SignIn
Kerala Kaumudi Online
Thursday, 10 September 2026 7.54 AM IST

ദിലീപ് കോടതിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പ്രോസിക്യൂഷൻ വാദം എന്തടിസ്ഥാനത്തിൽ ?

dileep

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപ് വിചാരണക്കോടതിയെ സ്വാധീനിക്കാൻ മുതിർന്നെന്ന പ്രോസിക്യൂഷൻ വാദം എന്ത് അടിസ്ഥാനത്തിലാണെന്ന് വിചാരണക്കോടതി ആരാഞ്ഞു. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള പ്രോസിക്യൂഷന്റെ ഹർജി തള്ളിയ വിധിയിലാണ് ജഡ്‌ജി ഹണി. എം. വർഗീസിന്റെ ചോദ്യം.

തെളിവായി രണ്ട് ശബ്ദരേഖകളാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. ദിലീപും അഭിഭാഷകനായ സുജേഷ് മേനോനും തമ്മിലുള്ള സംഭാഷണമാണ് ഒന്ന്. "അവരെ നമ്മൾ പതിയെ വിശ്വസിപ്പിച്ചെടുക്കണം" എന്നാണ് ഒന്നിൽ പറയുന്നത്. ഇതിലെ 'അവർ' ആരാണെന്ന് പറയുന്നില്ല. ജുഡിഷ്യൽ ഓഫീസർ ആണെന്നാണ് പ്രോസിക്യൂഷന്റെ നിഗമനം. എങ്ങനെ ആ നിഗമനത്തിലെത്തി? ജുഡിഷ്യൽ ഓഫീസർ എന്നാൽ വിചാരണക്കോടതി ജഡ്‌ജിയാണെന്ന് എങ്ങനെ പറയാനാവും? വസ്തുതകളുടെ പിൻബലമില്ലാത്ത അനുമാനം മാത്രമാണിത്.

ദിലീപിന്റെ ഫോണിലെ ശബ്ദരേഖയാണ് മറ്റൊന്ന്. ഏതോ കസ്റ്റഡി മരണത്തിൽ ഒരു എക്സൈസ് ഇൻസ്‌പെക്ടറുടെ പങ്കിനെ പറ്റി അഡ്വ. സന്തോഷ് എന്നയാളുമായി ആരോ സംസാരിക്കുന്നതാണ് ആ ശബ്ദരേഖ. ഇതാരുടെ ശബ്ദരേഖയാണെന്നോ അഡ്വ. സന്തോഷ് ആരാണെന്നോ പ്രോസിക്യൂഷൻ വ്യക്തമാക്കുന്നില്ല. ഈ ശബ്ദരേഖയുമായി ദിലീപിന് എന്താണ് ബന്ധമെന്ന് തെളിയിക്കാതെ കോടതിക്ക് ഇതിന്റെ ബാദ്ധ്യത ദിലീപിൽ ചുമത്താനാവില്ലെന്നും വിധിയിൽ പറയുന്നു.

 സാക്ഷികളെ സ്വാധീനിച്ചെന്ന വാദവും തള്ളി

സാക്ഷികളായ വിപിൻലാൽ, ജിൻസൺ, സാഗർ വിൻസെന്റ്, ശരത് ബാബു, ഡോ. ഹൈദരാലി, ദാസൻ എന്നിവരെ ദിലീപ് സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. വിപിൻലാലിന്റെയും ജിൻസണിന്റെയും കാര്യം മറ്റൊരു ഹർജിയിൽ തള്ളിയതാണ്. വസ്തുതകൾ മറച്ചുവയ്‌ക്കാൻ പണം നൽകിയെന്ന് സാഗറിന്റെ മൊഴിയുണ്ട്. അത് പൊലീസ് പീഡിപ്പിച്ച് പറയിച്ചതാണെന്ന് സാഗർ പിന്നീട് കോടതിയിൽ പരാതി നൽകിയിട്ടുണ്ട്. ഡോ. ഹൈദരാലി ദിലീപിന്റെ കുടുംബഡോക്ടറാണ്. അഭിഭാഷകനെ കാണുന്ന കാര്യമാണ് ഹൈദരാലി പറയുന്നത്. സുരാജും അനൂപും ദിലീപിന്റെ ബന്ധുക്കളാണ്. അവർ ദിലീപിനെതിരെ മൊഴിനൽകില്ല. പ്രതിയുടെ ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി കോടതിയിൽ മാറ്റിപ്പറയാറുണ്ട്. പ്രതിയോടുള്ള ഇഷ്ടവും അടുപ്പവും കൊണ്ടാണത്. ദിലീപും കൂട്ടരും ഫോണുകളിലെ തെളിവുകൾ നശിപ്പിച്ചെന്ന് പറയുമ്പോൾ ഈ തെളിവുകൾ ഫോണിൽനിന്ന് കണ്ടെടുത്തെന്ന് പ്രോസിക്യൂഷൻ സമ്മതിക്കുന്നുണ്ട്. ഫോണുകൾ മുംബയിലെ ലാബിൽ നൽകിയെന്ന ഒറ്റക്കാരണത്താൽ തെളിവ് നശിപ്പിച്ചെന്ന വാദം അംഗീകരിക്കാനാവില്ല. ശബ്ദരേഖകൾ ദിലീപിന്റെയും കൂട്ടരുടേതുമാണെന്നതിന് തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

കൂറുമാറിയ 22 സാക്ഷികളിൽ ആറുപേർ ദിലീപിന്റെ കുടുംബാംഗങ്ങളാണെന്ന് പ്രതിഭാഗം വാദിച്ചു. അഞ്ചുപേർ സിനിമാ രംഗത്തുള്ളവരും ദിലീപിന്റെ സുഹൃത്തുക്കളുമാണ്. ദിലീപുമായി ബന്ധമില്ലാത്തവരാണ് നാലുപേർ. ഇവരാരും ദിലീപോ ഒപ്പമുള്ളവരോ സ്വാധീനിച്ചെന്ന് പറഞ്ഞിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DILEEP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA