SignIn
Kerala Kaumudi Online
Sunday, 12 July 2026 1.31 AM IST

വിവാഹത്തിനെത്തിയ അഞ്ചംഗസംഘം സഞ്ചരിച്ച കാർ മരത്തിലിടിച്ച് 4 പേർക്ക് ദാരുണാന്ത്യം

ph-

കണ്ണൂർ: കാർ നിയന്ത്രണം വിട്ട് മരത്തിലേക്കിടിച്ചു കയറി, സുഹൃത്തിന്റെ ബന്ധുവീട്ടിലെ വിവാഹത്തിനെത്തിയ അഞ്ചംഗസംഘത്തിലെ നാല് യുവാക്കൾക്ക് ദാരുണാന്ത്യം. ഒരാൾ ഗുരുതര നിലയിൽ. കണ്ണൂർ അലവിൽ കോളനി ഗേറ്റിന് സമീപം മന്നത്ത് ഹൗസിൽ സിറാജിന്റെയും ഷംനയുടെയും മകൻ ഷാൻ സിറാജ് (22), കാഞ്ഞങ്ങാട് അരയി കണ്ടംകുട്ടിച്ചാൽ ബഷീറിന്റെയും, റീനത്തിന്റെയും മകൻ മുഹമ്മദ് റിസ്വാൻ (22), ഉത്തർപ്രദേശ് സ്വദേശി പരം ചേത്രി (22), ബംഗളൂരു സൗത്ത് സ്വദേശി സാദുരി ഹർഷവർദ്ധൻ (22) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി ആദിത്യകൃഷ്ണ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മട്ടന്നൂർ കണ്ണൂർ എയർപോർട്ട് റോഡിൽ കുംഭം കുന്നുമ്മൽ മഠപ്പുരയ്ക്ക് സമീപം ശനിയാഴ്ച്ച രാത്രി 11.20ഓടെയായിരുന്നു സംഭവം. വിവാഹ വീട്ടിലെത്താൻ അര മണിക്കൂർ മാത്രം ശേഷിക്കേ, പരം ഛേത്രി ഓടിച്ച കാർ എതിരെ വന്ന വാഹനത്തിന്റെ വെട്ടം കണ്ണിലേക്കടിച്ച്, നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചുകയറുകയായിരുന്നു. കനത്തമഴയും കാറിന്റെ അമിത വേഗവുമാണ് അപകടത്തിനിടയാക്കിയതെന്നാണ് പൊലീസ് നിഗമനം.

ബെംഗളൂരു ബി.എം.എസ് കോളേജിൽ നിന്ന് ബി ടെക് എയ്‌റോ സ്‌പേസ് എൻജിനിയറിംഗ് ബിരുദം ഒരുമിച്ചുപഠിച്ച സഹപാഠികൾ, മരിച്ച ഷാനിന്റെ പിതൃസഹോദരന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണെത്തിയത്. ക്യാമ്പസ് റിക്രൂട്ട്‌മെന്റ് വഴി ഷാൻ സിറാജ് രണ്ടുമാസം മുമ്പേ ബംഗളൂരുവിൽ ജോലിക്ക് പ്രവേശിച്ചിരുന്നു. അഞ്ചുപേരും ബംഗളൂരുവിൽ നിന്നും കാർ മാർഗം കണ്ണൂർ അലവിലിലേക്ക് വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് പുറപ്പെട്ടത്. അപകടശബ്ദം കേട്ടെത്തിയ പരിസരവാസികളും ഫയർഫോഴ്സും മട്ടന്നൂർ പൊലീസും ചേർന്ന് തകർന്ന കാറിൽ നിന്ന് വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്. മരണപ്പെട്ട ഷാനിന്റെ സഹോദരി സമീൻ. മരിച്ച മുഹമ്മദ് റിസ്വാന്റെ സഹോദരങ്ങൾ: ഷെബിൻ ഫയാസ്, ഹിന ഫാത്തിമ. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത് ഖബറടക്കം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA