
തിരുവനന്തപുരം: ഫുട്ബോൾ താരം മെസിയെ കേരളത്തിൽ കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ സംസ്ഥാനത്തിന് നികുതിനഷ്ടമുണ്ടാക്കിയ ഇടപെടൽ തിരുവനന്തപുരത്തുനിന്നാണ് ഉണ്ടായതെന്ന് എസ്.ഐ.ടി.
കാഞ്ഞങ്ങാട് ജി.എസ്.ടി.ഇന്റലിജൻസ് ഓഫീസറാണ് ഇക്കാര്യം ആദ്യം ചൂണ്ടിക്കാട്ടിയത്. തൊട്ടടുത്ത ദിവസം തന്നെ ജി.എസ്.ടി.വകുപ്പിന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്തുനിന്ന് വാട്സാപ്പ് കോളിലൂടെ വിളിയെത്തി. നികുതി ഈടാക്കാനുള്ള നടപടികൾ, മെസി കേരളത്തിൽ വന്ന് മടങ്ങുന്നത് വരെ നിറുത്തിവെക്കാനായിരുന്നു കോളിലൂടെ ആവശ്യപ്പെട്ടത്. ഇതോടെ കോഴിക്കോട്ടെ ജോയന്റ് കമ്മിഷണറും കാസർകോട്ടെ ഡെപ്യൂട്ടി കമ്മിഷണറും നികുതി നഷ്ടത്തെ കുറിച്ച് ഒരു ചോദ്യം പോലും പിന്നീട് ഉന്നയിച്ചില്ല. ഈ നടപടികൾ ദുരൂഹമാണെന്ന് ജി.എസ്.ടി.യുടെ എസ്.ഐ.ടി. സംഘം റിപ്പോർട്ട് ചെയ്തു. സർക്കാരിന് 25.78കോടിയുടെ നികുതി നഷ്ടമാണുണ്ടായത്. ഇതിന് ഉത്തരവാദികളായവർക്കെതിരെ വകുപ്പുതല നടപടിക്കാണ് ശുപാർശ. എന്നാൽ അക്കാര്യത്തിൽ സർക്കാർ ഇതുവരെ നടപടി എടുത്തിട്ടില്ല. തുടരന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ ആലോചനയുണ്ടെങ്കിലും വിശദമായ നിയമപരിശോധനകൾക്കും ചർച്ചകൾക്കും ശേഷമേ അതുണ്ടാകുകയുള്ളു. മന്ത്രിസഭയുടെ അനുമതിയും വേണ്ടിവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |