SignIn
Kerala Kaumudi Online
Friday, 18 September 2026 10.20 PM IST

കാലിക്കറ്റ് നിയമനം സംവരണം അട്ടിമറിച്ചെന്ന് ഹൈക്കോടതി

high-courtr

സർവകലാശാലയിലെ അദ്ധ്യാപക നിയമനം തിരുത്താനും ഉത്തരവ്

കൊച്ചി: കാലിക്കറ്റ് സർവകലാശാലയിലെ അദ്ധ്യാപക നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നടപ്പാക്കാൻ റൊട്ടേഷനിൽ പുതിയ ടേണുകൾ സൃഷ്ടിച്ചതിലൂടെ സമുദായ സംവരണക്രമം തെറ്റിച്ചെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് തിരുത്താനും ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.

കാലിക്കറ്റ് സർവകലാശാലയിലെ ജേർണലിസം ഡിപ്പാർട്ട്‌മെന്റിലേക്കുള്ള അസി. പ്രൊഫസർ നിയമനത്തിനുള്ള ലിസ്റ്റിൽ രണ്ടാംറാങ്കുണ്ടായിട്ടും നിയമനം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി ഡോ. കെ.പി. അനുപമ നൽകിയ അപ്പീലിലാണ് വിധി. സർവകലാശാല നിയമനങ്ങളിൽ നിലവിലുള്ള സമുദായ സംവരണക്രമം (റൊട്ടേഷൻ) തെറ്റിച്ചതിനാലാണ് ഹർജിക്കാരിക്ക് നിയമനം നഷ്ടമായതെന്ന് വിലയിരുത്തിയ ഡിവിഷൻബെഞ്ച് ഇവർക്ക് നിയമനം നൽകാനും ഉത്തരവിട്ടു.

63 അസി. പ്രൊഫസർ ഒഴിവുകളിൽ നിയമനത്തിനാണ് വിജ്ഞാപനമിറക്കിയത്. ഇതിൽ രണ്ട് ഒഴിവുകൾ ജേർണലിസം ഡിപ്പാർട്ട്‌മെന്റിലായിരുന്നു. ആദ്യ ഒഴിവിലേക്ക് ഒന്നാംറാങ്കുള്ള വ്യക്തിയെ നിയമിച്ചു. റൊട്ടേഷൻ അനുസരിച്ച് ഈഴവ സമുദായത്തിനാണ് രണ്ടാമത്തെ ഒഴിവ് ലഭിക്കേണ്ടിയിരുന്നത്. രണ്ടാംറാങ്കിനുപുറമേ ഈനിലയ്ക്കും അർഹത ഉണ്ടായിരുന്നു. എന്നിട്ടും നിയമനം ലഭിച്ചില്ലെന്ന് അനുപമ വാദിച്ചു. വിജ്ഞാപനംചെയ്ത ഒഴിവുകളിലെ ഒൻപതു സീറ്റുകൾക്ക് ഈഴവ സമുദായത്തിന് അർഹതയുണ്ടെങ്കിലും ടേണിൽ മാറ്റം വരുത്തിയതോടെ ഒരു സീറ്റ് നഷ്ടമായി.

സർവകലാശാല വാദം നിയമവിരുദ്ധം

ഭിന്നശേഷിക്കാർക്ക് സംവരണം നൽകാൻ റൊട്ടേഷനിൽ മാറ്റംവരുത്തിയെന്നും ഹർജിക്കാരി അവകാശമുന്നയിച്ച ടേണിൽ ഭിന്നശേഷി വിഭാഗത്തിൽനിന്നുള്ള വ്യക്തിക്കാണ് നിയമനത്തിന് അർഹതയെന്നും സർവകലാശാല മറു വാദമുന്നയിച്ചു. ഭിന്നശേഷി വിഭാഗത്തിൽനിന്ന് അപേക്ഷകർ ഇല്ലാതിരുന്നതിനാൽ നിയമനം നടത്തിയതുമില്ല. തുടർന്നാണ് സർവകലാശാല പുതിയ ടേണുകൾ സൃഷ്ടിച്ചത്. കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് ചട്ടങ്ങളുടെ ലംഘനമാണിതെന്നും ഭിന്നശേഷിക്കാർക്ക് സംവരണം നൽകാൻ നിലവിലെ സമുദായ സംവരണക്രമത്തിൽ മാറ്റംവരുത്തിയത് നിയമപരമല്ലെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി. ഇന്ദിരാ സാഹ്‌നി കേസിലടക്കം ഭിന്നശേഷി സംവരണത്തിന് പിന്തുടരേണ്ട രീതി സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് റൊട്ടേഷൻ ചാർട്ട് ക്രമപ്പെടുത്താനും നിലവിൽ നിയമനം ലഭിച്ചവരെ ഭാവിയിലെ ഒഴിവുകളിൽ പരിഗണിക്കാനാവുന്ന വിധത്തിൽ നിലനിറുത്താനാവുമെന്നും ഹൈക്കോടതി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROTATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA