പയ്യന്നൂർ : പതിനാറു ദിവസം മുമ്പാണ് പയ്യന്നൂർ നഗരസഭയിലെ വെള്ളൂരിൽ ആഫ്രിക്കൻ ഒച്ചിന്റെ സാന്നിദ്ധ്യം കണ്ടുതുടങ്ങിയത്. കിഴക്കുമ്പാട് , വെള്ളൂർ ഈസ്റ്റ് പ്രദേശങ്ങളിലും ( രണ്ട്, മൂന്ന് വാർഡുകൾ) ഈ പ്രദേശത്തോട് ചേർന്നുള്ള കാങ്കോൽ - ആലപ്പടമ്പ് ഗ്രാമ പഞ്ചായത്തിലെ കരിയാപ്പിലുമാണ് നാട്ടുകാർ ഒച്ച് ശല്യം മൂലം എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലെത്തി നിൽക്കുന്നത്.
ഈ ഗ്രാമങ്ങളുടെ സമീപപ്രദേശങ്ങളും ഒച്ച് ഭീഷണിയിലാണ്. രാത്രിയിൽ പുറത്തിറങ്ങുന്ന ഇവയെ നിർമ്മാർജനം ചെയ്യുവാൻ നാടൊന്നാകെ ഉറക്കൊമൊഴിച്ച് അക്ഷീണ പരിശ്രമം നടത്തിയിട്ടും ഒച്ച് ശല്യം കുറയുന്നില്ലെന്നത് നാട്ടുകാരെ കുഴക്കുകയാണ്. എത്ര കാലം ഉറക്കമൊഴിച്ച് ഒച്ചിനെ പിടികൂടാൻ കഴിയുമെന്നതാണ് ഇവരെ ആശങ്കാകുലരാക്കുന്നത്.ശാസ്ത്രീയപരിഹാരമാണ് തങ്ങൾക്ക് വേണ്ടതെന്നാണ് ഇവിടുത്തുകാർ പറയുന്നത്.
പരിസ്ഥിതി പ്രവർത്തകനായ ഡോ.ഇ ഉണ്ണികൃഷ്ണന്റെ നിർദ്ദേശ പ്രകാരം ഇവയെ പിടികൂടി ഉപ്പ് വിതറിയും കോപ്പർ സൾഫേറ്റ്, പുകയില മിശ്രിതം സ്പ്രേ ചെയ്തുമാണ് നിലവിൽ നശിപ്പിക്കുന്നത്.
തെങ്ങ്, വാഴ, പപ്പായ, ചേമ്പ്, ചേന തുടങ്ങിയ കാർഷിക വിളകൾ മുഴുവൻ തിന്ന് നശിപ്പിക്കുന്ന ഇവയുടെ ശരീരത്തിലെ സ്രവങ്ങളും വിസർജ്യങ്ങളും മനുഷ്യശരീരത്തിൽ തട്ടിയാൽ ചൊറി , വ്രണങ്ങൾ തുടങ്ങിയ രോഗങ്ങൾ പിടിപെടുമെന്നതും പ്രതിസന്ധിയാണ്. കൈകളിൽ ഗ്ലൗസ് ഇട്ടും ശരീരത്തിൽ തട്ടാതെയും വളരെ ശ്രദ്ധിച്ച് വേണം ഒച്ചുകളെ കൈകാര്യം ചെയ്യുവാൻ.രാത്രികാലത്ത് മാത്രമെ ഇവ പുറത്തിറങ്ങുകയുള്ളുവെന്നതും പ്രതിരോധയത്നത്തെ പ്രയാസകരമാക്കുന്നു. മഴ ശക്തി പ്രാപിച്ചതും പ്രതിരോധ ദൗത്യത്തെ പിന്നോട്ടടിപ്പിക്കുന്നു.
ഒച്ച് അധികമുള്ള സ്ഥലത്ത് കുഴിയെടുത്ത് അതിൽ കാബേജ്, പപ്പായ ഇല തുടങ്ങിയവ നിക്ഷേപിച്ച് ഇവയെ ആകർഷിച്ച് ഉപ്പ്, കുമ്മായം എന്നിവ ഇട്ട് നശിപ്പിക്കുക എന്നതാണ് ഒരു പ്രതിരോധ ഒരു മാർഗ്ഗം. ദിവസവും ഉപ്പ്, കുമ്മായം എന്നിവ ധാരാളം വേണ്ടി വരുന്നതും പ്രയാസം വരുത്തുന്നുണ്ട്. ഇതിന് വേണ്ടി വരുന്ന ചെലവ് നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ടെത്തുമെന്ന് ചെയർമാൻ ശശി പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി നാട്ടുകാർക്കൊപ്പം നഗരസഭ ചെയർമാൻ സരിൻ ശശി നേരിട്ടിറങ്ങി ഒച്ച് നിർമ്മാർജനത്തിൽ പങ്കാളിയായി.ഒന്നാംവാർഡ് കൗൺസിലർ ഒ.സുമതി, രണ്ടാം വാർഡ് കൗൺസിലർ സി ചന്ദ്രൻ, മൂന്നാം വാർഡ് കൗൺസിലർ കെ.പി.ജ്യോതി എന്നിവരും സന്നദ്ധപ്രവർത്തകരും പ്രദേശവാസികളും പ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു.
African snail infestation, ongoing for 16 days in Payyanur Municipality's Vellore (wards 2, 3) and Kankol-Alappadambu Grama Panchayat, is destroying crops and posing health risks. Locals, advised by experts and supported by municipal chairman Sarin Sasi, are using salt, copper sulfate, and tobacco mixtures for eradication. Challenges include the snails' nocturnal nature, high costs, and heavy rain, prompting calls for scientific solutions.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |