SignIn
Kerala Kaumudi Online
Thursday, 10 September 2026 7.59 AM IST

മുതിർന്ന മാദ്ധ്യമപ്രർത്തകനും ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

k-kunhikannan
കെ കുഞ്ഞിക്കണ്ണൻ

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമപ്രവർത്തകനും ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണൻ (72) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ വീണതിനെ തുടർന്ന് രാത്രിയോടെ ബോധക്ഷയമുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.

ബിജെപി സംസ്ഥാന സമിതി അംഗമായിരുന്നു. അഞ്ച് പതിറ്റാണ്ടായി മാദ്ധ്യമ - രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമാണ് കെ കുഞ്ഞിക്കണ്ണൻ. ജന്മഭൂമിയുടെ ആരംഭം മുതൽ പത്രപ്രവർത്തനത്തിൽ പ്രവേശിച്ചു. ഔദ്യോഗികമായി വിരമിച്ച ശേഷവും തിരുവനന്തപുരത്ത് ജന്മഭൂമിയുടെ റസിഡന്റ് എഡിറ്ററായി പ്രവർത്തിച്ചിരുന്നു.

യുവമോർച്ചയുടെ ആദ്യത്തെ ജനറൽ സെക്രട്ടറി ആയിരുന്നു. പേരാവൂർ, കണ്ണൂർ നിയോജകമണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. ദീർഘകാലമായി ബിജെപി സംസ്ഥാന സമിതിയംഗം, മീഡിയ കൺവീനർ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ, കണ്ണൂർ പ്രസ് ക്ലബ്ബ് സെക്രട്ടറി, ഫിലിം സെൻസർ ബോർഡ് അംഗം, ടെലികോം അഡ്വൈസറി ബോർഡ് അംഗം, പത്രപ്രവർത്തക അക്രഡിറ്റേഷൻ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു.

കെ.ജി. മാരാരുടെ ജീവചരിത്രം (കെ .ജി.മാരാർ ഒരു സ്നേഹ സാഗരം, കെ.ജി. മാരാർ മനുഷ്യപ്പറ്റിന്റെ പര്യായം), മറുപുറം, അടൽജി എന്ന വിസ്മയം, കേരളത്തിലെ രാഷ്‌ട്രീയ ചരിത്രം എന്നീ പുസ്‌തകങ്ങൾ രചിച്ചു. മുതിർന്ന പത്രപ്രവർത്തകനുള്ള കേരള നിയമസഭയുടെ ആദരം ലഭിച്ചിട്ടുണ്ട്. കൂടാതെ ബി.കെ. ശേഖർ പുരസ്‌കാരം, കാഞ്ഞങ്ങാട് തപസ്യ പുരസ്‌കാരം, ഗുരുജി സേവാസമിതി പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ ഇരിക്കൂർ കുട്ടാവ് ഗ്രാമത്തിലാണ് 1954-ൽ ജനിച്ചത്. തിരുവനന്തപുരത്തായിരുന്നു സ്ഥിരതാമസം. ഭാര്യ: പരേതയായ പ്രേമജ. മക്കൾ: പ്രകുല (ഏഷ്യാനെറ്റ്), മഞ്ഞില. മരുമകൻ: രതീഷ് അനിരുദ്ധൻ (മാതൃഭൂമി ന്യൂസ്). പേരമക്കൾ: ഗൗതമി, ബാലാമണി.

English Summary

Senior journalist and BJP leader K. Kunhikannan, 72, passed away on Tuesday morning. He had been active in journalism and politics for nearly five decades and held several positions in the BJP and the journalism community.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K. KUNHIKANNAN, K KUNHIKANNAN DEATH, SENIOR JOURNALIST, BJP LEADER, KERALA JOURNALIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA