
തൊടുപുഴ: ചതുരംഗക്കളത്തിലെ അച്ഛന്റെ ബുദ്ധിപരമായ നീക്കം കണ്ടുപഠിച്ചാണ് ആറുവയസുകാരൻ മിസ്അബ് ബിൻ ഉബൈസ് ചെസിൽ പിച്ചവച്ചത്. കഴിഞ്ഞമാസം ജർമ്മനിയിൽ നടന്ന 22-ാമത് ഇന്റർനാഷണൽ യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിലെ അണ്ടർ- 8 വിഭാഗത്തിൽ റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കി മിന്നുംതാരമായിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. ജർമ്മനി, ബെൽജിയം, ലക്സംബർഗ്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 120 കുട്ടികളെ എതിരിട്ടാണ് രണ്ടാംസ്ഥാനം നേടിയത്. ഇടുക്കി ക്രൈംബ്രാഞ്ചിലെ 2017 ബാച്ച് ഉദ്യോഗസ്ഥനായ ഉബൈസാണ് മിസ്അബിന്റെ പിതാവ്. ചെറുപ്പം മുതൽ ചെസിൽ തത്പരനായിരുന്ന അച്ഛനിൽ നിന്ന് പഠിച്ച പാഠങ്ങളുമായി ഒരു വർഷം മുമ്പാണ് കുഞ്ഞ് മിസ്അബ് കളത്തിലിറങ്ങിയത്. സ്കൂളിൽ നിന്ന് വിവിധയിടങ്ങളിൽ മത്സരിച്ച് നിരവധി നേട്ടം കരസ്ഥമാക്കിയിട്ടുണ്ടെങ്കിലും അന്താരാഷ്ട്രമത്സരത്തിൽ പങ്കെടുക്കുന്നത് ആദ്യം. എൻജിനിയറിംഗ് ബിരുദധാരിയായ പിതാവ് ഉബൈസ്, 2023ലാണ് സർവീസിൽ നിന്ന് അഞ്ച് വർഷത്തെ അവധിയെടുത്ത് ഉപരിപഠനത്തിനായി ജർമ്മനിയിലെ ആർ.ഡബ്ല്യു.ടി.എച്ച് ആച്ചൻ യൂണിവേഴ്സിറ്റിയിലെത്തിയത്. മാതാവ് ഫൗസിയ ലോജിസ്റ്റിക് മേഖലയിലാണ് ജോലി ചെയ്യുകയാണ്.
കിൻഡർഗാർട്ടനിലും കുട്ടിപ്പോരാളി
നാലുവയസ് വരെ നാട്ടിലുണ്ടായിരുന്ന മിസ്അബ് കിൻഡർഗാർട്ടനിൽ പഠിക്കുമ്പോൾ എൽ.പി വിഭാഗത്തിൽ മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. മകന്റെ കഴിവ് തിരിച്ചറിഞ്ഞ ഉബൈസാണ് കൂടുതൽ പരിശീലനം നൽകിയത്. ഈ വർഷം ജൂലായിൽ ഒരുമാസത്തെ അവധിക്ക് നാട്ടിലെത്തിയപ്പോൾ എറണാകുളം ചെസ് അസോസിയേഷൻ നടത്തിയ അണ്ടർ- 7 റാപ്പിഡ് ടൂർണമെന്റിൽ പങ്കെടുത്ത് ഒന്നാംസ്ഥാനം നേടി. ജർമ്മൻ ആഹെനിലെ അന്നാഷുലെ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മിസ് അബ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |