂഹങ്ങൾ അഭ്യൂഹങ്ങളായി ഒടുങ്ങി. ക്വൊട്ടേഷൻ കൊലപാതകമെന്നും ഒരു ഉന്നതന് പങ്കുണ്ടെന്നും സിനിമാവൃത്തങ്ങൾ അടക്കം പറഞ്ഞു. കുറെയധികം അപസർപ്പക കഥകൾ തന്നെ റാണി പദ്‌മിനിയെ ചുറ്റിപ്പറ്റി ഉണ്ടായി.
ഇന്ദിര കുമാരിയുടെ സ്വപ്നം
ചെന്നൈ ആകുന്നതിന് മുൻപത്തെ മദ്രാസിലേക്ക് സിനിമ സ്വപ്നം കണ്ട ഇന്ദിര കുമാരി തിരുവനന്തപുരത്തുനിന്ന് ട്രെയിൻ കയറുന്നതാണ് ഫ്ളാഷ് ബാക് . ഡബ്ബിംഗ് ആർട്ടിസ്റ്റായി ജോലി ചെയ്യവേ ചൗധരി എന്ന മാർവാടിയെ പരിചയപ്പെടുന്നു. ആ ബന്ധത്തിൽ പിറന്ന മകളാണ് റാണി പദ്‌മിനി. തന്റെ സ്വപ്നങ്ങൾ എല്ലാം യാഥാർത്ഥ്യമാക്കാൻ മകളിലൂടെ ഇന്ദിര കുമാരി ശ്രമം ആരംഭിച്ചു.
ഹിന്ദി സിനിമയിൽ അഭിനയിക്കാൻ ബോംബെയിൽ എത്തിയെങ്കിലും കാര്യമായ അവസരം ലഭിച്ചില്ല. മടങ്ങി എത്തി റാണി പദ്‌മിനി മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമകളിൽ അഭിനയിച്ചു. രണ്ടാമത്തെ സിനിമ സംഘർഷത്തിൽ അഭിനയിക്കുമ്പോൾ സംവിധായകൻ പി.ജി. വിശ്വംഭരൻ റാണിയോടൊപ്പം പദ്‌മിനി കൂടി ചേർത്തു. അക്കാലത്ത് 'റാണിമാർ" അരങ്ങുവാഴുകയായിരുന്നു. പിന്നെ ' ' നല്ല സമയം" തുടങ്ങി. നായിക, സഹനായിക വേഷങ്ങളിൽ തിളങ്ങി. തേനും വയമ്പും, താറാവ്, തുഷാരം, പറങ്കിമല, അനുരാഗക്കോടതി, കുയിലിനെത്തേടി, അതിരാത്രം തുടങ്ങി ശ്രദ്ധേയ ചിത്രങ്ങൾ. സംഘർഷം സിനിമയിൽ ബലാത്സംഗ സീനിൽ അഭിനയിച്ചതോടെ കരിയർ ഒരു സെക്‌സി ഗേൾ ഇമേജിൽ കുടുങ്ങാൻ കാരണമായിത്തീർന്നു. നഗ്നനതാപ്രദർശനം പലപ്പോഴും വിമർശനങ്ങൾക്ക് വഴിതുറന്നു. എന്നാൽ പണത്തിനും പ്രശസ്തിക്കുംവേണ്ടി അത്തരം വേഷങ്ങളിൽ അഭിനയിക്കാൻ ഇന്ദിര പ്രേരിപ്പിച്ചുവെന്ന് കഥകൾ ഉണ്ടായി. ആ വേഷങ്ങൾ ചെയ്യാൻ റാണി പദ്‌മിനി മടികാണിച്ചില്ലത്രേ.
ആരുടെ ക്വട്ടേഷൻ ?
സിനിമയിൽ നിന്ന് ആവശ്യത്തിലധികം പണം ലഭിച്ചു തുടങ്ങിയപ്പോഴാണ് ചെന്നൈ അണ്ണാ നഗർ 18 അവന്യുവിൽ ആഡംബര ബംഗ്ളാവ് വാടകയ്ക്ക് എടുത്ത് റാണിയും ഇന്ദിര കുമാരിയും താമസം ആരംഭിക്കുന്നത്. ആഡംബരപ്രിയയായിരുന്നു ഇന്ദിര കുമാരി. സിനിമയിൽ അതീവ ഗ്ളാമറസായി റാണി അഭിനയിക്കുമെന്ന് അറിഞ്ഞതോടെ അവസരങ്ങൾ പ്രവഹിച്ചു. വലിയ കാറുകൾ വാങ്ങി. ആഭരണങ്ങൾ സ്വന്തമാക്കി.താമസിച്ചിരുന്ന ആ വലിയ ബംഗ്ളാവിൽ അമ്മയും മകളും മാത്രം. ഇന്ദിര കുമാരി നൽകിയ പത്ര പരസ്യം കണ്ടാണ് വാച്ച്‌മാൻ, കുക്ക്, ഡ്രൈവർ ജോലികളിലേക്ക് ജപരാജ്, ലക്ഷ്മി നരസിംഹൻ, ഗണേശൻ എന്നിവർ ജോലിക്കായി എത്തിയത്. ലക്ഷ്‌മി നരസിംഹൻ നിരവധി കാർ മോഷണക്കേസുകളിൽ പിടിയിലായിട്ടുള്ള ആളാണ്. ബംഗ്ളാവ് സ്വന്തമാക്കണമെന്ന ആഗ്രഹം ആ സമയത്ത് ഇന്ദിരയിൽ നാമ്പിട്ടു. ആ വീട് തരപ്പെടുത്തി തന്ന പ്രസാദിനെ വിളിച്ചുവരുത്തി റാണി സംസാരിച്ചത് ജപരാജ് കേട്ടുവത്രെ. റാണിയുടെ കൈയിൽ കണക്കിൽപ്പെടാത്ത പണവും സ്വർണവും ഉണ്ടെന്ന് തിരിച്ചറിഞ്ഞ ജപരാജ് ഇരുവരെയും കൊലപ്പെടുത്താൻ തീരുമാനിച്ചു. കൃത്യത്തിന് ഗണേശനും ലക്ഷ്മി നരസിംഹനും കൂട്ടുനിന്നു.
അന്ന് പതിവിലും മദ്യപിച്ചു
പതിവുപോലെ ഇന്ദിരയും പദ്‌മിനിയും മദ്യപിച്ചശേഷം രാത്രി ഉറങ്ങാൻ കിടന്നു. പുലർച്ചെ എഴുന്നേറ്റ റാണി, അമ്മയുടെ ഉറക്കെയുള്ള നിലവിളി കേട്ട് ഓടിയെത്തി. ഇന്ദിരയെ ജപരാജ് കുത്തിക്കൊലപ്പെടുത്തി. ആ ദൃശ്യം കണ്ട റാണി നടുങ്ങി. ഇന്ദിരയുടെ ശരീരത്തിൽ ഏതാണ്ട് പന്ത്രണ്ടിലധികം കുത്തുകൾ. അവിടെ നിന്ന് രക്ഷപ്പെടാൻ റാണി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജീവനുവേണ്ടി പിടയുന്ന ഇന്ദിരയുടെ കൺമുന്നിൽ വച്ച് റാണിയെ മാറി മാറി ബലാത്സംഗം ചെയ്തു. ഇന്ദിരയുടെ ജീവനെടുത്ത അതേ കത്തികൊണ്ട് തന്നെ റാണിയുടെ നെഞ്ചിൽ പലതവണ കുത്തി.
റാണിയുടെ ശരീരത്തിലും 12 കുത്തുകളേറ്റ പാടുകളുണ്ടായിരുന്നു. 15 ലക്ഷം രൂപയുടെ സ്വർണവും പണവും റാണിയുടെ പ്രിയപ്പെട്ട 'നിസാൻ ' കാറുമായാണ് അക്രമികൾ കടന്നത്. കൃത്യം നടന്ന് അഞ്ചുദിവസം കഴിഞ്ഞ് വീട് വിൽപ്പനയുടെ കാര്യം സംസാരിക്കാൻ പ്രസാദ് എത്തിയപ്പോൾ ആരെയും കണ്ടില്ല. ബെൽ അടിച്ചിട്ടും ഉറക്കെ വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. സംശയം തോന്നിയ പ്രസാദ് അടുക്കള വാതിലിനടുത്ത് എത്തിയപ്പോൾ അത് പാതി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
അകത്തു കടന്നപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു. മുറിയിൽ ചിലയിടത്തൊക്കെ രക്തം കട്ടപിടിച്ചു കിടക്കുന്നുണ്ട്. ഇന്ദിരയുടെയും റാണിയുടെയും മൃതദേഹങ്ങൾ ബാത്ത്റൂമിൽ അഴുകിയ നിലയിൽ . പ്രസാദ് അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി. ജീർണിച്ചു പുഴു അരിച്ച് തുടങ്ങിയ മൃതദേഹങ്ങൾ ബാത്ത്‌റൂമിൽ വച്ചുതന്നെ പോസ്റ്റ്‌മോർട്ടം ചെയ്തു. ഒടുവിൽ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് ഡ്രൈവർമാർ തയാറായില്ല.
ഒടുവിൽ പൊലീസ് ഭീഷണിയെ തുടർന്ന് മൃതദേഹങ്ങൾ വെളുത്ത തുണിയിൽ പൊതിഞ്ഞുകെട്ടി കാറിന്റെ ഡിക്കിയിൽ കയറ്റിക്കൊണ്ടു പോകാൻ ഒരു ഡ്രൈവർ തയാറായി. ഏറ്റെടുക്കാൻ ആളില്ലാത്ത രണ്ട് അനാഥ ശവങ്ങളായി റാണിയും ഇന്ദിരയും . ചലച്ചിത്ര പരിഷത്തിന്റെ നേതൃത്വത്തിലായിരുന്നു സംസ്കാരം. അക്രമികളെ പെലീസ് ഉടൻതന്നെ പിടികൂടി. പ്രതികൾക്ക് ശിക്ഷ വിധിച്ചു. എന്നാൽ പ്രതികൾ സുപ്രീംകോടതിയിൽ അപ്പീൽ പോയി.
തുടർന്ന് ശിക്ഷ ജീവപര്യന്തമാക്കി. വർഷങ്ങൾക്കുശേഷം ലക്ഷ്‌മി നരസിംഹനെ വിട്ടയയ്ക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവായി. ജപരാജ് ജയിലിൽ വച്ച് മരണമടഞ്ഞു. ഗണേശൻ ജയിൽ ചാടിയതായി പിന്നീട് വാർത്തകൾ വന്നു. അയാളെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.
റാണി പദ്‌മിനിയുടെ സിനിമകൾ ഇപ്പോഴും സംസാരിക്കുന്നു. പറയാതെ പോയ, ആർക്കും അറിയാത്ത ഒരുപാട് കഥകൾ റാണി പദ്‌മിനിയെ ചുറ്റിപ്പറ്റിയുണ്ട്. സിൽക്ക് സ്‌മിതയുടെ ജീവിതം പറഞ്ഞ 'ക്ളൈമാക്സ്" സിനിമയുടെ തിരക്കഥ ഒരുക്കിയപ്പോൾ റാണി പദ്‌മിനിയുടെ ആരും അറിയാത്ത ഏടുകൾ അഭ്രപാളികളിൽ കൊണ്ടുവരാൻ തിരക്കഥാകൃത്ത് കലൂർ ഡെന്നീസ് ശ്രമം നടത്തിയെങ്കിലും മുന്നോട്ട് പോയില്ല. അക്കാലത്തെ സിനിമാക്കാർക്കിടയിൽ 'റാണി പദ്‌മിനി"യുടെ കഥകൾ പൂർത്തിയാകാതെ കിടപ്പുണ്ട്.
മലയാളി യുവാവുമായി പ്രണയം, അതിനെ എതിർത്ത ധനാഢ്യനായ പിതാവ് നൽകിയ ക്വട്ടേഷനാണ് ഈ കൊലപാതകം ... അങ്ങനെ എത്ര എത്ര കഥകൾ. ഇതിൽ സത്യം എത് എന്നതു മ മാത്രം ഇന്നും മറഞ്ഞുകിടക്കുന്നു. എല്ലാം കേവലം സംശയങ്ങളാകാം, ഊഹാപോഹങ്ങളാകാം. ഇന്ന് റാണിപദ്‌മിനി ജീവിച്ചിരുന്നെങ്കിൽ 64 വയസാകുമായിരുന്നു. റാണിയായി വന്നു പൊലിഞ്ഞ നക്ഷത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |