SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

ഗ്യാസില്ല,​ ജ്യൂസാണ് താരം

juioce

തിരുവനന്തപുരം: ഉച്ചവെയിലിൽ പൊള്ളുകയാണ് കേരളം. നന്നാറി സർബത്തും ബത്തക്ക ജ്യൂസും കുടിച്ച് ക്ഷീണമകറ്റുകയാണ് മലയാളി. ഫ്രൂട്ട് സ്റ്റാളുകളിലും ജ്യൂസ് ഷോപ്പുകളിലും തിരക്കാണ്. പാചക വാതക ക്ഷാമം കാരണം തട്ടുകടകൾ വരെ പൂട്ടിയതിനാൽ ചായ കിട്ടാനില്ല. ജ്യൂസിനെ ആശ്രയിക്കുകയാണ് ജനങ്ങൾ. ഇതോടെ വില തോന്നുംപടിയായി.

കൂടുതൽ ഡിമാന്റ് ഷേക്കിനും ഷാർജയ്ക്കുമാണ്. 50 രൂപ മുതലാണ് വില. മാങ്കോ, ആപ്പിൾ, പപ്പായ, കരിക്ക് തുടങ്ങിയ ഷേക്കുകൾ വില്പനയ്‌ക്കുണ്ട്. അവൽ മിൽക്കാണ് മറ്റൊരു താരം . 40 രൂപ മുതൽ 70 രൂപ വരെയാണ് വില. ഫ്രൂട്ട് സർബത്തിന് 40 രൂപ മുതൽ വിലയുണ്ട്.
കാരറ്റ് , ബീറ്റ് റൂട്ട്, നെല്ലിക്ക, പാവയ്ക്ക, വെള്ളരി, മിക്സഡ് വെജിറ്റബിൾ ജ്യൂസുകൾക്കും വൻ ഡിമാന്റാണ്. കണ്ണൂർ കോക്ക്ടെയിലിന്‌ 80 രൂപ മുതൽ വിലയുണ്ട്. കരിക്കിനാകട്ടെ 50 രൂപ മുതലാണ് വില.

ആപ്പിൾ വില കൂടി

പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങിയതോടെ വിമാനസർവീസുകളുടെ കുറവ് കാരണം ആപ്പിൾ വരവ് കുറഞ്ഞു. ഇതോടെ വിലയും കൂടി. പ്രധാനമായും യു.എസ് .എ, ഇറാൻ, പോളണ്ട്, ഇറ്റലി, തുർക്കി എന്നിവിടങ്ങളിൽ നിന്നാണ് ആപ്പിൾ എത്തുന്നത്. ഒന്നാം ക്വാളിറ്റി ആപ്പിളിന് 360 രൂപ വരെ വിലയുണ്ട്. ഇന്ത്യൻ ആപ്പിൾ കിട്ടാനില്ല.
കുരുവില്ലാത്ത കറുത്ത മുന്തിരിക്ക് 200 രൂപയാണ്. പച്ച മുന്തിരിക്കാവട്ടെ 140-160 വരെ നൽകണം. മാതളത്തിന് 200-240 വരെയാണ് വില. കയറ്റുമതി നിലച്ചതിനാൽ കേരളത്തിലെ പൈനാപ്പിൾ സുലഭമാണ്. കിലോയ്‌ക്ക് 65 രൂപ വരെ വിലയുണ്ടായിരുന്ന പൈനാപ്പിൾ 25 -50 രൂപയ്ക്കാണ് വിൽക്കുന്നത്.

തണ്ണിമത്തൻ വരവ് കുറഞ്ഞു

റോഡരികിൽ കൂട്ടിയിട്ട് വില്പന നടത്തിയിരുന്ന തണ്ണിമത്തനും കുറവാണ്. സീസൺ കഴിയാറായതാണ് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. മാത്രമല്ല, ഉത്തരേന്ത്യയിൽ ചൂട് കൂടിയതോടെ കൂടുതലും അവിടേക്ക് കൊണ്ടുപോകുകയാണ്. സാധാരണ തണ്ണിമത്തന് 17 മുതൽ 20 രൂപ വരെയാണ് വില.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA