SignIn
Kerala Kaumudi Online
Monday, 17 August 2026 1.24 AM IST

ലഹരിസംഘത്തലവനെ തേടിയെത്തിയ എക്സൈസ് സംഘത്തിന് മർദ്ദനം

READ ENGLISH VERSION
padam

കൊച്ചി: ലഹരിവേട്ടയ്‌ക്കെത്തിയ എക്‌സൈസ് സംഘത്തിന് നേരെ പ്രതിയുടെ ബന്ധുക്കളുടെയും കൂട്ടാളികളുടെയും ആക്രമണം. വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് എക്‌സൈസ് ജീവനക്കാർക്ക് പരിക്കേറ്റു. ഡൽഹിയിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് എത്തിച്ച് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയെ കസ്റ്റഡിയിൽ നിന്ന് ബലമായി മോചിപ്പിച്ച് കടത്തിക്കൊണ്ടുപോയി. സിവിൽ എക്‌സൈസ് ഓഫീസർ ഷിയാസ്, ഡ്രൈവർ വിഷ്ണുകുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കനക എന്നിവർക്കാണ് പരിക്കേറ്റത്. മൂവരും ആശുപത്രിൽ ചികിത്സതേടി. തമ്മനം എ.കെ.ജി നഗറിൽ സ്വാതന്ത്ര്യദിന രാത്രിയിലായിരുന്നു സംഭവം.

എക്സൈസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസിൽ നാല് പേരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. തമ്മനം എ.കെ.ജി നഗർ ആലംതുത്തിൽ വീട്ടിൽ അഖിൽ, പുളിക്കൽ വീട്ടിൽ വിശാൽ, പെരുമ്പള്ളിയിൽ വീട്ടിൽ അജിത്ത്, പൂതുരയിൽ വീട്ടിൽ അബിൻ ആന്റണി എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട വൈശാഖ്, എ.കെ.ജി നഗർ സ്വദേശി വിശാൽ എന്നിവർക്കായി അന്വേഷണം ഊർജിതമാക്കി.

ഡൽഹിയിൽ നിന്ന് 200 ഗ്രാമോളം എം.ഡി.എം.എ എത്തിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ആർ. അഭിരാജിന്റെ നേതൃത്വത്തിൽ സിവിൽ വേഷത്തിലുള്ള സംഘം തമ്മനത്ത് എത്തിയത്. താറാവ് ഫാമിനുള്ളിൽ എം.ഡി.എം.എ ഒളിപ്പിച്ചിട്ടുണ്ടെന്നായിരുന്നു സംശയം. ഇതിനിടെ ബൈക്കിലെത്തിയ വൈശാഖിനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ ഉദ്യോഗസ്ഥരെ തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് വൈശാഖിന്റെ അച്ഛനും സുഹൃത്തുക്കളും പ്രദേശവാസികളും സംഘടിച്ചെത്തി എക്‌സൈസ് ഉദ്യോഗസ്ഥരെ വളഞ്ഞ് അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു.

ബഹളത്തിനിടെ പ്രതിഷേധക്കാർ പ്രതിയെ ഉദ്യോഗസ്ഥരിൽ നിന്ന് ബലമായി മോചിപ്പിച്ച് സമീപത്തെ വീട്ടിലേക്ക് മാറ്റുകയും പിന്നീട് അവിടെനിന്ന് രക്ഷപ്പെടാൻ സൗകര്യമൊരുക്കുകയും ചെയ്തു. വിവരമറിഞ്ഞ് പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA