SignIn
Kerala Kaumudi Online
Friday, 14 August 2026 10.07 AM IST

45 മിനിറ്റില്‍ പെയ്തത് 77.5 മില്ലിമീറ്റര്‍ മഴ; കനത്ത ഇടിമിന്നലിന് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

READ ENGLISH VERSION
rain

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ പെയ്ത കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. 45 മിനിറ്റിനുള്ളില്‍ 77.5 മില്ലിമീറ്റര്‍ മഴയാണ് തിരുവനന്തപുരം നഗരത്തില്‍ പെയ്തത്. തമ്പാനൂര്‍, ചാല, വഞ്ചിയൂര്‍ എന്നീ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരത്തില്‍ മേഘാവൃതമായ കാലാവസ്ഥയാണ് നിലവിലുള്ളതെന്നും കനത്ത ഇടിമിന്നലിന് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ ഗവേഷണ കേന്ദ്രം അറിയിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

വഞ്ചിയൂര്‍ ജംഗ്ഷന്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ പൊലീസ് സ്റ്റേഷനിലും കോടതിയിലും വെള്ളം കയറി. ഒരു മണിക്കൂറിനടുത്ത് നിര്‍ത്താതെ പെയ്തപ്പോഴാണ് വന്‍ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇരുചക്രവാഹനങ്ങളിലേത് ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കനത്ത മഴയില്‍ വലഞ്ഞു. നഗരത്തില്‍ ഓടകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകാത്തതിനാല്‍ തന്നെ വെള്ളം ഒഴുകി പോകാന്‍ പ്രയാസമാണ്. നഗരത്തില്‍ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ഇത്ര വലിയ മഴ പെയ്യുമെന്ന് പ്രവചിച്ചിരുന്നില്ല.

ഇടിമിന്നലും മോശം കാലാവസ്ഥയും കാരണം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴി തിരിച്ചു വിട്ടത്. മുംബയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യും.ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മറ്റൊരു വിമാനം കൊച്ചിയിലാണ് ഇറങ്ങുക.

അതേസമയം, അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാദ്ധ്യതയുണ്ട്. എന്നാല്‍, ഒരു ജില്ലകളിലും പ്രത്യേക അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് കേരളത്തിലെ 14 ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. മഴയ്ക്കൊപ്പം 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാദ്ധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പരക്കെ വേനല്‍ മഴ ലഭിച്ചിരുന്നു.

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം


ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA