SignIn
Kerala Kaumudi Online
Sunday, 12 July 2026 3.07 AM IST

തോൽപ്പാവയായി മെസിയുടെ മിന്നാട്ടം

tholppava

കൊച്ചി: മെസിയുടെ മാസ്മരിക ഫ്രീക്കിക്ക്. എംബാപ്പെയുടെ കണ്ണഞ്ചിപ്പിക്കും ലോംഗ് റേഞ്ച് ഷോട്ട്. വീണ്ടും ചവിട്ടേറ്റ് വീണ് നെയ്‌മർ. ലോകകപ്പ് മത്സര കമന്ററിയല്ല. തോൽപ്പാവ കൂത്താണ്.

ലോകം കാൽപ്പന്തിനു പിറകേ പായുമ്പോൾ, കൂത്തരങ്ങിലും കളിയാവേശം. പതിവ് പുരാണവേഷങ്ങൾക്ക് താത്കാലിക വിശ്രമം നൽകി പ്രിയതാരങ്ങളെ അരങ്ങേറ്റി. പാലക്കാട്ടെ തോൽപ്പാവക്കൂത്ത് ആചാര്യൻ രാമചന്ദ്ര പുലവരുടെ മകൻ രാജീവിന്റെ ആശയം ഹിറ്റുമായി. സ്വകാര്യ സ്‌കൂളിലായിരുന്നു 'ആദ്യമത്സരം". പാലക്കാട് നഗരത്തിൽ ആഗസ്റ്റ് 18നാണ് അടുത്ത കളി. വീഡിയോ കണ്ട് പലരും വിളിച്ച് കളി ബുക്കുചെയ്യുന്നുണ്ട്.

'കളിയാണ് നമ്മുടെ ലഹരി" എന്നാണ് പാവക്കൂത്തിന് പേരിട്ടത്. അതോടെ ലഹരിമരുന്നിനെതിരായ പ്രചാരവുമായി. 2010 ഫിഫ വേൾഡ് കപ്പിലെ ' വക്ക വക്ക", ഇത്തവണത്തെ 'ഡായ്, ഡായ് " എന്നീ ഔദ്യോഗിക ഗാനങ്ങൾ കോർത്തിണക്കിയാണ് അവതരണം. കൂടുതൽ സ്വാഭാവികതയ്ക്ക് ഗ്രാഫിക് രൂപങ്ങളുമുണ്ട്. ഇവ പ്രദർശിപ്പിക്കാൻ പ്രൊജക്ടർ ഉപയോഗിക്കും.

കാളത്തോലിൽ നിന്ന്

14 കളിക്കാർ

കാളയുടെ തുകലിൽ കളിക്കാരുടെ രൂപത്തിൽ തോൽപ്പാവകളെ ഒരുക്കി. ഏഴു കലാകാരന്മാരുടെ ഇരുകരങ്ങളിലുമായി 14 തോൽപ്പാവകളാണ് തിരശീലയിൽ അണിനിരക്കുക. പാവകൾ നിഴൽരൂപങ്ങളായി എത്തും. തിരശീലയ്ക്ക് പിന്നിൽ നിരത്തിവച്ച 21 തേങ്ങാമുറികളിൽ വെളിച്ചെണ്ണയൊഴിച്ച് തിരിതെളിച്ചാണ് നിഴൽരൂപങ്ങൾ സൃഷ്ടിക്കുക. പാട്ടിനൊപ്പം കലാകാരൻ കൈകൾ ചലിപ്പിക്കുമ്പോൾ രൂപങ്ങൾക്ക് ജീവൻ വയ്ക്കും. ചെണ്ട, എഴുപറ, ഇലത്താളം, ചിലങ്ക, ശംഖ്, കുഴൽ, ഇടയ്ക്ക എന്നിവ അകമ്പടിമേളമാകും. പ്രത്യേക ലൈറ്റിംഗ് ഇഫക്ടിന് തിരിനാളങ്ങളിലേക്ക് തെള്ളിപ്പൊടി എറിയും.


പാലക്കാടൻ ഗ്രാമങ്ങളിൽ ഒതുങ്ങിനിന്ന തോൽപ്പാവക്കൂത്തിന് തെക്കൻ ജില്ലകളിലടക്കം സ്വീകാര്യതയേറുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പരീക്ഷണം
- രാജീവ് പുലവർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA