
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി കേസിലെ ഇ.ഡി നീക്കത്തിൽ പിണറായി വിജയനെ പിന്തുണയ്ക്കാൻ തയ്യാറാകാതെ സി.പി.ഐ. പിണറായി വിജയനുമായി ബന്ധപ്പെട്ട കേസിന്റെ വിവരങ്ങൾ പൂർണമായും അറിയില്ലെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്.
വിശദാംശങ്ങൾ അറിഞ്ഞശേഷം ഇ.ഡി കേസിൽ നിലപാട് സ്വീകരിച്ചാൽ മതിയെന്ന് കഴിഞ്ഞ ദിവസം സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. സിപിഐ രാഷ്ട്രീയം എന്നും എൽഡിഎഫ് രാഷ്ട്രീയമാണെന്നും ഇടത് രാഷ്ട്രീയമാണെന്നും മാത്രമാണ് ഇ.ഡി കേസിലെ പിന്തുണയെക്കുറിച്ചുള്ള ചോദ്യങ്ങളോട് ബിനോയ് വിശ്വം പ്രതികരിച്ചത്. എല്ലാ കാര്യങ്ങളിലും സി.പി.ഐയ്ക്ക് രാഷ്ട്രീയമുണ്ട്. ഇടത് മൂല്യങ്ങൾ സി.പി.ഐക്ക് നിർബന്ധമാണ്. കേന്ദ്ര ഏജൻസികൾ രാഷ്ട്രീയം കളിച്ചാൽ രാഷ്ട്രീയമായി എൽ.ഡി.എഫ് നേരിടും. ഇ.ഡിയെ എല്ലാവർക്കുമറിയാം. രാഷ്ട്രീയത്തിന്റെ കണ്ണുവെച്ചുകൊണ്ട് കേന്ദ്ര ഏജൻസികൾ വരാറുണ്ട്. ആ നീക്കമുണ്ടായാൽ എൽ.ഡി.എഫ് എതിർക്കും. അതാണ് സി.പി.ഐ നയമെന്നും ബിനോയ് വിശ്വം പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐക്ക് നൽകുന്നതിൽ ശക്തമായ എതിർപ്പാണ് പിണറായി വിജയൻ ഉയർത്തിയത്. ഇതാണ് സി.പി.ഐയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. സർക്കാർ നീക്കങ്ങൾ അറിഞ്ഞശേഷം മാത്രം പ്രതികരിച്ചാൽ മതിയെന്നാണ് സി.പി.ഐ തീരുമാനം. പിണറായിയെ പിന്തുണയ്ക്കുകയും പിന്നീട് ഇ.ഡി കത്തിൽ പറയുന്നത് ശരിയായി വരികയും ചെയ്താൽ പാർട്ടിക്ക് നാണക്കേടുണ്ടാകും. അതിനാൽ വിശദമായി കാര്യങ്ങൾ അറിഞ്ഞശേഷം പ്രതികരണം മതിയെന്നാണ് പൊതുനിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |