SignIn
Kerala Kaumudi Online
Saturday, 30 May 2026 6.18 PM IST

'സംസ്ഥാനത്ത് ലോഡ്‌ ഷെഡിംഗ് ഇല്ല'; ഇന്നലെ പെയ്‌ത മഴ അനുകൂലമായെന്ന് മന്ത്രി

READ ENGLISH VERSION
krishnankutty

തിരുവനന്തപുരം: സംസ്ഥാനത്ത് തൽക്കാലം ലോഡ്‌ ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. പവർ എക്‌സ്‌ചേഞ്ച് വഴി അപേക്ഷിച്ച 250 മെഗാ വാട്ട് വൈദ്യുതി കിട്ടുന്നതും കഴിഞ്ഞ ദിവസം പെയ്‌ത മഴയുമാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. മഴ വന്നാൽ പ്രശ്‌നം വരില്ല. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ ലോഡ് ഷെഡിംഗിന്റെ ആവശ്യം വന്നേക്കാം.

കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലും കറണ്ട് പോകാൻ കാരണം ഓവർ ലോഡ് വരുമ്പോൾ ഡ്രിപ്പ് ആയതാണെന്നും മന്ത്രി പറഞ്ഞു. കെഎസ്‌ഇബി റെഗുലേറ്ററി കമ്മീഷൻ അംഗങ്ങളുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ കൃഷ്‌ണൻകുട്ടി.

'പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള പെറ്റീഷൻ വൈകിച്ചത് റെഗുലേറ്ററി കമ്മീഷനാണ്. നടപടികൾ വൈകിയത് എന്തുകൊണ്ടാണെന്ന് അവരോട് തന്നെ ചോദിക്കണം. പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു കെഎസ്‌ഇബി. പിന്നീട് വീണ്ടും ഇടപെട്ടാണ് അനുമതി വാങ്ങിയത്. കെഎസ്ഇബി നൽകുന്ന അപേക്ഷയിൽ പെട്ടെന്ന് തീരുമാനമെടുക്കേണ്ട ഉത്തരവാദിത്തം റെഗുലേറ്ററി കമ്മീഷനുണ്ട്. ഇപ്പോൾ സംസ്ഥാനത്ത് ലോഡ്‌ ഷെഡിംഗ് ഇല്ല. കറണ്ട് പോകുന്നത് ലോഡ് കൂടി ഡ്രിപ്പാകുമ്പോഴാണ്' - കെ കൃഷ്‌ണൻകുട്ടി പറഞ്ഞു.

ഇന്നലെയാണ് സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് പ്രഖ്യാപിച്ചത്. ഇത് അധികനാൾ വേണ്ടിവരില്ലെന്ന് കെഎസ്‌ഇബി ഇന്ന് അറിയിച്ചതിന് പിന്നാലെയാണ് ലോഡ് ഷെഡിംഗ് തന്നെ കാണില്ലെന്ന് വൈദ്യുതി മന്ത്രി പറഞ്ഞിരിക്കുന്നത്. നിലവിൽ 200 മെഗാവാട്ടിന്റെ കുറവ് മാത്രമാണുള്ളതെന്നും കൂടംകുളം നിലയത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടിത്തുടങ്ങിയെന്നുമാണ് കെഎസ്‌ഇബി അറിയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: K KRISHNANKUTTY, LOAD SHEDDING, KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA