
കായംകുളം: കായംകുളത്ത് വൃദ്ധയെ കൊന്ന് കായലിൽ കെട്ടിത്താഴ്ത്തിയ സംഭവത്തിൽ അന്വേഷണം പ്രദേശവാസികളിലേക്ക്. കൃത്യത്തിനു പിന്നിൽ ലഹരി മാഫിയാ ബന്ധമുണ്ടെന്നും ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് പൊലീസ് നിഗമനം. മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്.
മുതുകുളം തെക്ക് സാധുപുരത്ത് തെക്കതിൽ പരേതനായ ഭാസ്കരന്റെ ഭാര്യ തങ്കമ്മയുടെ (80) മൃതദേഹമാണ് ചൊവ്വാഴ്ച പുലർച്ചെ കായംകുളം കായലിലെ മല്ലിക്കാട്ട് കടവിനുസമീപം മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. ഇവർ ധരിച്ചിരുന്ന എട്ടുപവന്റെ സ്വർണാഭരണങ്ങളും അപഹരിച്ചിരുന്നു. ഉടുത്തിരുന്ന കൈലി ഉപയോഗിച്ച് കാലുകളും ബെഡ്ഷീറ്റ് ഉപയോഗിച്ച് കൈകളും ബന്ധിച്ചിരുന്നു. കല്ലിൽ കെട്ടിത്താഴ്ത്തിയ മൃതദേഹം നഗ്നമായ നിലയിലാണ് കണ്ടെത്തിയത്.
മൃതദേഹം വള്ളത്തിൽ കൊണ്ടുപോയതിനാലാണ് അന്വേഷണം പ്രദേശവാസികളിലേക്ക് കേന്ദ്രീകരിക്കുന്നത്. നിരവധിപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തലയ്ക്ക് അടിയേറ്റത് വള്ളത്തിൽ വച്ചാണെന്നാണ് നിഗമനം.
കനകക്കുന്ന് ജെട്ടിക്കുസമീപം ഒറ്റയ്ക്ക് താമസിക്കുന്ന തങ്കമ്മയെ തിങ്കളാഴ്ച രാവിലെയാണ് കാണാതായത്. ഇതുസംബന്ധിച്ച് മകൾ നൽകിയ പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ ലഹരിസംഘം ആക്രമിക്കാൻ ശ്രമിച്ചിരുന്നു. തങ്കമ്മയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ ഉച്ചയ്ക്ക് വീട്ടുവളപ്പിൽ സംസ്കരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |