SignIn
Kerala Kaumudi Online
Friday, 19 June 2026 1.58 PM IST

ജനവിധി പാഠമാക്കി മിന്നൽ മുഖംമിനുക്കൽ

READ ENGLISH VERSION
gov

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻതിരിച്ചടിയുടെ പശ്ചാത്തലത്തിൽ ജനക്ഷേമ, വികസന പ്രവർത്തനങ്ങൾ അതിവേഗ സംവിധാനത്തിലൂടെ (ഫാസ്റ്റ് ട്രാക്ക്) നടപ്പാക്കാൻ സർക്കാർ.

2025ലെ തദ്ദേശതിരഞ്ഞെടുപ്പും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽകണ്ടാണിത്. സിൽവർലൈൻപോലെ വൻകിട പദ്ധതികൾക്ക് പിന്നാലെ പോവില്ല. ജനങ്ങൾക്ക് അനുഭവവേദ്യമാവുന്നതും ഒന്നരവർഷംകൊണ്ട് നടപ്പാക്കാനാവുന്നതുമായ വികസന പ്രവർത്തനങ്ങൾക്കായിരിക്കും മുൻതൂക്കം.

മുടങ്ങിയ ലൈഫ് ഭവനപദ്ധതി പോലുള്ളവ കാര്യക്ഷമമാക്കും. ക്ഷേമപെൻഷനുകളടക്കം ആനുകൂല്യങ്ങളുടെ കുടിശ്ശിക തീർക്കും.

ജനങ്ങളുടെ അപേക്ഷകളിലും നിവേദനങ്ങളിലും ഫയലുകളിലും വേഗത്തിൽ തീർപ്പുണ്ടാക്കും. ഇതിനായി ചീഫ്സെക്രട്ടറിയുടെ മേൽനോട്ടത്തിൽ എല്ലാ വകുപ്പുകളിലും നോഡൽ ഓഫീസർമാരെ നിയോഗിക്കും.

ജനങ്ങൾക്ക് ആവശ്യമുള്ള പദ്ധതികൾ തിരിച്ചറിഞ്ഞ് നടപ്പാക്കും. ഇതിനായി എല്ലാവകുപ്പ് സെക്രട്ടറിമാരിൽനിന്നും ജനപ്രതിനിധികൾ, രാഷ്ട്രീയനേതാക്കൾ എന്നിവരിൽനിന്നും അഭിപ്രായംതേടും. പദ്ധതികൾ മുൻഗണനാ പട്ടികയിൽപ്പെടുത്തി നടപ്പാക്കാനാണ് തീരുമാനം.

കെ-ഫോൺ, ലൈഫ്, നഗരഗതാഗത പദ്ധതികൾ, ചെറുകിടതുറമുഖ വികസന പദ്ധതികൾ, ജലപാത വികസനം എന്നിങ്ങനെ കെങ്കേമമെന്ന് അവകാശപ്പെട്ട് കൊണ്ടുവന്ന പദ്ധതികൾ ലക്ഷ്യംകണ്ടിട്ടില്ല. ആശുപത്രികളുടെ വികസനം ലക്ഷ്യമിട്ടെങ്കിലും മരുന്നു ക്ഷാമമാണ് ജനങ്ങൾക്ക് അനുഭവപ്പെട്ടത്.

വിഴിഞ്ഞം തുറമുഖ വികസനത്തിന് അനിവാര്യമായ ഔട്ടർറിംഗ് റോഡ്, കോഴിക്കോട്- തിരുവനന്തപുരം മെട്രോപദ്ധതികൾ, നഗരങ്ങളിലെ റോഡ് വികസനം, സംയോജിത ഗതാഗത പദ്ധതികൾ എന്നിവയ്ക്കും വേഗം പോരാ. ശബരിമല വിമാനത്താവളത്തിന് കേന്ദ്രാനുമതി നേടിയെടുക്കണം. തിരുവനന്തപുരം, കോഴിക്കോട് മെട്രോപദ്ധതികളുടെ അപേക്ഷ കേന്ദ്രത്തിന് അയച്ചിട്ടില്ല.

പി.എസ്.സി വഴി

പരമാവധി നിയമനം

 തൊഴിലവസരങ്ങൾ കൂട്ടാനുള്ളപദ്ധതികൾ നടപ്പാക്കും. യുവാക്കളുടെ രോഷം ജനവിധിയിൽ പ്രകടമായ സാഹചര്യത്തിൽ പി.എസ്.സി റാങ്ക്പട്ടികയിൽനിന്ന് പരമാവധി നിയമനമുണ്ടാവും.

ലൈഫിൽ 5ലക്ഷം വീട്

സാധാരണക്കാർക്ക് അടച്ചുറപ്പുള്ള വീട് നൽകുമെന്ന സർക്കാരിന്റെ ഉറപ്പ് ലൈഫ്പദ്ധതിയിൽ പാലിക്കാനായില്ല. 7വർഷംകൊണ്ട് പിണറായി സർക്കാർ പൂർത്തിയാക്കിയത് 3.49ലക്ഷം വീടുകളാണ്. 1.17ലക്ഷം നിർമ്മാണഘട്ടത്തിലാണ്. 2025മാർച്ചിൽ 5ലക്ഷം വീടുകൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA