SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.34 AM IST

കണ്ണൂർ വിസി പുനർനിയമനം  സുപ്രീം   കോടതി  റദ്ദാക്കി, സർക്കാരിനും ഗവർണർക്കും രൂക്ഷ വിമർശനം

READ ENGLISH VERSION

kannur-vc-

ന്യൂഡൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായുള്ള ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കി. പുനർനിയമനം ചോദ്യം ചെയ്ത ഹർജികളിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. വിധി സർക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നു എന്നാണ് വിധി പ്രസ്താവനയിൽ കോടതി പറഞ്ഞത്.

ഗവർണറെയും സംസ്ഥാന സർക്കാരിനെയും വിധിയിൽ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. വൈസ് ചാൻസലറെ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും സംസ്ഥാന സർക്കാരിന്റെ ഇടപെടലാണ് പുനർനിയമനം അട്ടിമറിച്ചതെന്നും വിമർശിച്ച സുപ്രീംകോടതി ഗവർണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും കുറ്റപ്പെടുത്തി. ചാൻസലർ തന്റെ അധികാരം അടിയറവച്ചെന്നാണ് കോടതി നിരീക്ഷിച്ചത്.

സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാഡമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. അറുപത് കഴിഞ്ഞവർക്ക് എങ്ങനെ പുനർനിയമനം നൽകുമെന്ന് വാദം കേൾക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു.പുനർനിയമനത്തിന് പ്രായം അടക്കം മാനദണ്ഡങ്ങൾ ബാധകമല്ലെന്നായിരുന്നു അന്ന് സർക്കാർ മറുപടി നൽകിയത്.

കണ്ണൂർ വി സിയുടെ ആദ്യനിയമനം തന്നെ യു ജി സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഹർജിക്കാർ നേരത്തെ വാദിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുനർനിയമനവും നിലനിൽക്കില്ലെന്നാണ് ഹർജിക്കാർ ഉന്നയിച്ചിരുന്നത്. എന്നാൽ യു ജി സി ചട്ടങ്ങള്‍ പാലിച്ചാണ് തനിക്ക് പുനർനിയമനം നല്‍കിയതെന്നാണ് സത്യവാങ്മൂലത്തില്‍ ഡോ ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കിയിരിക്കുന്നത്.പ്രായപരിധി പുനർനിയമനത്തിന് ബാധകമല്ലെന്നും ഒരു തവണ വിസിയായതിനാൽ തനിക്ക് പുനർനിയമനത്തിന് യോഗ്യതയുണ്ടെന്നും ഡോ. ഗോപിനാഥ് രവീന്ദ്രൻ സത്യവാങ്മൂലത്തിൽ വിശദീകരിച്ചിരുന്നു.

60 വയസ് കഴിഞ്ഞ ഡോ. ഗോപിനാഥ് രവീന്ദ്രന് സർക്കാര്‍ പുന‍ര്‍നിയമനം നൽകിയതിനെതിരെ കനത്ത പ്രതിഷേധമായിരുന്നു ഉയ‍ര്‍ന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ച് ഗവർണർ ഡോ. ഗോപിനാഥ് രവീന്ദ്രന് നാലു വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കുകയായിരുന്നു. ഇതിനെതിരെ ഡോ.പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി.ജോസ് എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.എന്നാൽ പുനര്‍നിയമനം ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പുനര്‍നിയമനത്തിന് മന്ത്രി ബിന്ദു രണ്ട് കത്തുനൽകിയിട്ടുണ്ടെന്ന് ഗവർണർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, KANNUR VC, GOPINAD RAVENDRAN, SUPREME COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA