SignIn
Kerala Kaumudi Online
Wednesday, 03 June 2026 5.53 PM IST

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; എസ്‌എഫ്‌ഐ  ജില്ലാ  പ്രസിഡന്റിന്റെ ജാമ്യാപേക്ഷ തള്ളി

attack

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തി പുറത്തിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ സി.പി.എമ്മുകാർ ആക്രമിച്ച സംഭവത്തിൽ എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിന്റെ ജാമ്യാപേക്ഷ തള്ളി. ആക്രമണം തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന കേസിലാണ് വിജയ് അറസ്റ്റിലായത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്‌ജി ടാനിയ മരിയം ജോസ് ആണ് ജാമ്യാപേക്ഷ തള്ളിയത്. വിജയ്‌യെ ഞായറാഴ്‌ചയാണ് അഞ്ചുതെങ്ങിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ഇ.ഡി സംഘത്തെ ആക്രമിച്ച കേസ് കന്റോണ്മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് അന്വേഷിക്കുന്നത്. കന്റോൺമെന്റ്, വട്ടിയൂർക്കാവ്, പേരൂർക്കട, തമ്പാനൂർ, പൂജപ്പുര
സ്റ്റേഷൻ ഹൗസ് ഓഫീസർ, ഏഴ് എസ്.ഐമാർ, ക്രൈം ബ്രാഞ്ചിലെ അഞ്ച് ഗ്രേഡ് എസ്.ഐമാർ എന്നിവരെ ഉൾപ്പെടുത്തി അന്വേഷണ സംഘം രൂപീകരിച്ച് സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തിക് ഉത്തരവിറക്കി. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിലേക്ക് എത്തിയ സാഹചര്യം ഉൾപ്പടെ അന്വേഷണ സംഘം പരിശോധിക്കും.

ആക്രമണത്തിൽ സംസ്ഥാന പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. റെയ്ഡിനെക്കുറിച്ച് സംസ്ഥാന സർക്കാരിനെയോ പൊലീസിനെയോ മുൻകൂട്ടി അറിയിച്ചിരുന്നില്ല. സ്ഥലത്ത് ആളുകൾ പ്രകോപനവുമായി കൂട്ടം കൂടുന്നതുകണ്ട് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ട് സ്വമേധയാ പൊലീസ് സംഘത്തെ അയയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ATTACKED, EDRAID, SFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA