SignIn
Kerala Kaumudi Online
Thursday, 25 June 2026 12.49 PM IST

ദുൽഖർ നേരിട്ട് ഹാജരാകണം, നോട്ടീസ് നൽകും; ഓപ്പറേഷൻ നുംഖോറിൽ കസ്റ്റംസ് തുടർനടപടികളിലേക്ക്

READ ENGLISH VERSION
dulquer-salmaan

കൊച്ചി: ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകളുൾപ്പെടെ വാഹനങ്ങൾ നികുതിയടയ്ക്കാതെ ഇന്ത്യയിലെത്തിച്ച് വിറ്റെന്ന കേസിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഊർജിത അന്വേഷണം തുടങ്ങി. നടൻ ദുൽഖർ സൽമാൻ ഉൾപ്പടെയുള്ളവർക്ക് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകും. വീട്ടിൽ നിന്ന് രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തതിനെ തുടർന്ന് അമിത് ചക്കാലയ്ക്കലിനെ ഇന്നലെ അർദ്ധരാത്രി മുഴുവൻ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ കൂടുതൽ കാറുകൾ പിടിച്ചെടുക്കാൻ സാദ്ധ്യതയുണ്ട്.

വിദേശത്ത് നിന്ന് ആഡംബര വാഹനങ്ങൾ ഇറക്കുമതി ചെയ്ത സംഭവത്തിൽ കള്ളപ്പണം വെളുപ്പിക്കലിന്റെ സംശയങ്ങളുണ്ടെന്ന് കസ്റ്റംസ് കമ്മിഷണർ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. വാഹനം വാങ്ങിയവരാരും നേരായ മാർഗത്തിലൂടെയല്ല പണം നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ് കൂടെ കേസെടുക്കാൻ സാദ്ധ്യതയുണ്ട്. നടന്മാരായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വസതികളിലടക്കമായിരുന്നു ഇന്നലെ പരിശോധന നടന്നത്. ഇടനിലക്കാരിൽ നിന്നും സെക്കൻഡ് ഹാൻഡ് ഷോറൂമുകളിൽ നിന്നും വാങ്ങിയ വാഹനങ്ങളാണ് താരങ്ങളെ കുടുക്കിയത്.

ഓപ്പറേഷൻ 'നുംഖോർ' എന്ന പേരിലായിരുന്നു പരിശോധന. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ചതും വിന്റേജ് വിഭാഗത്തിൽപ്പെട്ടതുമായ വാഹനങ്ങൾ കടത്തിക്കൊണ്ടുവന്ന് വിൽക്കുന്ന സംഘത്തെ പൂട്ടുകയായിരുന്നു ലക്ഷ്യം. 25 ലക്ഷം രൂപയിലധികം നൽകിയാണ് വാഹനങ്ങൾ താരങ്ങളടക്കം സ്വന്തമാക്കിയത്. ഭൂട്ടാനിൽ നിന്ന് വാഹനങ്ങളെത്തിച്ച ഇടനിലക്കാരുടെയും സെക്കൻഡ് ഹാൻഡ് ഷോറൂമുകളിൽ നിന്ന് വാഹനം വാങ്ങിയവരുടെയും വീടുകളിലടക്കം 35 ഇടങ്ങളിലായിരുന്നു പരിശോധന. കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ ഇന്നലെ രാവിലെ മുതൽ തുടങ്ങിയ പരിശോധന വൈകിട്ടുവരെ തുടർന്നു.

കോയമ്പത്തൂരിലെ വാഹനക്കടത്ത് സംഘം മുഖേന എത്തിച്ച 150 മുതൽ 200വരെ വാഹനങ്ങൾ അനധികൃതമായി ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് കേരളത്തിൽ എത്തിച്ചെന്നായിരുന്നു കസ്റ്റംസിനു ലഭിച്ച വിവരം. ഇടനിലക്കാർ മുഖേന താരങ്ങളടക്കം വാഹനങ്ങൾ വാങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പരിശോധന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA, LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA