കൊച്ചി: മദ്യപിച്ച് ലക്കുകെട്ട് അമിതവേഗത്തിൽ ആഡംബര കാറോടിച്ച് നെടുമ്പാശേരിയിൽ മൂന്നു പേരുടെ ജീവനെടുത്ത സുഹൈൽ സജീവിന് (19) റിമാൻഡിലായിട്ടും കൂസലില്ല.അപകടസ്ഥലത്ത് നാട്ടുകാരോടും പൊലീസിനോടും ധാർഷ്ട്യത്തോടെ പെരുമാറിയിരുന്നു.
ഞായറാഴ്ച രാത്രി മജിസ്‌ട്രേട്ട് റിമാൻഡ് ചെയ്ത സുഹൈലിനെ ഇന്നലെ പുലർച്ചെയാണ് 21 വയസിൽ താഴെയുള്ള കുറ്റവാളികളെ പാർപ്പിക്കുന്ന ബോസ്റ്റൽ സ്‌കൂളിൽ എത്തിച്ചത്. കാക്കനാട് ജില്ലാജയിലിനോട് ചേർന്നുള്ള ദുർഗുണ പരിഹാര പാഠശാലയാണിത്. കാറിലുണ്ടായിരുന്ന സുഹൃത്ത് നിനവും ഇവിടെ റിമാൻഡിലാണ്. ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. 23 വയസ് തികയാത്ത ഇവർക്ക് മദ്യം നൽകിയതിന് വൈറ്റില, പാലാരിവട്ടം, നെടുമ്പാശേരി എന്നിവിടങ്ങളിലെ ബാർ ഹോട്ടലുകൾക്കെതിരെ എക്സൈസ് കേസെടുത്തു. രണ്ടെണ്ണം ഫൈവ് സ്റ്റാർ ഹോട്ടലുകളാണ്. ബാർ ലൈസൻസ് റദ്ദാക്കാൻ എക്സൈസ് കമ്മിഷണർക്ക് എറണാകുളം ഡെപ്യൂട്ടി കമ്മിഷണർ റിപ്പോർട്ട് നൽകി.
അപകടസമയത്തെ വേഗത നിർണയിക്കാൻ മിനി കൂപ്പറിന്റെ സോഫ്റ്റ്‌വെയർ കമ്പനി ടെക്നീഷ്യൻ എത്തി പരിശോധിച്ചു. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ വീണ്ടും പരിശോധന നടത്തും. 120 കിലോമീറ്റർ വേഗത്തിലാണ് കാറോടിച്ചതെന്ന് സുഹൈൽ സമ്മതിച്ചിരുന്നു.
കൊലക്കുറ്റം ചുമത്തണം: ദേവികയുടെ കുടുംബം
കൽപ്പറ്റ: സുഹൈൽ സജീവിനെതിരെ കൊലക്കുറ്റം ചുമത്തമെന്ന് മരിച്ച ദേവികയുടെ കുടുംബം ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രിക്കും ജില്ലാപൊലീസ് മേധാവിക്കും പരാതി നൽകി. ആവശ്യം സർക്കാർ അംഗീകരിച്ചില്ലെങ്കിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിച്ച് പ്രക്ഷോഭം നടത്താനാണ് തീരുമാനം.
''ഇനി അമ്മയും അച്ഛനും കഷ്ടപ്പെടേണ്ടി വരില്ലെന്ന് അവൾ പറയുമായിരുന്നു. നല്ലൊരു ജോലി കിട്ടുമല്ലോ. അപ്പോൾ അപ്പുവിനെ (അനുജൻ ദേവനന്ദ്) പഠിപ്പിച്ചുകൊള്ളാം എന്നൊക്കെപ്പറഞ്ഞതാണ്. അവൾ പോയില്ലേ. ഇനി ഞങ്ങൾക്ക് ആരാണുള്ളത്?"" -ദേവികയുടെ അമ്മ വിതുമ്പലോടെ പറഞ്ഞു.
രണ്ടു പേർ കൂടി അറസ്റ്റിൽ
അപകടസമയത്ത് കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശികളായ ജോയൽ എസ്. ആന്റോ (19), അമീൻ ഷാ (19) എന്നിവരും അറസ്റ്റിലായി. ഇവരെയും ബോസ്റ്റൽ സ്കൂളിലേക്ക് റിമാൻഡ് ചെയ്തു. ഇവർ മറ്റൊരു കാറിൽ രക്ഷപ്പെടുകയായിരുന്നു. കൂട്ടു പ്രതിയായ നിനവിന്റെ സുഹൃത്തുക്കളാണ് ഇരുവരും. മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിക്കുന്നത് തടയാത്തതിന് പ്രേരണക്കുറ്റം ചുമത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |