
കൊച്ചി: പൊതുയോഗത്തിൽ രാജിപ്രഖ്യാപിച്ച 'അമ്മ' ഭാരവാഹികൾ ഇതുസംബന്ധിച്ച് ഔദ്യോഗികമായി കത്ത് നൽകാത്തതിനാൽ താരസംഘടനയിൽ ഭരണ പ്രതിസന്ധി. രാജിക്കത്ത് ലഭിക്കാത്തതിനാൽ അഡ്ഹോക് കമ്മിറ്റിക്ക് അമ്മയുടെ ദൈനംദിന പ്രവർത്തനങ്ങൾ നിർവഹിക്കാനാകുന്നില്ല.
ജൂൺ 21ന് ചേർന്ന പൊതുയോഗത്തിലാണ് പ്രസിഡന്റ് ശ്വേത മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും ഉൾപ്പെടെ 17 അംഗ ഭരണസമിതി രാജി പ്രഖ്യാപിച്ചത്. രമേഷ് പിഷാരടി എം.എൽ.എ കൺവീനറായി അഡ്ഹോക് കമ്മിറ്റിയും രൂപീകരിച്ചു. രണ്ടാഴ്‌ച കഴിഞ്ഞും ഭാരവാഹികളിൽ ഒരാൾപോലും രാജിക്കത്ത് ഓഫീസിൽ സമർപ്പിച്ചിട്ടില്ല. അംഗത്വവും രാജിവച്ചെന്ന് പ്രഖ്യാപിച്ച ശ്വേതയും കത്ത് നൽകിയിട്ടില്ല.
രാജിക്കത്ത് ലഭിക്കാത്തതിനാൽ ശ്വേതയുടെ നേതൃത്വത്തിലെ ഭരണസമിതി സാങ്കേതികമായി നിലനിൽക്കുന്ന സാഹചര്യത്തിൽ അഡ്ഹോക് കമ്മിറ്റിക്ക് തീരുമാനങ്ങൾ എടുക്കാനോ നടപ്പാക്കാനോ കഴിയില്ലെന്ന് ഒരുവിഭാഗം പറയുന്നു. അതേസമയം, പൊതുയോഗത്തിൽ രാജി പ്രഖ്യാപിക്കുകയും അഡ്ഹോക് കമ്മിറ്റിയെ യോഗം അംഗീകരിക്കുകയും ചെയ്‌തതിനാൽ പ്രവർത്തനം തുടരാമെന്ന വാദവുമുണ്ട്. ഇത്തരം സാഹചര്യം സംബന്ധിച്ച് നിയമാവലിയിൽ വ്യക്തമായ നിർവചനമില്ല.
അഡ്ഹോക് കമ്മിറ്റി രണ്ടുതവണ യോഗം ചേർന്നെങ്കിലും തീരുമാനങ്ങളെടുക്കാനോ പുതിയ തിരഞ്ഞെടുപ്പിന് നടപടികൾ ആരംഭിക്കാനോ കഴിഞ്ഞിട്ടില്ല. രാജിവച്ചവർ തന്നെ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്ന് രമേഷ് പിഷാരടി പറഞ്ഞു. ആരുടെയും രാജി ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
അൻസിബയുടെ പരാതി:
വിശദീകരണം തേടി
കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കെതിരെ അൻസിബ ഹസൻ നൽകിയ പരാതിയിൽ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി പൊലീസിനോട് വിശദീകരണം തേടി. ഒമ്പതിനകം വിശദീകരണം നൽകണം. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുക്കാത്തതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്. ലക്ഷ്മിപ്രിയ, കാൻ ചാനൽ മീഡിയ ഉടമ സുകുമാരൻ, സുരേഷ് എന്നിവർക്കെതിരെയാണ് ഹർജി. തനിക്കെതിരെയുള്ള സൈബർ അധിക്ഷേപത്തിൽ ശ്വേതമേനോന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും അൻസിബ ഉന്നയിച്ചിട്ടുണ്ട്. നേരത്തേ, നടൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിലും കേസെടുക്കാൻ പൊലീസ് മടിച്ചിരുന്നതായി ഹർജിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |