SignIn
Kerala Kaumudi Online
Sunday, 24 May 2026 1.34 AM IST

കസ്റ്റഡി മർദ്ദനവും മരണവും അനുവദിക്കില്ല: ചെന്നിത്തല

a

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിൽ കസ്റ്റഡിമർദ്ദനവും കസ്റ്റഡിമരണവും പൂർണമായി ഒഴിവാക്കണമെന്ന് അഭ്യന്തര മന്ത്രി രമേശ്

ചെന്നിത്തല പൊലീസ് ഉന്നതതല യോഗത്തിൽ

നിർദ്ദേശിച്ചു. അറസ്റ്റുകൾക്ക് സുപ്രീംകോടതി നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. വ്യക്തികളുടെ അവകാശത്തെക്കുറിച്ച് പൊലീസ് ബോധവാന്മാരായിരിക്കണം. ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാത്രമേ ബലപ്രയോഗം പാടുള്ളൂ. എല്ലാ സ്റ്റേഷനുകളിലും സി.സി.ടി.വി ക്യാമറകൾ പ്രവർത്തിച്ചിരിക്കണം. സ്റ്റേഷനുകൾ വൃത്തിയായി സൂക്ഷിക്കണം. സ്റ്റേഷനുകളുടെ പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന തുരുമ്പെടുത്ത വാഹനങ്ങൾ നീക്കംചെയ്യണം. കീഴുദ്യോഗസ്ഥരെ അനാവശ്യമായി പീഡിപ്പിക്കരുത്. അവരുടെ പരാതികൾ കേൾക്കണം. സേനയിലെ ജോലിസമ്മർദ്ദം കുറയ്ക്കണം. പൊലീസുകാരുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ ആരോഗ്യം പരിഗണിക്കണം. സേനയിലെ ആത്മഹത്യ തടയാൻ സംവിധാനമുണ്ടാകണം- ചെന്നിത്തല നിർദ്ദേശിച്ചു.

നമസ്‌കാരം പറഞ്ഞു

സ്വീകരിക്കണം'

സ്‌റ്റേഷനുകളിലെത്തുന്നവരെ 'ഗുഡ് മോണിംഗ്' അല്ലെങ്കിൽ 'നമസ്‌കാരം' പറഞ്ഞ് സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല നിർദ്ദേശിച്ചു. സ്റ്റേഷനിലെത്തുന്ന ഏതൊരു വ്യക്തിയെയും കുറ്റവാളിയായല്ല, മാന്യത അർഹിക്കുന്ന പൗരന്മാരായി കാണണം. പരാതികൾ സമചിത്തതയോടെ കേൾക്കാനും പരിഹരിക്കാനും ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ട്. സ്റ്റേഷനുകളുടെ പ്രവർത്തനം പൂർണമായി ജനസൗഹൃദമാക്കണം. 484 പൊലീസ് സ്റ്റേഷനുകൾക്കും പുതിയ മുഖം നൽകും. പൊലീസ് പരിശീലന സിലബസ് പരിഷ്കരിക്കും.

സ്ത്രീസുരക്ഷ ഉറപ്പാക്കും

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കും. അതിക്രമക്കേസുകളിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കും. ജനമൈത്രി, സ്റ്റുഡന്റ് പൊലീസ് ശക്തിപ്പെടുത്തും. സൈബർ, റോഡ് സുരക്ഷ ശക്തമാക്കും. ലോൺആപ്പ് തട്ടിപ്പ്, സമൂഹമാദ്ധ്യമങ്ങളിൽ വ്യക്തികളെ അധിക്ഷേപിക്കൽ, മതപരമായ ഭിന്നതയുണ്ടാക്കൽ, ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ എന്നിവ ശക്തമായി നേരിടും. സൈബർ കേസന്വേഷണത്തിന് കൂടുതൽ സൗകര്യമൊരുക്കും. റോഡപകടങ്ങൾ കുറയ്ക്കാൻ മൊബൈൽ ആപ്പുകളുണ്ടാക്കും.

മാദ്ധ്യമപ്രവർത്തകർക്കെതിരേ

ക്രിമിനൽ കേസ് വേണ്ട

മാദ്ധ്യമപ്രവർത്തകർക്കെതിരെ ക്രിമിനൽ കേസെടുക്കുന്ന രീതി ശരിയല്ല. പയ്യന്നൂരിലെ മാദ്ധ്യമപ്രവർത്തകർക്കെതിരെയുള്ള കേസുകൾ പരിശോധിക്കും. രാഷ്ട്രീയ നേതാക്കൾ പൊലീസുകാരെ ഭീഷണിപ്പെടുത്താൻ അനുവദിക്കില്ല. ഭരണംമാറിയാലും പൊലീസുദ്യോഗസ്ഥർ മാറുന്നില്ല. അവർ സർക്കാർ നയമാണ് നടപ്പാക്കുന്നത്. സർക്കാർനയം നടപ്പാക്കാൻ ഉദ്യോഗസ്ഥർ ബാദ്ധ്യസ്ഥരാണ്. എറണാകുളത്തെ കുടിയൊഴിപ്പിക്കലിൽ പൊലീസിന് അതിക്രമം കാണിക്കാൻ ഉദ്ദേശ്യമില്ലായിരുന്നു. കോടതിയുടെ സമ്മർദ്ദം മൂലമാണ് നടപടി ഉണ്ടായത്. ഇക്കാര്യത്തിൽ കോടതിയെ വീണ്ടും സമീപിക്കാൻ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയെന്നും ചെന്നിത്തല പറഞ്ഞു.

''പൊലീസിനെ കൂടുതൽ ജനകീയമാക്കും. കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാനുള്ള ദൃഢനിശ്ചയത്തോടെയാണ് സേന മുന്നോട്ട് പോകുന്നത്.''

-രമേശ് ചെന്നിത്തല,

ആഭ്യന്തരമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA