SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.36 AM IST

പുതുമയും യുവത്വവുമായി പി.ബിയും കേന്ദ്ര കമ്മിറ്റിയും

cpm

മധുര: പൊളിറ്റ് ബ്യൂറോയിൽ ആറും കേന്ദ്ര കമ്മിറ്റിയിൽ മുപ്പതും പുതിയ നേതാക്കളെ ഉൾപ്പെടുത്തി സി.പി.എം തലമുറ മാറ്റത്തിലേക്ക്. പി.ബിയിലും കേന്ദ്ര കമ്മിറ്റിയിലും പ്രകാശ് കാരാട്ട് പക്ഷം പിടിമുറുക്കുന്നതും ദൃശ്യമായി. മലയാളിയായ വിജു കൃഷ്‌ണൻ പി.ബിയിൽ എത്തിയപ്പോൾ,കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്ന് മുഹമ്മദ് റിയാസ്, പി.കെ. ബിജു, എം.ബി.രാജേഷ് തുടങ്ങിയവരെ പരിഗണിച്ചില്ലെന്നതും ശ്രദ്ധേയമായി.

പ്രകാശ് കാരാട്ടിന് പകരമുള്ള പാർട്ടി സെന്റർ പ്രതിനിധിയാണ് കിസാൻ സഭ ജനറൽ സെക്രട്ടറിയും കണ്ണൂർ കരിവെള്ളൂർ സ്വദേശിയുമായ വിജു കൃഷ്ണൻ പി.ബിയിൽ എത്തിയത്. കർഷക സമര നേതൃനിരയിലെ പ്രകടനവും ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിജു കൃഷ്‌ണന് തുണയായി.

വനിതാ പ്രാതിനിദ്ധ്യം ഉറപ്പാക്കി മറിയം ധാവ്‌ളെ, യു.വാസുകി എന്നിവരെ പി.ബിയിൽ ഉൾപ്പെടുത്തി. അശോക് ധാവ്‌ളെയുടെ പത്‌നിയും ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ മറിയം ധാവ്‌ളെയും തമിഴ്നാട്ടിൽ നിന്നുള്ള യു. വാസുകിയും ഔദ്യോഗിക പക്ഷത്തിന്റെ നോമിനികളായാണ് വന്നത്. കേരളത്തിൽ നിന്ന് കെ.കെ. ശൈലജയെ പരിഗണിച്ചില്ല. പ്രകാശ് കാരാട്ടും വൃന്ദയും ഒഴിഞ്ഞെങ്കിലും അശോക് ധാവ്‌ളെ-മറിയം എന്നിവർ ദമ്പതികളായുണ്ട്.

ജി. രാമകൃഷ്‌ണന് പകരം കെ. ബാലകൃഷ്‌ണനെക്കൂടി പരിഗണിച്ചപ്പോൾ തമിഴ്നാട്ടിന് രണ്ട് പ്രതിനിധികളായി.

മണിക് സർക്കാരിന് പകരം ത്രിപുര സെക്രട്ടറി ജിതൻ ചൗധരി, സുര്യകാന്ത് മിശ്രയ്‌ക്ക് പകരം പശ്ചിമ ബംഗാളിൽ നിന്ന് ശ്രീദീപ് ഭട്ടാചാര്യ എന്നിവർക്കൊപ്പം രാജസ്ഥാനിൽ നിന്നുള്ള ലോക്‌സഭാ അംഗം അമ്രറാം കൂടി വന്നതോടെയാണ് പിബി അംഗബലം 18 ആയത്. കണ്ണൂർ പാർട്ടി കോൺഗ്രസിൽ 17 അംഗ പി.ബി ആയിരുന്നു. പി.ബിയിലെ മറ്റൊരു പുതുമുഖം ആർ.അരുൺ കുമാർ കേന്ദ്ര കമ്മിറ്റി അംഗം കെ ഹേമലതയുടെ മകനും എസ്.എഫ്.ഐ മുൻ ദേശീയ അദ്ധ്യക്ഷനുമാണ്.

കേന്ദ്രകമ്മിറ്റിയിൽ നിന്ന് എ.കെ.ബാലൻ ഒഴിവായപ്പോൾ,അദ്ദേഹത്തിന്റെ തട്ടകമായ പാലക്കാട്ടു നിന്ന് വനിതാ, ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിൽ മുൻ ഷൊർണ്ണൂർ എം.എൽ.എ കെ.എസ്.സലീഖ അപ്രതീക്ഷിത എൻട്രിയായി. അവസരം നഷ്‌ടമായത് പി.കെ. സൈനബയ്‌ക്ക്. എ എൽ.ഡി.എഫ് കൺവീനർ എന്ന നിലയ്‌ക്കാണ് ടി.പി.രാമകൃഷ്‌ണന് അവസരം കിട്ടിയത്. പാർട്ടി സെന്ററും ഡൽഹി പാർട്ടി കേന്ദ്രവുമായുള്ള ഏകോപനം നിർവഹിച്ച ദേശാഭിമാനി ചീഫ് എഡിറ്റർ കൂടിയായ പുത്തലത്ത് ദിനേശനും കടന്നുവന്നു. ടി.പി. രാമകൃഷ്‌ണനും ഇ.പി.ജയരാജനും 74 വയസാണെന്നതും ശ്രദ്ധേയം.

കേന്ദ്രകമ്മിറ്റിയിലെ 30 പുതുമുഖങ്ങളിൽ പശ്ചിമ ബംഗാൾ ഡി.വൈ.എഫ്.ഐ സെക്രട്ടറി മീനാക്ഷി മുഖർജി, ത്രിപുരയിൽ നിന്നുള്ള എഴുത്തുകാരിയും യുവനേതാവുമായ കൃഷ്‌ണ രക്ഷിത് എന്നിവരടക്കം ഏഴ് വനിതകളുണ്ട്. ശരാശരി 50 വയസുള്ളവരാണ് പുതിയ അംഗങ്ങൾ. കണ്ണൂർ പാർട്ടി കോൺഗ്രസിലെ കേന്ദ്ര കമ്മിറ്റിയിൽ 17 പുതുമുഖങ്ങൾ മാത്രമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA