അടൂർ: എംസി റോഡിലെ പ്രധാന ഫുഡ് ഹബ്ബായ അടൂർ ബൈപ്പാസിലെ ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ വ്യാപക പരിശോധന. നിരവധി ഹോട്ടലുകളിൽ നിന്ന് പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്തു എന്നാണ് റിപ്പോർട്ട്. ബൈപ്പാസ്, ഹൈസ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിലെ കടകളിലാണ് പരിശോധന നടത്തിയത്. ഇവിടത്തെ ഒരുകടയിൽ നിന്ന് പഴകിയ അമ്പതുകിലോയോളം മീൻ പിടിച്ചെടുക്കുകയും ചെയ്തു.
പരിശാേധനയ്ക്ക് എത്തിയ ഉദ്യാേഗസ്ഥരെ തടഞ്ഞതായും പരാതിയുണ്ട്. 50കിലോ പഴകിയ മീൻ പിടിച്ചെടുത്ത ഹോട്ടലിന് മുന്നിലാണ് സംഘടനാ നേതാക്കൾ ഉൾപ്പെടെയുള്ളവർ ഉദ്യോഗസ്ഥരെ തടഞ്ഞതെന്നാണ് ഒരു ചാനൽ റിപ്പോർട്ടുചെയ്യുന്നത്. പരിശോധന ഉച്ചയോടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. അതിനുശേഷം മാത്രമേ പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്ത ഹോട്ടലുകൾ ഏതൊക്കെയെന്ന് വ്യക്തമാകൂ.
എംസി റോഡിലൂടെ യാത്രചെയ്യുന്നവരുടെ പ്രധാന ഇഷ്ട ഭക്ഷണ കേന്ദ്രമാണ് അടൂർ ബൈപ്പാസ്. റോഡിന്റെ ഇരുവശങ്ങളിലും നിരവധി തട്ടുകടകളും വൻകിട ഹോട്ടലുകളുമുണ്ട്. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ വൻ തിരക്കാണ് ഇവിടെ. റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ നിറുത്തിയിടുന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. ബൈപ്പാസിലെ ഹോട്ടലുകളിൽ നിന്ന് നേരത്തേയും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ടായിരുന്നു.
അടുത്തിടെ എറണാകുളം ജില്ലയിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് രജിസ്റ്റർ ചെയ്ത കേസുകളിൽ 26.40 ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു. 83 കേസുകളിലായാണ് ഇത്രയും രൂപയുടെ പിഴ. പരിശോധനയ്ക്കായി സ്വീകരിച്ച 19 സാമ്പിളുകളിൽ 17 എണ്ണം ഗുണനിലവാരമില്ലാത്തതായും കണ്ടെത്തി.
The municipal health department conducted widespread inspections at hotels on the Adoor bypass, a major food hub along the MC Road. Reports say that stale and expired food items were seized from several hotels during the inspections.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |