SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.01 AM IST

ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ പാഞ്ഞുകയറി: വിദ്യാർത്ഥിയടക്കം മൂന്നു പേർക്ക് ദാരുണാന്ത്യം

parthip

കൊല്ലം: നിയന്ത്രണംവിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. നീലേശ്വരം പ്രീതാഭവനിൽ പ്രദീപ് കുമാർ - ദിവ്യാമോൾ ദമ്പതികളുടെ മകൻ പാർത്ഥിപ് പ്രദീപ് (15), കൊട്ടാരക്കരയിൽ പാരലൽ കോളേജ് അദ്ധ്യാപകനായ കുടവട്ടൂർ ലക്ഷ്മി കോട്ടേജിൽ ഹരിലാൽ (54), പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ മെക്കാനിക്കായ നീലേശ്വരം അനഘ ഭവനിൽ അജയകുമാർ (45) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. പാർത്ഥിപ് തൃക്കണ്ണമംഗൽ കാർമ്മൽ റസിഡൻഷ്യൽ സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയാണ്. അഞ്ചുപേർ പരിക്കേറ്റു.

ടിപ്പർ ലോറി ഡ്രൈവർ ചവറ കൂട്ടിക്കൽ നിസാം (40), ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികളായ റിഷഫ് (15), കൗശിക് (15), നവനീത് കൃഷ്ണൻ (13), ജിഹിമോൾ (15) എന്നിവർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കൗശികിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റിഷഫും നിസാമും കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പരിക്കേറ്റ മറ്റുള്ളവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടു. ടിപ്പർ അമിത വേഗത്തിലായിരുന്നു.

ഇന്നലെ രാവിലെ 7.17ന് നീലേശ്വരം മുക്കോണിമുക്കിലായിരുന്നു അപകടം. കൊട്ടാരക്കര-അമ്പലത്തുംകാല റോഡിൽ കടയക്കോട് നിന്നുള്ള ഇറക്കമുള്ള റോഡ് ചേരുന്ന ജംഗ്ഷനാണ് മുക്കോണിമുക്ക്. കടയക്കോട് നിന്ന് ബുള്ളറ്റിലെത്തിയ ഹരിലാൽ കൊട്ടാരക്കരയിലേക്ക് പോകുന്നതിന് വലത്തേക്ക് തിരിയാൻ കാത്തുനിൽക്കുകയായിരുന്നു. അതിനിടെ പിന്നാലെ മണ്ണുമായി ടിപ്പർ ബുള്ളറ്റിലിടിച്ചു. തുടർന്ന് ബസ് കാത്തുനിന്ന കടയുടെ വരാന്തയിലും സമീപത്തെ മതിലിലുമിടിച്ച് മറിഞ്ഞു. ഹരിലാലും ബസ് കാത്തുനിന്നവരിൽ ഏഴ് പേരും ടിപ്പറിൽ നിന്ന് വീണ മണ്ണിനടിയിലായി. അതിന് മുകളിലേക്ക് പാറകൊണ്ടുള്ള മതിലും തകർന്നുവീണു.

പിന്നാലെ വന്ന സ്വകാര്യ ബസിലെ ജീവനക്കാരും യാത്രക്കാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. തുടർന്ന് ഫയർഫോഴ്സും പൊലീസുമെത്തി. ജെ.സി.ബി എത്തിയാണ് അപകത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ഹരിലാലിന്റെ ഭാര്യ: ദീപ. മക്കൾ: ബിലഹരി, ശ്രീഹരി. അജയകുമാറിന്റെ ഭാര്യ: ബിന്ദു. മക്കൾ: അനഘ, ആവണി. പാർത്ഥിപിന്റെ സഹോദരി: പാർവണ.

 ടിപ്പർ ഡ്രൈവർക്ക് ഹെവി ലൈസൻസില്ല

മീഡിയം ടൈപ്പ് സ്വരാജ് മസ്ത ടിപ്പറാണ് അപകടമുണ്ടാക്കിയത്. ടിപ്പർ ഡ്രൈവർ നിസാമിന് ഹെവി ലൈസൻസ് ഇല്ല. ഒരുമാസം മുമ്പ് വരെ വിദേശത്തായിരുന്നു. നിസാമിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കൊട്ടാരക്കര പൊലീസ് കേസെടുത്തു. ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും ലോറിയുടെ പെർമിറ്റ് റദ്ദാക്കുമെന്നും എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ എ.കെ. ദിലു അറിയിച്ചു. അപകടമുണ്ടാക്കിയ വാഹനത്തിന് മണ്ണ് കൊണ്ടുപോകാനുള്ള പാസില്ലെന്നാണ് വിവരം. ജി.പി.എസ് സംവിധാനം ഓഫാക്കിയിരുന്നു. കരുനാഗപ്പള്ളി സ്വദേശിയുടെ ടിപ്പറിന് 17 വർഷം പഴക്കമുണ്ട്. ഏപ്രിലിലാണ് കരുനാഗപ്പള്ളി ജോയിന്റ് ആർ.ടി ഓഫീസ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കി നൽകിയത്. മുൻപും നിയമലംഘനങ്ങൾക്ക് വാഹനം പിടിച്ചെടുത്തിട്ടുണ്ട്. ശരിയായ രീതിയിലാണോ ഫിറ്റ്നസ് അനുവദിച്ചതെന്ന് പരിശോധിക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA