SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.47 PM IST

സ്ഥാനത്തിരിക്കുന്നവർ പാർട്ടിക്ക് പുറത്തും സ്വീകാര്യരാകണം : ജി. സുധാകരൻ

g-sudhakaran

ആലപ്പുഴ : സ്ഥാനത്തിരിക്കുന്നവർ പാർട്ടിക്ക് പുറത്തുള്ളവർക്കും സ്വീകാര്യരാകുമ്പോഴാണ് പാർട്ടി വളരുന്നതെന്ന് മുൻമന്ത്റി ജി.സുധാകരൻ പറഞ്ഞു. പൂയപ്പള്ളി തങ്കപ്പൻ എഴുതിയ 'സരസകവി മൂലൂർ എസ്.പത്മനാഭപ്പണിക്കർ കവിതയിലെ പോരാട്ടവീര്യം' എന്ന പുസ്തകത്തിന്റെ പ്രകാശനം ആലപ്പുഴ എൻ.ബി.എസ് അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

'അഞ്ചാറ് പേര് കെട്ടിപ്പിടിച്ചുകൊണ്ടിരുന്നാൽ പാർട്ടി ഉണ്ടാകുമോ. അങ്ങനെ കരുതുന്നത് തെറ്റാണ്. പാർട്ടിക്ക് വെളിയിലുള്ളവർക്ക് നമ്മൾ സ്വീകാര്യരാകുന്നില്ലെങ്കിൽ നിയമസഭയിലേക്ക് എങ്ങനെ ജയിക്കും. മാർക്‌സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കാൻ പറ്റുമോ. കണ്ണൂരു പോലുള്ളിടത്ത് അപൂർവമായ മണ്ഡലങ്ങളിൽ അങ്ങനെ ഉണ്ടായേക്കാം. ആലപ്പുഴയിൽ എങ്ങും നടക്കില്ല.

ആശയത്തിനുവേണ്ടി കാത്തിരിക്കുന്ന മറ്റുള്ളവരുടെ മുഖത്ത് ഒരടി കൊടുത്തിട്ട് നീ നിന്റെ പാട്ടിന് പോകാനും ഞങ്ങൾ കുറച്ചുപേർ മാത്രം മതിയെന്നും പറയുന്നത് ശരിയായ ശൈലിയല്ല. കോൺഗ്രസിലും ഒരുപാട് മൂല്യങ്ങളുണ്ട്. അതുകൊണ്ടാണ് കമ്യൂണിസ്റ്റുകാരുമായി ചേർന്ന് മുന്നണിയുണ്ടാക്കിയതെന്നും ജി.സുധാകരൻ പറഞ്ഞു

പഴയത് ആളുകൾക്ക് ഓർമ്മയുണ്ട്

'പഴയ കാര്യങ്ങളൊന്നും പറയരുതെന്ന് ഒരു എം.എൽ.എ പറഞ്ഞു. പഴയകാര്യങ്ങൾ പറഞ്ഞില്ലെങ്കിലും ആൾക്കാർക്ക് ഓർമയുണ്ടല്ലോ. പഴയത് കേൾക്കുന്നത് പഴയതുപോലെ ജീവിക്കാനല്ല. എങ്ങനെയാണ് ഈ കാണുന്നതെല്ലാം രൂപപ്പെട്ടതെന്ന് അറിയാൻ വേണ്ടിയാണ് ' ജി.സുധാകരൻ പറഞ്ഞു.

സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രതിസന്ധി നേരിട്ടപ്പോൾ ഇടതുപക്ഷ സഹയാത്രികരായ എഴുത്തുകാർ എസ്.പി.സി.എസിൽ പ്രസിദ്ധികരിക്കാതെ മലബാറിലെ സ്വകാര്യ പ്രസാധകർക്ക് പുസ്തകം നൽകി. ഇടതുപക്ഷം ഭരിക്കുമ്പോഴാണ് ഇവർ ഇങ്ങനെ ചെയ്തതെന്നും ജി.സുധാകരൻ പറഞ്ഞു. എസ്.പി.സി.എസ് പ്രസിഡന്റ് അഡ്വ. പി.കെ.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: G SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA