SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.08 AM IST

പ്രതിസന്ധികളോട് പടവെട്ടി 'മഞ്ഞുമ്മൽ ഗേൾ'

auto

കൊച്ചി: ബൈക്ക് അപകടത്തിൽ അച്ഛന് പരിക്ക്. ജോലിക്ക് പോകാൻ ബുദ്ധിമുട്ട്. അമ്മയ്‌ക്ക് കടുത്ത ന്യുമോണിയ. പ്രതിസന്ധിക്കു മുന്നിൽ തളരാതെ കുടുംബത്തിന്റെ സംരക്ഷണം 'മഞ്ഞുമ്മൽ ഗേൾ' ഏറ്റെടുത്തു. മഞ്ഞുമ്മൽ വാരിയത്ത് വീട്ടിൽ അലീഷ ജിൻസൺ (18) പ്ളസ് ടു പഠനത്തോടൊപ്പം ഇലക്ട്രിക് ഓട്ടോ ഓടിച്ച് കുടുംബകാര്യങ്ങളും നോക്കുകയാണ്.

ഉൗബർ സവാരികളാണ് കൂടുതലും. പഠനം കഴിഞ്ഞ് വൈകിട്ട് 6 മുതൽ രാത്രി 10വരെയാണ് സർവീസ്. വീട്ടുസാധനങ്ങൾ വാങ്ങി മടങ്ങും. 1000 രൂപ വരെ കിട്ടാറുണ്ട്. യാത്രക്കാർ അറിഞ്ഞ് ടിപ്പും നൽകാറുണ്ട്.

ഹൗസ് കീപ്പിംഗ് കരാറുകാരനായ പിതാവ് ജിൻസണിന്റെ കെ.എൽ 41 യു 8639 ഓട്ടോയാണ് ഉപയോഗിക്കുന്നത്.

2024 ആഗസ്റ്റ് 25ന് 18 തികഞ്ഞപ്പോൾ തന്നെ ഡ്രൈവിംഗ് ലൈസൻസെടുത്തിരുന്നു.

വീട്ടിൽ നിന്ന് 20 കിലോമീറ്ററോളം ദൂരെ ചേന്ദമംഗലം സർക്കാർ ഹയർസെക്കൻഡറി സ്കൂളിലാണ് പ്ളസ് ടുവിന് അഡ്മിഷൻ കിട്ടിയത്. സൈക്കിളിലായിരുന്നു യാത്ര. ജംഗ്ഷനിൽ വച്ചിരുന്ന സൈക്കിൾ മോഷണം പോയതോടെ സ്കൂൾ യാത്ര മടുപ്പായി. ജോലി ചെയ്യാമെന്ന് തീരുമാനിച്ചു.

ഇപ്പോൾ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഓപ്പൺ സ്കൂളിന്റെ പത്തടിപ്പാലം സെന്ററിൽ പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിനിയാണ്. ഫാഷൻ ഡിസൈനിംഗിൽ ഹ്രസ്വകാല കോഴ്സും പൂർത്തിയാക്കി. ജ്യേഷ്ഠൻ ജോഷ്വ പിതാവിന്റെ പാതയിൽ ഹൗസ് കീപ്പിംഗ് ജോലി ചെയ്യുന്നു.

ഇന്ത്യമുഴുവൻ ഒറ്റയ്ക്ക്

സഞ്ചരിക്കണം

സൈക്കിളിൽ ഏകാന്ത യാത്രകളാണ് അലീഷയ്‌ക്ക് ഇഷ്ടം. ആലപ്പുഴ, ഫോർട്ട് കൊച്ചി ബീച്ചിലടക്കം പോയിട്ടുണ്ട്. ഓട്ടോയിൽ എറണാകുളം ജില്ലയിലെ മിക്കയിടത്തും പോയി. ഇന്ത്യ മുഴുവൻ സോളോ ട്രാവലാണ് സ്വപ്നം. നാടൻ പാട്ട് കലാകാരിയാണ് അലീഷ.

`നല്ല അനുഭവങ്ങൾ മാത്രം. രാത്രി ഓടുന്നതിനാൽ കരുതൽ വേണമെന്നാണ് യാത്രക്കാർ പറയാറുള്ളത്. ട്രെയ് ലർ ലോറികൾ അടക്കം ഓടിക്കാനുള്ള ലൈസൻസ് എടുക്കണം. പഠിക്കാനുള്ള വലിയ ഫീസാണ് പ്രശ്നം.'

- അലീഷ ജിൻസൺ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AUTO GIRL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA