SignIn
Kerala Kaumudi Online
Friday, 15 May 2026 10.46 PM IST

കേരളകൗമുദി​ എന്നും പ്രചോദനം

aa

കൊച്ചി​: കേരളകൗമുദി​ പത്രം, വിശേഷിച്ച് കേരളകൗമുദിയുടെ എഡിറ്റോറിയലുകൾ വായിച്ച് വളർന്ന നേതാവാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ രാഷ്ട്രീയ നിലപാടുകൾ രൂപപ്പെടുത്തിയതിൽ കേരളകൗമുദി എഡിറ്റോറിയലുകൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പലവട്ടം പറഞ്ഞിട്ടുണ്ട്.

എറണാകുളം അരൂർ- ഇടപ്പള്ളി ബൈപ്പാസിന് സമീപത്തെ നെട്ടൂർ ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ വടശേരി തറവാട്. വനംവകുപ്പ് ഡിപ്പോ ഓഫീസറായിരുന്ന അച്ഛൻ ദാമോദര മേനോൻ വീട്ടിൽ വരുത്തിയിരുന്നത് കേരളകൗമുദിയാണ്. അക്കാലത്ത് തിരുവനന്തപുരത്ത് നിന്നെത്തുന്ന പത്രം ഉച്ചയോടെയാണ് ഏജന്റ് വീട്ടിൽ കൊണ്ടുവരിക. ആദ്യം വായിക്കുന്നത് മക്കളാണ്. അച്ഛനും മക്കളും വാർത്തകളെയും എഡിറ്റോറിയലുകളെയും കുറിച്ച് ചർച്ചകൾ നടത്തുന്നതും പതിവായിരുന്നു.

നെട്ടൂരിൽ കേരളകൗമുദി താത്പര്യപൂർവം വരുത്തുന്ന വീടുകളിലൊന്നായിരുന്നു സതീശന്റേത്. ഏജന്റ് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ തിരുവനന്തപുരത്തെ വാർത്തകളും നിയമസഭയിലെ ചർച്ചകളും കൗമുദിയിൽ മാത്രമേയുള്ളൂ എന്നായിരുന്നു പിതാവ് ദാമോദര മേനോന്റെ നിലപാടെന്ന് സതീശന്റെ അനുജൻ അജയകുമാർ പറഞ്ഞു. സതീശന് ചെറുപ്പത്തിലേ തന്നെ നിയമസഭാ റിപ്പോർട്ടുകൾ വള്ളിപുള്ളി വി‌ടാതെ വായിക്കുന്ന ശീലമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പറവൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടശേഷം നിയമസഭാ ലൈബ്രറിയിലെ കേരളകൗമുദി ശേഖരം പരിശോധിക്കുന്നതും പതിവായിരുന്നു. പരന്ന വായനാശീലവും വിപുലമായ പുസ്തക ശേഖരവുമുള്ള സതീശൻ കേരളകൗമുദിയെക്കുറിച്ചും പത്രാധിപർ കെ. സുകുമാരനെക്കുറിച്ചും കേരളകൗമുദിയുടെ പ്രസിദ്ധമായ എഡിറ്റോറിയലുകളെക്കുറിച്ചും പലപ്പോഴും വേദികളിൽ വാചാലനാകാറുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA