SignIn
Kerala Kaumudi Online
Thursday, 10 September 2026 7.54 AM IST

ഗൂഗിൾ മാപ്പ് ചതിച്ചു,​ പട്ടിക്കാട്ടേക്ക് പോയവർക്ക് ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്

google-map

കൊണ്ടാഴി: ദൂരയാത്രയ്‌ക്കും പരിചയമില്ലാത്ത സ്ഥലങ്ങളിലേക്കുമുള്ള യാത്രയ്‌ക്ക് ഇന്ന് മിക്കയാളുകളും ആശ്രയിക്കുന്നത് ഗൂഗിൾ മാപ്പിനെയാണ്. എന്നാൽ ചിലപ്പോഴൊക്കെ ഇത് ദുരന്തത്തിൽ കലാശിക്കാറുണ്ട്. കഴിഞ്ഞദിവസം ഗൂഗിൾ മാപ്പ് നോക്കി പാലക്കാട് നിന്ന് പട്ടിക്കാട്ടേക്ക് കാറിൽ പുറപ്പെട്ട കുടുംബത്തിന് ജീവൻ തിരിച്ച് കിട്ടിയത് തലനാരിഴയ്ക്കാണ്. തൃശൂർ പട്ടിക്കാട്ട് കാരിക്കൽ സെബാസ്റ്റ്യനും കുടുംബവും സഞ്ചരിച്ച കാറാണ് പുഴയിൽ വീണത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

അഞ്ച് പേരടങ്ങിയ കുടുംബം പാലക്കാട് നിന്ന് പട്ടിക്കാട്ടേക്ക് പോകാൻ ഗൂഗിൾ മാപ്പിന്റെ സഹായം തേടി. മാപ്പിൽ കാണിച്ച വഴികളിലൂടെയായിരുന്നു യാത്ര. എന്നാൽ എഴുന്നള്ളത്തുകടവ് തടയണയുടെ തിരുവില്വാമല ഭാഗത്തെ പുഴയിലേക്കു കൂപ്പുകുത്തുകയായിരുന്നു വണ്ടി. ഇരുട്ടായതിനാൽ വെള്ളം ഇവരുടെ ശ്രദ്ധയിൽപ്പെട്ടില്ല. ഒഴുക്കിൽപ്പെട്ടതോടെ വണ്ടി മറിഞ്ഞു. സെബാസ്റ്റ്യനും കുടുംബത്തിനും അപകടമൊന്നും സംഭവിച്ചില്ലെങ്കിലും കാർ രാത്രി വൈകിയും കരകയറ്റാൻ സാധിച്ചിരുന്നില്ല. സംസ്ഥാനത്ത് ഇതിനുമുമ്പും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സെപ്തംബറിൽ ഗൂഗിൾമാപ്പ് നോക്കി കാറിൽ കാഞ്ഞങ്ങാട് നിന്നും തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലേക്ക് വന്ന ഒരു കുടുംബത്തിന് ഇത്തരത്തിൽ വഴിതെറ്റി കുളപ്പടവിലെത്തിയിരുന്നു. കാർ കൽപടവുകൾ ചാടിയിറങ്ങി ക്ഷേത്രച്ചിറയുടെ കരയിലാണ് ചെന്നെത്തിയത്. ആഴമേറിയ ചിറയാണ് ഇവിടം. പയ്യന്നൂർ ഭാഗത്തു നിന്ന് ദേശീയപാത വഴി വന്ന കാർ ചിറവക്ക് ജംഗ്ഷനിൽ നിന്ന് കാൽനട യാത്രക്കാർ മാത്രം ഉപയോഗിക്കുന്ന റോഡിലേക്കു തിരിയുകയായിരുന്നു.ഈ റോഡ് അൽപം മുന്നോട്ടുപോയാൽ നാല് ഏക്കറിൽ അധികം വരുന്ന തളിപ്പറമ്പ് ചിറയിലേക്കുള്ള കൽപടവുകളിലാണ് അവസാനിക്കുന്നത്. പെട്ടെന്നു റോഡ് അവസാനിച്ചതറിയാതെ കാർ പടവുകൾ ചാടിയിറങ്ങി. കാർ പെട്ടെന്നു തന്നെ തിരിച്ചതു മൂലം ചിറയിലേക്കു ചാടിയില്ല. പിന്നീട് നാട്ടുകാർ ചേർന്നാണ് അന്ന് കാർ തിരിച്ചുകയറ്റിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOOGLE MAP, CAR, RIVER, PATTIKKAD, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA