SignIn
Kerala Kaumudi Online
Saturday, 04 July 2026 3.22 AM IST

എസ് രാജേന്ദ്രനെ വിടാതെ ബിജെപി; നേതാക്കൾ വീട്ടിലെത്തി കൂടിക്കാഴ്‌ച നടത്തി; സന്ദർശനത്തിൽ രാഷ്‌ട്രീയമില്ലെന്ന് പ്രതികരണം

READ ENGLISH VERSION

s-rajendran

ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ വീട്ടിൽ സന്ദർശനം നടത്തി ബിജെപി നേതാക്കൾ. ബിജെപി മദ്ധ്യമേഖല പ്രസിഡന്റ് എൻ ഹരിയും സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള ദേവിയുമാണ് രാജേന്ദ്രനെ വീട്ടിലെത്തി കണ്ടത്. ഇന്നുച്ചയ്ക്ക് ശേഷമാണ് ഇരുവരും രാജേന്ദ്രന്റെ വീട്ടിലെത്തിയത്. രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് സന്ദർശനം എന്നതാണ് ശ്രദ്ധേയം.

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജേന്ദ്രനെ അനുകൂലിക്കുന്ന തോട്ടം തൊഴിലാളികളെ സിപിഎം അനുഭാവികൾ മർദ്ദിച്ചെന്നും സിപിഎമ്മിന് വോട്ട് ചെയ്യാൻ നിർബന്ധിച്ചെന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇക്കാര്യം പരിശോധിക്കുന്നതിനായാണ് ബിജെപി നേതാക്കൾ മൂന്നാറിലെത്തിയത്. ഇതിനുശേഷമായിരുന്നു രാജേന്ദ്രനുമായി വീട്ടിൽ കൂടിക്കാഴ്‌ച നടന്നത്. അതേസമയം, ബിജെപി നേതാക്കളുടെ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നാണ് രാജേന്ദ്രന്റെ പ്രതികരണം.

നേരത്തെ ബിജെപിയിലേക്ക് പോകുമെന്ന വാർത്തകൾ രാജേന്ദ്രൻ നിഷേധിച്ചിരുന്നു . മാദ്ധ്യമങ്ങളിലെ വാർത്തകൾ തന്നെ ബാധിക്കുന്ന വിഷയമല്ല. പാർട്ടി ആരെയും ദ്രോഹിക്കില്ല. പക്ഷേ, പാർട്ടിയെ മറയാക്കി ദ്രോഹിക്കുന്നവരുണ്ട്. കുറച്ചുനാൾ കാത്തിരിക്കും. അതിന് ശേഷം തീരുമാനമെടുക്കുമെന്നായിരുന്നു അന്ന് രാജേന്ദ്രൻ അറിയിച്ചത്.

ബിജെപിയുടെ സംസ്ഥാന, പ്രാദേശിക നേതാക്കളുമായി ബന്ധപ്പെട്ടിട്ടില്ല. സിപിഎമ്മിൽ നിന്ന് പുറത്താക്കാൻ ചില ഗൂഢശക്തികൾ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം വാർത്തകൾ. ചില നേതാക്കൾ തന്നെ പുറത്താക്കാൻ ശ്രമിക്കുന്നുണ്ട്. അവരുടെ സ്ഥാനങ്ങൾ താൻ കാരണം നഷ്ടപ്പെടുമോയെന്നാണ് ആശങ്ക. രണ്ട് മൂന്ന് വർഷമായി ബിജെപി മാത്രമല്ല, പല പാർട്ടികളും ക്ഷണിക്കാറുണ്ട്.

പ്രകാശ് ജാവദേക്കറെ കണ്ടശേഷം മറ്റ് നേതാക്കളെ കണ്ടിട്ടില്ല. ഇപി ജയരാജനും ജാവദേക്കറും തമ്മിലുള്ള സൗഹൃദം തനിക്ക് അറിയില്ല. പാർട്ടിയിൽ സൗകര്യമുണ്ടെങ്കിൽ നിന്നാൽ മതിയെന്നാണെങ്കിൽ പ്രവർത്തിക്കാൻ കഴിയില്ല. വ്യക്തികൾ തമ്മിലുള്ള മത്സരത്തിൽ തോൽക്കാൻ ആരും ആഗ്രഹിക്കുന്നില്ല. പാർട്ടിയോട് എത്ര തവണ വേണമെങ്കിലും ക്ഷമ ചോദിക്കാം, തോറ്റു കൊടുക്കാം. സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും തിരഞ്ഞെടുപ്പിൽ നിന്ന് മനപ്പൂർവ്വം മാറ്റിനിർത്തി. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വേണ്ട പ്രാധാന്യം നൽകിയില്ലെന്നും രാജേന്ദ്രൻ പറഞ്ഞിരുന്നു.

ഒരു മാസം മുമ്പ് കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ ഡൽഹിയിൽ പോയി എസ് രാജേന്ദ്രൻ കണ്ടത് ചിത്രം സഹിതം പുറത്തുവന്നിരുന്നു. തുടർന്ന്, സിപിഎമ്മുമായി അകൽച്ചയിലുള്ള രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന് വാർത്തകളും വന്നിരുന്നു. ഇതിനിടെ, മൂന്നാറിൽ എൽഡിഎഫ് ദേവികുളം നിയോജക മണ്ഡലം കൺവെൻഷനിൽ എസ് രാജേന്ദ്രൻ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S RAJENDRAN, BJP, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA