
പത്തനംതിട്ട:ഈ തീർത്ഥാടനകാലത്തും ശബരിമലയിലെ അരവണപ്രസാദനിർമ്മാണത്തിൽ ഏലയ്ക്കാ ഉപയോഗിക്കില്ല. 2021-22 കാലയളവിൽ എത്തിച്ച ഏലയ്ക്കയിൽ കീടനാശിനിസാന്നിദ്ധ്യം ഉണ്ടെന്ന ആരോപണത്തെതുടർന്ന് ഏലയ്ക്കയില്ലാതെയായിരുന്നു അരവണനിർമ്മാണം. കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ 665619 ടിൻ അരവണ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം അന്ന് മാറ്റിവച്ചു. കേസ് സുപ്രീംകോടതിവരെ എത്തി. അരവണയുടെ സാമ്പിൾ വീണ്ടും പരിശോധിച്ച് കീടനാശിനിയുടെ അംശമില്ലെന്നും ഭക്ഷ്യയോഗ്യമാണെന്നും കണ്ടെത്തി. അപ്പോഴേക്കും അരവണ നിർമ്മിച്ചിട്ട് ഒരു വർഷത്തിലേറെയായിരുന്നു. പഴകിയ അരവണ സന്നിധാനത്തിന് സമീപം മറവുചെയ്യാൻ ദേവസ്വം ബോർഡ് തുനിഞ്ഞെങ്കിലും വനംവകുപ്പ് എതിർത്തു. ഇന്ത്യൻ സെൻട്രിഫ്യൂജ് എൻജിനിയറിംഗ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അരവണ ഹൈദരാബാദിലെത്തിച്ച് വളമാക്കുകയായിരുന്നു.
പിന്നീട്, ജൈവകൃഷിയിൽ നിർമ്മിച്ച ഏലയ്ക്ക വനംവകുപ്പിൽ നിന്ന് ദേവസ്വം ബോർഡ് വാങ്ങിയെങ്കിലും വേണ്ടത്ര കിട്ടാതായതോടെ അതും നിറുത്തി. ഏലയ്ക്കാ ഉപയോഗം നിറുത്തിയതിലൂടെ കോടിക്കണക്കിന് രൂപ ദേവസ്വം ബോർഡിന് ലാഭമുണ്ടായെങ്കിലും അരവണയുടെ വിലകുറച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |