
തിരുവനന്തപുരം: താൻ യു.ഡി.എഫ് കൺവീനറായ നാൾ മുതൽ അവഗണന നേരിടുന്നുണ്ടെന്ന് അടൂർ പ്രകാശ് എം.പി കേരളകൗമുദിയോട് പറഞ്ഞു. എന്തു പറഞ്ഞാലും അത് കേട്ടുകൊണ്ടു പോകുമെന്ന തോന്നൽ പലർക്കുമുണ്ടായതുകൊണ്ടാവാം അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
? തീരുമാനങ്ങൾ യു.ഡി.എഫിൽ ചർച്ച ചെയ്യാറില്ലേ
മന്ത്രിസഭ അധികാരമേറ്റ ശേഷം ഒരു യു.ഡി.എഫ് യോഗമേ ചേർന്നിട്ടുള്ളു. എല്ലാ മാസവും യു.ഡി.എഫ് യോഗം ചേരണമെന്നും എല്ലാ കാര്യങ്ങളും യു.ഡി.എഫിൽ ചർച്ച ചെയ്ത് തീരുമാനിക്കണമെന്നുമായിരുന്നു അന്നത്ത ധാരണ. അതൊന്നുമുണ്ടായില്ല.
?മുതിർന്ന നേതാവായിട്ടും എന്തു കൊണ്ട് കാര്യങ്ങൾ ആലോചിക്കുന്നില്ല
എന്തുപറഞ്ഞാലും അതു കേട്ടുകൊണ്ടങ്ങു പോകും എന്ന തോന്നൽ ഉണ്ടായിരിക്കാം. എം.കെ.മുനീറിന്റെയും ദേവരാജന്റെയും പദവികൾ സംബന്ധിച്ചാണെങ്കിൽ അവർ അർഹതപ്പെട്ടവരല്ല എന്നല്ല എന്റെ അഭിപ്രായം. പക്ഷേ, അത് പത്രങ്ങളിലൂടെ വായിക്കണം എന്നു പറഞ്ഞാൽ യു.ഡി.എഫ് കൺവീനർ സ്ഥാനം വഹിച്ചുകൊണ്ടു പോവുന്നത് ശരിയല്ല. ഇപ്പോഴത്തെ സി.എം പ്രതിപക്ഷ നേതാവായിരുന്നപ്പോഴും അവഗണന ഉണ്ടായിട്ടുണ്ട്. ആ അവഗണന സഹിക്കാൻ പറ്റില്ല. എന്നെ കൺവീനർ സ്ഥാനത്ത് വച്ചത് എ.ഐ.സി.സിയാണ്.
?നിയസഭ തിരഞ്ഞെടുപ്പ് സമയത്തും ഈ സ്ഥിതി ഉണ്ടായിരുന്നോ
തിരഞ്ഞെടുപ്പ് സമയത്ത് ഓടിനടന്ന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ട്, എല്ലാ മേഖലയിലും. അപ്പോഴും മുന്നണി തീരുമാനിക്കേണ്ട കാര്യങ്ങൾ പത്രത്തിലൂടെ വായിച്ചറിയണമെന്നു വന്നാൽ, ഈ സ്ഥാനത്ത് ഇരുന്നിട്ട് കാര്യമില്ലല്ലോ.
?കെ.പി.സി.സി ഭാരവാഹികളായ ചിലരും മന്ത്രിസഭയിലുണ്ടല്ലോ. അവർ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ലല്ലോ
അവർക്ക് മറ്രെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്നറിയില്ലല്ലോ. ഫിനാൻസ് മുഖ്യമന്ത്രിയുടെ കൈയിലാണല്ലോ. അവരവരുടെ വകുപ്പുകളിൽ പല കാര്യങ്ങളും ചെയ്യേണ്ടിവരുമ്പോൾ ബുദ്ധിമുട്ടുണ്ടാവുമെന്നതിനാലാവും.
?മന്ത്രി വിഷ്ണുനാഥിന്റെ വകുപ്പിലെ തീരുമാനങ്ങൾ വന്നപ്പോൾ അങ്ങോട്ട് ചോദിച്ചിരുന്നോ
നത്തിംഗ്, ഒന്നും ചോദിച്ചില്ല. അർഹതപ്പെട്ട ആളുകളെയാവും അവർ നിയോഗിച്ചത്. അവരുടെ അർഹതയെക്കുറിച്ച് പൊതുരംഗത്ത് നിൽക്കുന്ന ഒരാളെന്ന നിലയ്ക്ക് മനസിലാക്കാൻ കഴിയും.
?ഇപ്പോഴത്തെ അവസ്ഥയ്ക്ക് എന്താണ് പരിഹാരം.
എ.ഐ.സി.സിക്ക് കത്ത് നൽകും. പരിഹാരം എന്തെന്ന് അവിടെ തീരുമാനിക്കട്ടെ.
?തദ്ദേശ തിരഞ്ഞെടുപ്പ് സമയത്തും വേണ്ടത്ര കൂടിയാലോചന നടന്നില്ലേ
ഒരു ആലോചനയും നടന്നില്ല. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ ഞാൻ ഓടി നടന്നു കഴിയും വിധം പ്രവർത്തിച്ചു. പാലക്കാട്ടെ പരിപാടി കഴിഞ്ഞപ്പോഴാണ് റെയിൽവേ ഡിവിഷൻ മാറ്റവുമായി ബന്ധപ്പെട്ട് ഡൽഹിക്ക് പോയത്. ഡ്രസുപോലും എടുക്കാതെയാണ് പോയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |