
കൊച്ചി: കോറോ ഹെൽത്തിന് പിന്നാലെ, കൊച്ചി കളമശേരി ആസ്ഥാനമായ ഐ.ടി കമ്പനിയും ജീവനക്കാരെ പിരിച്ചുവിട്ട് പ്രവർത്തനം അവസാനിപ്പിച്ചു. 19 ഉപകമ്പനികളിലായി ജോലി ചെയ്തിരുന്ന 300 പേരെയാണ് പിരിച്ചുവിട്ടത്. അതേസമയം ഭൂരിഭാഗം ജീവനക്കാർക്കും ആറ് മുതൽ 11മാസത്തെ ശമ്പള കുടിശികയും നഷ്ടപരിഹാരവും ലഭിക്കാനുണ്ട്. എ.ഐ കാരണമാണ് പൂട്ടുന്നതെന്ന വാദം മാനേജ്‌മെന്റ് ആദ്യം മുന്നോട്ടുവച്ചെന്നും ഉടമകൾ മറ്റ് സംസ്ഥാനങ്ങളിൽ പുതിയ നിക്ഷേപവുമായി മുന്നോട്ടുപോവുകയാണെന്നുമാണ് ജീവനക്കാർ പറയുന്നത്. പശ്ചിമേഷ്യൻ യുദ്ധസാഹചര്യം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളം നൽകാൻ കഴിയാത്തതിന് പിന്നിലെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. രണ്ടു മാസം മുമ്പ് ജീവനക്കാർക്ക് നോട്ടീസ് നൽകിയിരുന്നെന്നും ആനുകൂല്യങ്ങൾ പൂർണമായും നൽകുമെന്നും മാനേജ്മെന്റ് പ്രതിനിധികൾ വ്യക്തമാക്കി. കോളേജുകളിൽ 'ക്യാമ്പസ് ഇന്നോവേഷൻ ഹബ്ബുകൾ" സ്ഥാപിച്ചാണ് കമ്പനി ശ്രദ്ധേയമായത്. വിവിധ ഐ.ടി സേവനങ്ങൾ നൽകുന്ന കമ്പനിയുടെ ഉടമ തിരുവനന്തപുരം സ്വദേശിയാണ്. അതേസമയം വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ജീവനക്കാർ തൊഴിൽമന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് നിവേദനം നൽകി.
കാലാനുസൃത മാറ്റമെന്ന് കമ്പനി
250 കോടി മൂല്യമുള്ള ഇക്കോസിസ്റ്റം പൂർണമായും നിറുത്തിവയ്‌ക്കുകയാണ്. കഴിഞ്ഞ പതിറ്റാണ്ടിലെ വളർച്ചയ്‌ക്ക് സഹായിച്ച ഘടനയല്ല വരുംകാലത്തേക്ക് ആവശ്യമെന്ന് വിലയിരുത്തിയാണ് തീരുമാനമെന്ന് കമ്പനി സാമൂഹ്യമാദ്ധ്യമ കുറിപ്പിൽ അറിയിച്ചു. ആഗോളതലത്തിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കമ്മ്യൂണിറ്റി അധിഷ്ഠിത മാതൃകയിൽ നിന്ന് സ്ഥാപനാധിഷ്ഠിത സംവിധാനത്തിലേക്ക് മാറുകയാണ്. ഒക്ടോബറിനകം ജീവനക്കാരുടെയും നിക്ഷേപകരുടെയും പണം നഷ്ടപരിഹാരത്തോടെ തിരിച്ചുനൽകുമെന്നും സി.ഇ.ഒ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |