SignIn
Kerala Kaumudi Online
Thursday, 28 May 2026 2.51 AM IST

പൊലീസിന് വൻ വീഴ്ച മുന്നറിയിപ്പുകൾ അവഗണിച്ചു

1

തിരുവനന്തപുരം: സംസ്ഥാന സ്പെഷ്യൽബ്രാഞ്ച് നൽകിയ റിപ്പോർട്ടുകൾ അവഗണിച്ചതാണ് ഇ.ഡി റെയിഡിനെതിരെ നടന്ന അനിഷ്ട സംഭവങ്ങൾക്ക് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്.

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥർക്കു നേരേ ആക്രമണമുണ്ടായതിൽ പൊലീസിനുണ്ടായത് വലിയ വീഴ്ചയാണ്. റെയ്ഡ് കഴിയുമ്പോൾ ഉദ്യോഗസ്ഥർക്കെതിരേ കൈയേറ്റത്തിനും പ്രതിഷേധത്തിനും സാദ്ധ്യതയുണ്ടെന്നും കനത്ത സുരക്ഷയൊരുക്കണമെന്നും സംസ്ഥാന സ്പെഷ്യൽബ്രാഞ്ച് ഇന്നലെ രാവിലെ തന്നെ റിപ്പോർട്ട് നൽകിയിരുന്നു. ആക്രമണത്തിന് കല്ലും കട്ടയും വടികളും കരുതുന്നതായും ജനക്കൂട്ടത്തെ നീക്കം ചെയ്യണമെന്നും ഇ.ഡി ഉദ്യോഗസ്ഥർക്ക് സുരക്ഷിത പാതയൊരുക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരുന്നു. എന്നാൽ,​ ക്രമസമാധാനചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇതെല്ലാം അവഗണിച്ചു.

സി.പി.എം നേതാക്കളുമായി സംസാരിച്ച് സമവായത്തിലെത്തിയെന്ന് മ്യൂസിയം എസ്.എച്ച്.ഒ അറിയിച്ചത് വിശ്വാസത്തിലെടുക്കുകയായിരുന്നു സ്ഥലത്തുണ്ടായിരുന്ന രണ്ട് ഡെപ്യൂട്ടി കമ്മിഷണർമാർ. പൊലീസിലെ ഇടത് സംഘടനാ നേതാവാണ് ഈ ഇൻസ്പെക്ടർ. സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തിക് അവധിയിലായിരുന്നതിനാൽ റേഞ്ച് ഡി.ഐ.ജി ഹിമേന്ദ്രനാഥിന് ചുമതല കൈമാറിയിരുന്നു. ജനക്കൂട്ടം നിയന്ത്രണാതീതമായിട്ടും അദ്ദേഹം സ്ഥലത്തെത്തിയതേയില്ല. പകരം പരിചയസമ്പത്ത് കുറഞ്ഞ 2 ഐ.പി.എസുകാരെ നിയോഗിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് സ്ഥലം മാറിയെത്തിയ എസ്.എച്ച്.ഒമാരിൽ പലർക്കും ഇവിടത്തെ സ്ഥിതിഗതികൾ അറിയുമായിരുന്നില്ല. അതും ബന്ധപ്പെട്ടവർ ശ്രദ്ധിച്ചില്ലെന്നാണ് വിലയിരുത്തൽ.

ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവശ്യമായ സേനയെ സ്ഥലത്ത് വിന്യസിക്കാതിരുന്നതും രണ്ടുവട്ടം പൊലീസിന്റെ നിയന്ത്രണങ്ങൾ ജനക്കൂട്ട മറികടന്നിട്ടും വകവയ്ക്കാതിരുന്നതും വൻ വീഴ്ചയായി. റെയ്ഡ് കഴിയാറായപ്പോൾ സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ, സുരക്ഷിതമായി റോഡിലെത്താനാവുമോയെന്ന് ഡി.സി.പിമാരോട് ആരാഞ്ഞിരുന്നു. എല്ലാം ഭദ്രമാണെന്നായിരുന്നു മറുപടി.

പരാജയം കൺമുമ്പിൽ

ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് പുറത്തേക്കിറങ്ങാൻ സുരക്ഷിത പാതയൊരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. കണ്ണൂരിലെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം പിണറായിയുടെ വീടിന് മുന്നിലേക്കെത്താതെ തടയുന്നതിലും പൊലീസിന് വീഴ്ചയുണ്ടായി.

എട്ടു സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയോടെയാണ് പിണറായി വിജയന്റെ ബേക്കറി ജംഗ്ഷനു സമീപത്തെ വാടക വീട്ടിൽ ഇ.ഡി പരിശോധനയ്ക്ക് എത്തിയത്. ഇത്തരം പരിശോധനയ്ക്ക് കേന്ദ്രസേനയുടെ സുരക്ഷ തേടുകയാണ് ഇ.ഡിയുടെ പതിവ്.

ബംഗാളിലെ ആക്രമണം?​

റേഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് തല നേതാക്കളുടെ വീട്ടിൽ പരിശോധനയ്ക്ക് പോകുമ്പോൾ 2024 ജനുവരിയിൽ ബംഗാളിലെ സന്ദേശ്കലി ഗ്രാമത്തിൽ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു. രണ്ട് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. ഇവർ സഞ്ചരിച്ച വാഹനവും തകർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA