
കൊച്ചി : റെയ്ഡിന് പിന്നാലെ 18.36 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. വീണ വിജയന്റെ ഒന്നരലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും മരവിപ്പിച്ചതിൽ ഉൾപ്പെടുന്നു. സി.എം.ആർ.എല്ലിന്റെയും കമ്പനി ഉദ്യോഗസ്ഥരുടെയും ഉൾപ്പെടെ 242 അക്കൗണ്ടുകളിലെ നിക്ഷേപമാണ് മരവിപ്പിച്ചത്. റെയ്ഡിൽ ലഭിച്ച രേഖകൾ പ്രകാരമാണ് നടപടി. മാസപ്പടിയും കൈക്കൂലിയും കൈപ്പറ്റിയതായി സി.എം.ആർ.എല്ലിന്റെ രേഖകളിലുള്ളവരുടെ പേരിലും അന്വേഷണം നടത്തുമെന്ന് ഇ.ഡി അറിയിച്ചു. നിരവധി ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഡിജിറ്റൽ തെളിവുകൾ, വ്യാജരേഖകൾ, അക്കൗണ്ട് വിവരങ്ങൾ, മറ്റു നിക്ഷേപങ്ങൾ എന്നിവയും റെയ്ഡിൽ പിടിച്ചെടുത്തു. ഇവയുടെ സൂക്ഷ്പരിശോധന ആരംഭിച്ചു.
വധശ്രമം: 300 പേർക്കെതിരെ കേസ്
തിരുവനന്തപുരം : പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരെയും സി.ആർ.പി.എഫ് ജീവനക്കാരെയും കൊല്ലാൻ ശ്രമിച്ചെന്ന് കേസ്. കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. എൻഫോഴ്സ്മെന്റ് കൊച്ചി ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ വി.സനത് റെഡ്ഢിയുടെ പരാതിയിലാണ് കേസ്.
പ്രവർത്തകരുടെ അടിയേറ്റ് എൻഫോഴ്സ്മെന്റ് ഓഫീസർ ഡിക്സൺ ഡേവിഡിന്റെ കൈയ്ക്ക് പരിക്കേറ്റെന്നും വാഹനത്തിന്റെ ഡ്രൈവർ ശ്യാം, ഡ്യൂട്ടിയിലുണ്ടായിരുന്നു പൊലീസുകാരൻ രഞ്ജിത്ത്, കൂടാതെ ഒരു സി.ആർ.പി.എഫ് ഭടനും പരിക്കേറ്റു. കാറുകൾക്ക് മൂന്നു ലക്ഷത്തിന്റെ നാശഷ്ടമുണ്ടായെന്നും എഫ്.ഐ.ആറിലുണ്ട്.
ഉച്ചയ്ത്ത് 2.40ഓടെ റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഉദ്യോസ്ഥ സംഘത്തിന്റെ മൂന്നു കാറുകളെ വളഞ്ഞിട്ട് കല്ല്, ഇഷ്ടിക, വടി എന്നിവ കൊണ്ട് ആക്രമിച്ചു. തെറി പറഞ്ഞും ഇവൻമാരെ കൊല്ലടാ എന്ന് ആക്രോശിച്ചുമാണ് ആക്രമിച്ചത്. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസെടുത്തു. കൊലപാതകശ്രമം, അന്യായമായി കൂട്ടംചേരൽ, കലാപം സൃഷ്ടിക്കാനുള്ള ശ്രമം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തൽ, അശ്ലീല പദപ്രയോഗം, സർക്കാർ ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പാണ് ചുമത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |