SignIn
Kerala Kaumudi Online
Sunday, 04 October 2026 11.28 PM IST

തെലുങ്ക് അരങ്ങേറ്റത്തിൽ സംയുക്തമേനോൻ

samughtaha

സിനിമയിലെ അഞ്ചുവർഷ യാത്രയിൽ നാലു ഭാഷകളിൽ ചുവടുറപ്പിച്ച് സംയുക്ത മേനോൻ

അഞ്ചുവർഷം മുൻപ് ഒരു 'തീവണ്ടി'യിൽ കയറിയാണ് സംയുക്ത മേനോൻ മലയാള സിനിമയിലെ നായികമുഖമായി മാറാൻ എത്തിയത്. രണ്ടുവർഷത്തിനുശേഷം തമിഴകം, പിന്നാലെ കന്നട. ഭീംല നായക് എന്ന ചിത്രത്തിലൂടെ ഇപ്പോൾ തെലുങ്ക് പ്രവേശവും. സച്ചിയുടെ സംവിധാനത്തിൽ എത്തിയ അയ്യപ്പനും കോശിയുടെ തെലുങ്ക് റീമേക്കാണ് ഭീംല നായക്. പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രത്തെ തെലുങ്കിൽ റാണ അവതരിപ്പിക്കുമ്പോൾ ഭാര്യ റൂബിയുടെ വേഷമാണ് സംയുക്ത മേനോന്. ടി.പി. ഫെല്ലിനി രചനയും സംവിധാനവും നിർവഹിച്ച തീവണ്ടിയിൽ ദേവി എന്ന നാട്ടിൻപുറത്തുകാരിയുടെ വേഷമായിരുന്നു സംയുക്തയ്ക്ക്. നാടൻ കഥാപാത്രങ്ങളോട് കൂടുതൽ ഇഴചേർന്നു നിൽക്കുന്നതാണ് സംയുക്തയുടെ രൂപഭാവങ്ങൾ. ലില്ലിയിലെ ലില്ലിയും വെള്ളത്തിലെ സുനിത മുരളിയും ഇതിനുദാഹരണം. വെള്ളത്തിലെ അഭിനയപ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു. നായികയായി തിളങ്ങിനിൽക്കുമ്പോൾ തന്നെ പ്രതിനായിക വേഷം ചെയ്യാനും സംയുക്തയ്ക്ക് മടിയില്ല. തീവണ്ടിയിൽ നിന്ന് ലില്ലിയിൽ എത്തുമ്പോൾ തീക്ഷണതയാർന്ന ഭാവപ്രകടനങ്ങളായിരുന്നു. ഒരു യമണ്ടൻ പ്രേമകഥയിൽ നിന്ന് ഉയരെയിൽ എത്തുമ്പോഴാകട്ടെ അതിഥിവേഷവും. ടൊവിനോ ചിത്രങ്ങളായ എടക്കാട് ബറ്റാലിയൻ 06, കൽക്കി എന്നീ സിനിമകളിൽ നായികയാവുകയും ചെയ്തു.

ഒ.ടി.ടി റിലീസായി എത്തിയ ആണും പെണ്ണും, വൂൾഫ് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവച്ചത്. എരിഡയാണ് റിലീസിന് ഒരുങ്ങുന്ന സംയുക്തമേനോൻ ചിത്രം.അവളുടെ രാവുകളിലെ സീമയെ അനുസ്മരിപ്പിക്കുന്ന വിധം എരിഡയുടെ പോസ്റ്റർ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പൃഥ്വിരാജിന്റെ നായികയായി ഷാജി കൈലാസ് ചിത്രം കടുവയിലാണ് ഇനി മലയാളത്തിൽ സംയുക്ത അഭിനയിക്കുക.ഗാലിപത 2 എന്ന ചിത്രത്തിലൂടെയാണ് സംയുക്ത കന്നടയിൽ എത്തുക. റൊമാന്റിക് കോമഡി ചിത്രമായ ഗാലിപതയുടെ രണ്ടാം ഭാഗമാണിത്. പവൻകുമാർ, അനന്ത്‌നാഗ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഗാലിപത 2 യോഗരാജ് ഭട്ടാണ് സംവിധാനം ചെയ്യുന്നത്. കോവിഡിനെ തുടർന്ന് നിറുത്തിവച്ച ചിത്രീകരണം വൈകാതെ ആരംഭിക്കാനാണ് തീരുമാനം. മോഡലിംഗിലൂടെ അപ്രതീക്ഷിതമായാണ് സിനിമയിലേക്കുള്ള സംയുക്തയുടെ വരവ്. പോപ്പ്കോണാണ് ആദ്യ ചിത്രം.മലയാള സിനിമയിൽ വേറിട്ട വസ്‌ത്രധാരണ ശൈലി പിന്തുടരുന്ന താരമാണ് സംയുക്ത. വസ്‌ത്രധാരണത്തിലെ ഓരോ തിരഞ്ഞെടുപ്പിലും സംയുക്തയുടെ സ്റ്റൈലിംഗ് ശ്രദ്ധിക്കപ്പെടുകയും ചെയ്യാറുണ്ട്. സിനിമ പോലെ യാത്രകളെയും പ്രണയിക്കുന്ന താരം സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. ആരാധകർക്കായി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുന്നു. ബിക്കിനി അണിഞ്ഞു ഗ്ളാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളാണ് ആരാധകർ അവസാനം ഏറ്റെടുത്തത്. അതേസമയം തമിഴിൽ രണ്ട് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച സംയുക്ത പുതിയ സിനിമകൾ കമ്മിറ്റ് ചെയ്തിട്ടില്ല. അടുത്ത ലക്ഷ്യം ബോളിവുഡ് ആണോ എന്ന് ആരാധകർ ഉറ്റുനോക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAMUGHTAHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY