SignIn
Kerala Kaumudi Online
Saturday, 16 May 2026 12.19 AM IST

അതിർത്തിക്കപ്പുറം തമിഴ്‌നാട്ടിൽ നിരോധിച്ചു, ഫാക്‌ടറികൾ അടപ്പിച്ചു; പക്ഷെ കേരളത്തിൽ കച്ചവടം വ്യാപകം

shops

വെള്ളറട: അതിർത്തിക്കപ്പുറത്ത് തമിഴ്നാട്ടിൽ പ്ളാസ്റ്റിക് കച്ചവടം നിരോധിക്കുകയും നടപടികൾ ശക്തമാക്കുകയും ചെയ്‌തോടെ അതിർത്തി ഗ്രാമങ്ങളിൽ പ്ളാസ്റ്റിക്കിന്റെ കച്ചവടം ഉയരുന്നു. തമിഴ്നാട്ടിൽ പ്ളാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം നിരോധിക്കുകയും ഫാക്ടറികൾ അടച്ചുപൂട്ടുകയും നിയമനടപടികൾ ശക്തമാക്കുകയും ചെയ്തു.


മലയോരമേഖലയിലെ മിക്കപഞ്ചായത്തുകളും പ്ളാസ്റ്റിക് ക്യാരി ബാഗുകളുടെയും പ്ളാസ്റ്റിക് പ്‌ളേറ്റുകളുടെയും ഉപയോഗം നിരോധിച്ചുകൊണ്ട് ഉത്തരവുകൾ പുറപ്പെടുവിക്കുകയും ബോധവത്കരണ സെമിനാറുകൾ സംഘടിപ്പിക്കുകയും ചെയ്തുവെങ്കിലും മാർക്കറ്റുകളിൽ ഇപ്പോഴും നിരോധിക്കപ്പെട്ട പ്ളാസ്റ്റിക് ഉത്പ്പന്നങ്ങൾ വിൽക്കുന്നുണ്ട്. ഹോട്ടലുകളിൽ പോലും പ്ളാസ്റ്റിക് കവറുകളിലും പ്ളാസ്റ്റിക് പേപ്പറുകളിലുമാണ് ചൂടുള്ള ഭക്ഷണങ്ങൾ പാർസൽ ചെയ്ത് വിൽക്കുന്നത്. നിയന്ത്രണം പ്രഖ്യാപിച്ചിട്ടും നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ നടപടികൾ ഉണ്ടാകാത്തതാണ് ഇതിന് കാരണം.

നടപടികൾ കർശനമാക്കണം

വ്യാപാര സ്ഥാപനങ്ങളിൽ പ്ളാസ്റ്റിക് ക്യാരിബാഗുകളിൽ തന്നെയാണ് സാധനങ്ങൾ നൽകുന്നത്. ഗ്രാമങ്ങളിൽ നിന്നും പ്ളാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

ഗ്രാമങ്ങൾ പ്ളാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിറയുകയാണ്. രാത്രി കാലങ്ങളിൽ ദൂരസ്ഥലങ്ങളിൽ നിന്നുപോലും ഗ്രാമങ്ങളിലെ റോഡു വക്കുകളിൽ വ്യാപകമായാണ് പ്ളാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവന്ന് നിക്ഷേപിക്കുകയാണ്.


പ്ലാസ്റ്റിക് നിർമ്മിത ക്യാരിബാഗുകൾ വ്യാപകം

അതിർത്തിക്കപ്പുറത്തെ പ്ളാസ്റ്റിക് ഉത്പ്പാദനകേന്ദ്രങ്ങളിൽ ഉത്പ്പാദനം തടഞ്ഞെങ്കിലും അതീവ രഹസ്യമായി ഉത്പ്പന്നങ്ങൾ കേരളത്തിൽ കച്ചവടത്തിനെത്തിക്കുന്ന സംഘങ്ങൾ സജീവമാണ്. മത്സ്യചന്തകളിലും മറ്റു കടകളിലും ഇപ്പോൾ പ്ളാസ്റ്റിക് നിർമ്മിത ക്യാരിബാഗുകളാണ് ഉപയോഗിക്കുന്നത്. പ്ളാസ്റ്റിക്കിന്റെ ഉപയോഗം മൂലമുള്ള രോഗങ്ങളെ കുറിച്ചുള്ള അറിവ് ലഭിക്കാത്തതാണ് ഉപയോഗം വീണ്ടും വർദ്ധിക്കാൻ ഇടയാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALAM, TAMILNADU, SALES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA