
തിരുവനന്തപുരം: ഇൻസ്പെക്ടർമാർ എസ്.എച്ച്.ഒമാരായ നിലവിലെ സംവിധാനം 63 വലിയ പൊലീസ് സ്റ്രേഷനുകളിൽ മാത്രം തുടരാനും മുൻപുണ്ടായിരുന്ന സർക്കിൾ സംവിധാനം തിരികെ കൊണ്ടുവരാനും പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ സർക്കാരിന് ശുപാർശ നൽകി. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.
210 പൊലീസ് സർക്കിളുകൾ രൂപീകരിക്കാനും ശുപാർശയുണ്ട്. ഇതോടെ മൂന്ന് സ്റ്റേഷനുകൾക്ക് വീതം സി.ഐയുടെ മേൽനോട്ടം ഉറപ്പാവും. ക്രമസമാധാന ചുമതലയിൽ നിന്നൊഴിവാക്കുന്ന 206 ഇൻസ്പെക്ടർമാരെ മറ്റ് മേഖലകളിലേക്ക് മാറ്റും.
പോക്സോ, സംഘടിത ആക്രമണ കേസുകൾ അന്വേഷിക്കേണ്ടത് ഇൻസ്പെക്ടർമാരാണ്. എസ്.ഐമാർക്ക് ചുമതല കൈമാറുന്ന സ്റ്റേഷനുകളിലെ ഗുരുതര കുറ്റകൃത്യങ്ങൾ ഡിവൈ.എസ്.പിമാരോ ജില്ലാ ക്രൈംബ്രാഞ്ചിലെ ഇൻസ്പെക്ടർമാരോ അന്വേഷിക്കും. സ്റ്റേഷൻ ചുമതല എസ്.ഐമാരിൽ നിന്ന് മാറ്റി സി.ഐമാർക്ക് നൽകിയത് പൊലീസിംഗിനെ പ്രതികൂലമായി ബാധിച്ചെന്ന വിലയിരുത്തലിനെ തുടർന്നാണ് പഠനത്തിന് സമിതിയെ നിയോഗിച്ചത്.
പത്തുവർഷം വരെ എസ്.ഐയായിരുന്ന ശേഷം ഇൻസ്പെക്ടറായവർ സ്റ്റേഷനിൽ എസ്.ഐയുടെ ജോലിയാണ് ചെയ്യുന്നത്. സ്റ്റേഷൻ ഭരണം നഷ്ടമായതോടെ എസ്.ഐമാർ ഉശിരുകാട്ടുന്നുമില്ല. ഇതെല്ലാം പരിഗണിച്ചാണ് സ്റ്റേഷൻ ചുമതല എസ്.ഐമാർക്ക് തിരികെ നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |