
കൊച്ചി: പൊലീസ് അസോസിയേഷനുകളുടെ അംഗത്വ ഘടന മാറ്റാനും പുനഃസംഘടിപ്പിക്കാനുമുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.പി.ഒ.എ) നൽകിയ ഹർജിയിലും ഹൈക്കോടതി സ്റ്റേ അനുവദിച്ചു. അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനവും വിലക്കി. കഴിഞ്ഞ ദിവസം കേരള പൊലീസ് അസോസിയേഷൻ (കെ.പി.എ) നൽകിയ ഹർജിയിലെ സ്റ്റേ ഉത്തരവ് ഇതിലും ബാധകമാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. ഹർജി വീണ്ടും ആഗസ്റ്റ് എട്ടിന് പരിഗണിക്കും. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനും ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നോട്ടീസയച്ചു. ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പൊലീസ് അസോസിയേഷനുകൾ പുനഃസംഘടിപ്പിക്കുന്നതിന് മതിയായ കാരണങ്ങളൊന്നും പ്രഥമദൃഷ്ട്യാ കാണുന്നില്ലെന്നു കോടതി വ്യക്തമാക്കി. സർക്കാർ തീരുമാനം നിയമവിരുദ്ധവും അസോസിയേഷന്റെ സ്വതന്ത്ര നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നതുമാണെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജു അടക്കം നൽകിയ ഹർജിലിൽ ചൂണ്ടിക്കാട്ടി. 11,000 അംഗങ്ങളുണ്ട് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |