
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒരു അവസരമായി കണ്ട് ഒക്ടോബറിൽ സമഗ്ര വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കോൺഫെഡറേഷൻ ഒഫ് റിന്യുവബിൾ എനർജി (കോർ) സംഘടിപ്പിച്ച 'കോർ റിന്യൂ എക്‌സ്‌പോ ആൻഡ് എനർജി കോൺക്ലേവ് 2026" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഊർജപ്രതിസന്ധിയുണ്ട്. ഏത് മാർഗത്തിലൂടെയായാലും ലോഡ്‌ഷെഡിംഗ് ഒഴിവാക്കി ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്‌ക്കാനാണ് സർക്കാർ ശ്രമം. പുതിയ നയത്തിൽ സൗരോർജ്ജത്തിനായിരിക്കും മുൻഗണന. വൈദ്യുതി ആവശ്യം ക്രമാതീതമായി വർദ്ധിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. ആരെയും കുറ്റപ്പെടുത്താനില്ല. പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഈ സാഹചര്യത്തിൽ പാരമ്പര്യേതര ഊർജസ്രോതസുകളിലേക്ക് മാറേണ്ടത് അത്യന്താപേക്ഷിതമാണ്. പുറത്തുനിന്ന് വൈദ്യുതിക്ക് ലഭ്യത കുറവാണ്. സ്വാപ് പദ്ധതി പ്രകാരം നേരത്തെ വാങ്ങിയ വൈദ്യുതി തിരിച്ചു നൽകുകയാണ്. പുനരുപയോഗ ഊർജ മേഖലയ്ക്ക് വരുംദിവസങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകും. പീക്ക് അവർ മാനേജ്‌മെന്റ് കുറച്ചുനാൾ കൂടി ആവശ്യമായി വരും. പ്രതിസന്ധി വഷളാകട്ടെയെന്ന് കരുതി മനഃപൂർവ്വം വൈദ്യുതി തടസപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പുനരുപയോഗ ഊർജമെന്ന് കേട്ടാൽ ചൊറിച്ചിൽ
റിന്യൂവബിൾ എനർജി എന്ന് കേൾക്കുമ്പോൾ കെ.എസ്.ഇ.ബിയിലെ ചിലർക്ക് ചൊറിച്ചിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 13,000 കോടിയുടെ വൈദ്യുതിയാണ് നിലവിൽ പുറത്തുനിന്ന് വാങ്ങുന്നത്. ഈ വർഷം അത് 16,000 കോടിയായി ഉയരും. ഇത്രയും വലിയ തുക പുറത്തേക്ക് പോകുന്നതിനാലാണോ പദ്ധതികളോടുള്ള എതിർപ്പെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |