SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.28 AM IST

'രഹസ്യ സ്വഭാവമുള്ളതിനാൽ ഹിയറിംഗ് ലൈവ് സ്‌ട്രീം ചെയ്യാനാകില്ല'; എൻ പ്രശാന്തിന്റെ ആവശ്യം തള്ളി സർക്കാർ

READ ENGLISH VERSION
n-prasanth

തിരുവനന്തപുരം: ഹിയറിംഗ് ലൈവ് സ്‌ട്രീം ചെയ്യണമെന്ന എൻ പ്രശാന്ത് ഐഎഎസിന്റെ ആവശ്യം തള്ളി സർക്കാർ. അച്ചടക്ക നടപടിയുടെ ഭാഗമായതിനാൽ ഹിയറിംഗിന് രഹസ്യ സ്വഭാവമുണ്ടെന്നാണ് സർക്കാർ പറയുന്നത്. ഹിയറിംഗ് ലൈവ് സ്‌ട്രീമിംഗും റെക്കോർഡിംഗും നടത്തണമെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവർത്തകനെയും നവമാദ്ധ്യമങ്ങൾ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സസ്‌പെൻഷനിലായ എൻ പ്രശാന്തിന്റെ ആവശ്യം. ഈ മാസം 16നാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പ്രശാന്തിന് ഹിയറിംഗ് നോട്ടീസ് നൽകിയിരിക്കുന്നത്.

പ്രശാന്തിനെതിരെ വകുപ്പുതല നടപടിക്ക് മുന്നോടിയായി വകുപ്പ് തല അന്വേഷണത്തിന് സർക്കാർ ആലോചിക്കുമ്പോഴാണ് ഹിയറിംഗ് ആവശ്യപ്പെട്ടത്. വ്യക്തിപരമായ ഹിയറിംഗ് ലൈവ് സ്‌ട്രീമിംഗ് ആവശ്യപ്പെടുന്നത് അസാധാരണ നടപടിയാണെന്നാണ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഐഎഎസ് സർവീസ് ചട്ടത്തിൽ ഇത്തരം കാര്യങ്ങൾ പറയുന്നില്ല. തെളിവ് എന്ന നിലയിൽ വീഡിയോ റെക്കോർഡിംഗ് ആവശ്യമെങ്കിലും ലൈവ് സ്‌ട്രീമിംഗ് അസാധാരണമാണെന്നും മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, പൊതുതാൽപ്പര്യം പരിഗണിച്ചാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടതെന്നാണ് പ്രശാന്തിന്റെ ന്യായീകരണം. നോട്ടീസിന് മറുപടിയായി തന്നെ കേൾക്കാൻ തയ്യാറാകണമെന്നാവശ്യപ്പെട്ട് പ്രശാന്ത് നിരവധി കത്തുകൾ ചീഫ് സെക്രട്ടറിക്ക് നൽകിയിരുന്നു. എന്നാൽ, ഇതെല്ലാം തിരിച്ച് വിശദീകരണം ചോദിക്കലാണെന്നും മറുപടിയായി കണക്കാക്കാനാകില്ലെന്നുമാണ് സർക്കാർ നിലപാട്.

കുറ്റം ചെയ്‌തോ ഇല്ലയോ എന്നാണ് പ്രശാന്ത് വ്യക്തമാക്കേണ്ടതെന്നും സർക്കാർ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അടുത്തയാഴ്‌ച ഹിയറിംഗ് നടത്തുന്നത്. സസ്‌പെൻഷനെച്ചൊല്ലി ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ പരസ്യമായി വാക്‌പോര് തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാകുന്നത്. കഴിഞ്ഞ നവംബറിലാണ് എൻ പ്രശാന്തിനെ സസ്‌പെൻഡ് ചെയ്‌തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: N PRASANTH, LIVE STREAMING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA