
സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ചില്ലെങ്കിലും ഏതു രാഗത്തിലുള്ള പാട്ടും അനായാസം പാടാനുള്ള കഴിവുള്ള ഗായികയായിരുന്നു എസ് .ജാനകി.
കൊഞ്ചും ചിലങ്കൈ എൻ സിനിമയിൽ സുബ്ബയ്യ നായിഡുവിന്റെ സംഗീതത്തിൽ പാടിയ 'ശിങ്കാര വേലനെ ദേവാ ' എന്ന പാട്ടിലൂടെ ദക്ഷിണേന്ത്യയിലെ മികച്ച ഗായികയായി അറിയപ്പെട്ടു തുടങ്ങിയ ജാനകിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഈ ഗാനം പി.ലീലയാണ് പാടാൻ തീരുമാനിച്ചിരുന്നത്. കല്യാണി രാഗത്തിലുള്ള ഈ പാട്ട് നാദസ്വരത്തിനൊപ്പമാണ് പാടേണ്ടത്. ലീലയ്ക്ക് അതിന് കഴിയാതെ വന്നപ്പോൾ അവരാണ് ജാനകിയുടെ പേര് നിർദ്ദേശിച്ചത്. ആന്ധ്രയിൽ ഒരു കുട്ടിയുണ്ടെന്നും സംഗീതം അത്രയൊന്നും പഠിച്ചിട്ടില്ലെങ്കിലും നന്നായി പാടുമെന്നും പറഞ്ഞതനുസരിച്ചാണ് ജാനകി ഈ പാട്ട് ഏൽപ്പിച്ചത്. ഹിറ്റായ ഈ പാട്ടിലൂടെ പിന്നീട് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഗാനങ്ങളിൽ പ്രശസ്തയായി.
ഞാനുമായി സഹോദര- സഹോദരി ബന്ധമാണ് ഉണ്ടായിരുന്നത്. എന്റെ ഒരു പാട്ടിന്റെ റെക്കോർഡിംഗിന് മുൻപുള്ള റിഹേഴ്സലിന് വേണ്ടി ജാനകിയമ്മ വന്നപ്പോഴാണ് ആദ്യമായി കാണുന്നത്. പിന്നീട് എന്റെ ഒരുപാട് പാട്ടുകൾ പാടി. മലയാളത്തിൽ മൂന്ന് സംസ്ഥാന അവാർഡുകൾ ജാനകിയമ്മയ്ക്ക് ലഭിച്ചതിൽ രണ്ടു അവാർഡുകളും എന്റെ പാട്ടുകളിലൂടെയാണ്.
പുള്ളിമാൻ എന്ന ചിത്രത്തിലെ 'ആയിരം വർണ്ണങ്ങൾ വിടരും', ചന്ദ്രകാന്തം എന്ന ചിത്രത്തിലെ 'ആ നിമിഷത്തിന്റെ നിർവൃതിയിൽ' എന്നീ പാട്ടുകൾ പാടിയാണ് രണ്ടു സംസ്ഥാന അവാർഡ് നേടിയത്. ജാനകിയമ്മയുടെ വളർച്ചയ്ക്ക് അവരുടെ ഭർത്താവ് പ്രസാദിന്റെ പിന്തുണ വലുതായിരുന്നു. ഭക്ഷണം പോലും കഴിക്കാതെ പാട്ടുപാടാനെത്തിയ അനുഭവവുമുണ്ട് ജാനകിയമ്മയ്ക്ക് .
'ആലാപനം' എന്ന എന്റെ പാട്ടുപാടാൻ അൽപം വൈകിയാണ് എത്തിയത്. താമസിച്ചതിനാൽ ഊണ് കഴിക്കാതെ സ്റ്റുഡിയോയിൽ കയറി പാടി. പിന്നീട് പ്രസാദ് പറഞ്ഞപ്പോഴാണ് ഊണ് കഴിച്ചില്ലെന്ന വിവരം അറിഞ്ഞത്. ഊണ് കഴിച്ചതിന് ശേഷം പാട്ടുപാടിയാൽ മതിയെന്ന് അവരോട് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥത അത്രത്തോളം അവർക്കുണ്ടായിരുന്നു.
ഹിന്ദിയിലെ ഗായകർക്ക് ഭാരത രത്നം നൽകുമെങ്കിലും തെക്കേ ഇന്ത്യയിലെ ഗായകരെ വേർതിരിച്ചുകാണുന്ന അമർഷം മനസിൽ വച്ചാണ് അവർ പത്മഭൂഷൺ നിരസിച്ചത്. ജാനകിയമ്മയെ കാണണമെന്ന് ഒരാഴ്ചമുൻപ് തോന്നിയിരുന്നു. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ വിശ്രമത്തിലായതിനാൽ ഹൈദരാബാദ് വരെ പോകാൻ ശ്രമിച്ചില്ല. ഇപ്പോൾ തോന്നുന്നു, അന്ന് പോകേണ്ടിയിരുന്നതാണെന്ന് ...
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |