SignIn
Kerala Kaumudi Online
Thursday, 10 September 2026 3.23 AM IST

വായ്പയെടുത്ത് പഠിക്കുന്ന പേരക്കുട്ടി പെൻഷൻ വാങ്ങുന്ന മുത്തശ്ശിയെ സംരക്ഷിക്കേണ്ട: ഹൈക്കോടതി

കൊച്ചി: വിദ്യാഭ്യാസ വായ്പയെടുത്ത് പഠിക്കുന്ന പേരക്കുട്ടി പെൻഷൻകാരിയായ മുത്തശ്ശിയെ സംരക്ഷിക്കണമെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. മരുമകൾക്കും 22 വയസുള്ള പേരക്കുട്ടിക്കും തന്നെ സംരക്ഷിക്കാൻ ബാദ്ധ്യതയുണ്ടെന്ന വാദവുമായി കൊച്ചി സ്വദേശിയായ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥ നൽകിയ ഹർജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ നിരീക്ഷണം. സർവീസിലിരിക്കെ മരിച്ച മകന്റെ പെൻഷൻ ആനുകൂല്യങ്ങൾ മരുമകൾക്ക് ലഭിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഹർജിക്കാരിയുടെ മകൻ കെ.എസ്.ഇ.ബിയിൽ സീനിയർ സൂപ്രണ്ടായിരിക്കേയാണ് മരിച്ചത്. ആശ്രിതർക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ ഒരുഭാഗം (12,28,646 രൂപ) ഹർജിക്കാരിക്ക് കെ.എസ്.ഇ.ബി നൽകിയിരുന്നു. മകന്റെ മരണാനന്തര പെൻഷൻ തുകയിൽ നിന്ന് 15,000 രൂപ വീതം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാരി മെയിന്റനൻസ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഫിഷറീസ് വകുപ്പിൽ നിന്ന് വിരമിച്ച ഇവർക്ക് സർവീസ് പെൻഷന് പുറമെ ഭർത്താവിന്റെ പെൻഷനും ലഭിക്കുന്നത് പരിഗണിച്ച് ട്രൈബ്യൂണൽ അപേക്ഷ തള്ളി.

സംരക്ഷിക്കാൻ മരുമകൾ ബാദ്ധ്യസ്ഥയല്ല


മുതിർന്ന പൗരൻമാരുടെയും രക്ഷിതാക്കളുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമപ്രകാരം മരുമകൾക്ക് സംരക്ഷണ ബാദ്ധ്യതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആക്ടിൽ പറയുന്ന ബന്ധുവിന്റെ ഗണത്തിൽ പേരക്കുട്ടി വരുന്നതിനാൽ സംരക്ഷിക്കാൻ ബാദ്ധ്യതയുണ്ടെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടി. യുക്തിരഹിതമായ ആവശ്യം ഉന്നയിച്ചതിനെ കോടതി വിമർശിച്ചു. മകന്റെ ഭാര്യക്ക് ലഭിക്കുന്ന പെൻഷനിൽ അവകാശമുന്നയിക്കാൻ ഹർജിക്കാരിക്ക് ചട്ടപ്രകാരം കഴിയില്ലെന്നും വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GRAND MOTHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA