SignIn
Kerala Kaumudi Online
Monday, 15 June 2026 2.26 AM IST

അച്ചടക്ക നടപടി പിൻവലിച്ചു; ലഹരിക്കടത്ത് കേസിൽ പുറത്താക്കിയ എ ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

READ ENGLISH VERSION
a-shanavas

ആലപ്പുഴ: ലഹരിക്കടത്ത് കേസിലകപ്പെട്ടതിന് പിന്നാലെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയ ആലപ്പുഴയിലെ പ്രാദേശിക നേതാവ് എ ഷാനവാസിനെ പാർട്ടി തിരിച്ചെടുത്തു. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. പാർട്ടിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഷാനവാസ് നേരത്തേ അപേക്ഷ നൽകിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ആയിരുന്നതിനാലാണ് നടപടി വൈകിയത്.

കേസിൽ ആരോപണവിധേയനായ എ ഷാനവാസിന് നേരത്തേ ആലപ്പുഴ നഗരസഭയിൽ സിപിഎം സീറ്റ് നൽകിയത് വലിയ വിവാദമായിരുന്നു. തോണ്ടൻകുളങ്ങര വാർഡിലാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി ഷാനവാസ് മത്സരിച്ചത്. ഷാനവാസ് ഇപ്പോൾ 'നല്ല കമ്മ്യൂണിസ്റ്റാണ്' എന്ന് ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞിരുന്നു.

2023 ജനുവരിയിലാണ് കരുനാഗപ്പള്ളിയിൽ വച്ച് ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽ നിന്ന് നിരോധിത പുകയില പിടികൂടിയത്. ലക്ഷങ്ങൾ വിലയുള്ള ലഹരി പിടികൂടിയത് വലിയ രാഷ്‌ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ലോറി വാടകയ്‌‌ക്കെടുത്തവരാണ് ലഹരി കടത്തിയതെന്നായിരുന്നു ഷാനവാസിന്റെ പ്രതികരണം. എന്നാൽ, ആലപ്പുഴ ഏരിയ കമ്മിറ്റി അംഗവും നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷനുമായിരുന്ന ഷാനവാസിനെ പാർട്ടി പുറത്താക്കി. പാർട്ടിയെ അറിയിക്കാതെ ലോറി വാങ്ങിയതും വാടകയ്‌ക്ക് നൽകിയ ലോറിയിൽ പുകയില കടത്തിയതുമായിരുന്നു നടപടിക്ക് കാരണം.

പിന്നീട് ഷാനവാസിന് പൊലീസ് ക്ലീൻചിറ്റ് നൽകിയിരുന്നു. ഷാനവാസിനെതിരെ തെളിവില്ലെന്ന് കാട്ടി സ്‌പെഷ്യൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. വാഹനം വാടകയ്‌ക്ക് നൽകിയതാണെന്നും ലഹരിക്കടത്തിൽ പങ്കില്ലെന്നുമുള്ള ഷാനവാസിന്റെ വാദം ശരിവച്ച് പൊലീസ് റിപ്പോർട്ട് നൽകുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM, A SHANAVAS, DRUG CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA