
ശിവഗിരി: ശിവഗിരി മഠം ഗുരുധർമ്മപ്രചരണ സഭ സത്യവ്രത സ്വാമികളുടെ സമാധി ശതാബ്ദി സ്മാരകമായി നിർമിച്ച ‘നമാമി സത്യവ്രതം’ സ്മാരകഹാൾ ആഗസ്റ്റ് 22ന് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. സത്യവ്രത സ്വാമികളുടെ സ്മരണയും, ഗുരുദേവ ദർശന പ്രചരണത്തിൽ അദ്ദേഹം നൽകിയ സംഭാവനകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനുള്ള കേന്ദ്രമായി ഹാൾ മാറും.
ചടങ്ങിൽ വി. ജോയി എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തും. വർക്കല നഗരസഭ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ ആശംസകൾ അർപ്പിക്കും. എല്ലാ ഗുരുഭക്തരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , ട്രഷറർ സ്വാമി ശാരദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധർമ്മപ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, രജിസ്ട്രാർ കെ. ടി. സുകുമാരൻ എന്നിവർ അറിയിച്ചു.
ശ്രീനാരായണ ഗുരുദേവന്റെ സന്ന്യാസി ശിഷ്യ പരമ്പരയിൽ ഗുരുസേവയിലും ലോകസേവയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പുണ്യപുരുഷനായിരുന്നു സത്യവ്രത സ്വാമികൾ. 1924-ൽ ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുദേവൻ വിളിച്ചുചേർത്ത സർവമത സമ്മേളനത്തിൽ സ്വാഗതപ്രസംഗം നടത്തിയത് സത്യവ്രത സ്വാമികളായിരുന്നു.ശ്രീനാരായണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലും , തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ രൂപീകരണത്തിന് ഊർജം പകരുന്നതിലും സത്യവ്രത സ്വാമികളുടെ പ്രസംഗങ്ങളും പ്രവർത്തനങ്ങളും നിർണായക പങ്കു വഹിച്ചു. എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിലും സജീവമായി ഇടപെട്ടിരുന്നു.33-ാം വയസ്സിൽ, 1926-ൽ കുട്ടനാട്ടിലെ മാമ്പുഴക്കരയിൽ വഞ്ചിയപകടത്തെത്തുടർന്നാണ് സത്യവ്രത സ്വാമികൾ അകാലത്തിൽ ദേഹവിയോഗം ചെയ്തത്. അദ്ദേഹത്തിന്റെ സമാധി നൂറ് വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് സ്മാരക ഹാൾ നിർമിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |